എ.ടി.എം കവർച്ചക്ക് ഹരിയാന സംഘങ്ങൾ; സുരക്ഷയൊരുക്കാൻ പൊലീസ്
text_fieldsകണ്ണൂർ: കേരളത്തിലെ എ.ടി.എമ്മുകൾ ലക്ഷ്യമിട്ട് ഹരിയാനയിൽ നിന്നുള്ള കവർച്ച സംഘങ്ങൾ എത്തുന്നത് ആശങ്കക്കിടയാക്കുന്നു. മതിയായ സുരക്ഷയും കാവലും ഇല്ലാത്തതിനാലാണ് കേരളത്തിലെ എ.ടി.എമ്മുകളിൽ കവർച്ച നടത്താൻ തീരുമാനിച്ചതെന്ന പ്രതികളുടെ വെളിപ്പെടുത്തൽ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.
ധനകാര്യ സ്ഥാപനങ്ങൾക്കും എ.ടി.എമ്മുകൾക്കും സുരക്ഷയൊരുക്കാനുള്ള നടപടി പൊലീസ് സ്വീകരിച്ചുവരുകയാണ്. കല്യാശ്ശേരിയിൽ എ.ടി.എം തകർത്ത് 25 ലക്ഷത്തോളം കവർന്ന കേസിൽ പിടിയിലായത് ഹരിയാന സ്വദേശികളാണ്. എ.ടി.എം കവർച്ചയിൽ വിദഗ്ധ പരിശീലനം ലഭിച്ചവരാണ് കവർച്ചക്കായി എത്തുന്നതെന്ന് കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ പറഞ്ഞു. കവർച്ചയുടെ വിവിധ മേഖലകളിൽ പരിശീലനം ലഭിച്ചവരാണ് ഹരിയാന സംഘത്തിലുള്ളത്.
കവർച്ചക്കായി ഡമ്മി എ.ടി.എം യന്ത്രങ്ങളിൽ അടക്കം മോഷ്ടാക്കൾ പരിശീലനം നടത്തിയിരുന്നു. കേരളത്തിലേക്ക് സാധനങ്ങളുമായെത്തുന്ന കണ്ടെയ്നർ വാഹനങ്ങളിലാണ് മോഷ്ടാക്കൾ എത്തുന്നത്. സംഭവത്തിൽ പിടിയിലായ ഹരിയാനയിലെ മേവാത്ത് സ്വദേശി നോമാൻ ചെരിപ്പുകൾ അടക്കമുള്ള സാധനങ്ങളുമായി എത്തിയ കണ്ടെയ്നർ ട്രക്ക് ഡ്രൈവറാണ്.
ചരക്കുമായി കണ്ണൂരിലെത്തിയ ഇയാൾ എ.ടി.എമ്മുകൾ നിരീക്ഷിച്ച് വിവരം സംഘാംഗങ്ങളായ സോജദിനും മുവീനും കൈമാറുകയായിരുന്നു. ബൊലേറൊ വാഹനത്തിലും ട്രക്കിലുമെത്തിയ സംഘമാണ് കവർച്ച നടത്തിയത്. 10 മുതൽ 15 മിനിറ്റു മാത്രമാണ് കവർച്ചക്കായി എടുത്തത്.
ആൾപെരുമാറ്റമില്ലെന്ന് ഉറപ്പുവരുത്തിയ മോഷ്ടാക്കൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് വിദഗ്ധമായാണ് എ.ടി.എം തകർത്തത്. സി.സി.ടി.വി കാമറകൾ തകരാറിലാക്കാനും ഗ്യാസ് കട്ടിങ്ങിനും കൃത്യം ചെയ്ത ശേഷം ആരുടെയും കണ്ണിൽപെടാതെ വേഗത്തിൽ വാഹനമോടിച്ചുപോകാനും പരിശീലനം ലഭിച്ചവരാണ് കേരളത്തിലെത്തുന്നത്.
നേരത്തെ തയാറാക്കിയ പദ്ധതി പ്രകാരം മിനിറ്റുകളുടെ വ്യത്യാസത്തിലാണ് വിവിധയിടങ്ങളിൽ കവർച്ച നടത്തുന്നത്. രാത്രിയിൽ വിജനമായ എ.ടി.എമ്മുകൾ കണ്ടെത്തി നിരീക്ഷിച്ചാണ് കവർച്ച ആസൂത്രണം ചെയ്യുന്നത്. സ്ഥിരം മോഷ്ടാക്കളെ കുറിച്ചുള്ള വ്യക്തമായ വിവരം ഹരിയാന പൊലീസ് അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. മൽപിടിത്തത്തിനൊടുവിലാണ് എ.സി.പി പി.പി. ബാലകൃഷ്ണെൻറ നേതൃത്വത്തിൽ പൊലീസ് സംഘം മോഷ്ടാക്കളെ പിടികൂടിയത്. ഹരിയാനയിലെ തെളിവെടുപ്പ് പൂർത്തിയാക്കിയാണ് പ്രതികളെ നാട്ടിലെത്തിച്ചത്. മാങ്ങാട് ബസാറിലെ ഇന്ത്യ വൺ, കല്യാശ്ശേരി എസ്.ബി.ഐ, ഇരിണാവിലെ പാപ്പിനിശ്ശേരി സർവിസ് സഹകരണ ബാങ്ക് എ.ടി.എമ്മുകളിലാണ് കവർച്ച നടന്നത്.
കല്യാശ്ശേരി സംഭവത്തെ തുടർന്ന് ജില്ലയിലെ പൊലീസ് സ്റ്റേഷൻ പരിധിയിലെ എ.ടി.എമ്മുകളുടെ സുരക്ഷ ഉറപ്പാക്കാൻ ബാങ്ക് അധികൃതരുടെ യോഗം വിളിച്ചിരുന്നു. സുരക്ഷ അലാറം, കാവൽ തുടങ്ങിയവ ഏർപ്പെടുത്താൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.