ക്രൈസ്തവരെ ബി.ജെ.പിയോട് അടുപ്പിക്കാനുള്ള ദൗത്യം എനിക്കില്ല -ജോർജ് കുര്യൻ
text_fieldsകോട്ടയം: ക്രൈസ്തവരെ ബി.ജെ.പിയോട് അടുപ്പിക്കാനുള്ള ദൗത്യം തനിക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. രാജ്യത്തെ സാധാരണ പ്രവർത്തകർക്കുമുള്ള സന്ദേശമാണ് തന്റെ മന്ത്രിപദവിയെന്നാണ് പാർട്ടി നേതൃത്വം അറിയിച്ചത്. മന്ത്രിയുടെ ജോലി ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതല്ലാതെ ഒരു ചുമതലയും ഏൽപിച്ചിട്ടില്ല. ഏതെങ്കിലും സമുദായത്തിന്റെ പേരിലല്ല മന്ത്രിസ്ഥാനം. ഇത്തരം പ്രചാരണങ്ങൾ ശരിയല്ലെന്നും അദ്ദേഹം കോട്ടയം പ്രസ് ക്ലബിന്റെ ‘മീറ്റ് ദ പ്രസിൽ’ പറഞ്ഞു.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ ഏറ്റവും സുരക്ഷിതരാണ്. അയൽരാജ്യങ്ങളുമായി താരതമ്യം ചെയ്താൽ ഇക്കാര്യം വ്യക്തമാകും. പ്രശ്നങ്ങൾ ഇല്ലെന്ന് പറയാനാകില്ല. എന്നാൽ, പരിഹിക്കാൻ കഴിയുന്നവയാണ് അവയെല്ലാം. ന്യൂനപക്ഷ കമീഷൻ അംഗമായിരിക്കെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും സന്ദർശിച്ച തനിക്ക് ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്.
പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് കേന്ദ്രസംഘം കേരളത്തിലെത്തിയിരുന്നു. ഇവർ വിശദ ചർച്ചകൾ നടത്തി. പക്ഷിപ്പനിക്കുള്ള നഷ്ടപരിഹാരം വൈകാൻ കാരണം കേരളം കൃത്യമായി കണക്ക് സമർപ്പിക്കാത്തതിനാലാണ്. കണക്കുകൾ ശേഖരിക്കാൻ സംസ്ഥാനത്തിനും ബുദ്ധിമുട്ടുകളുണ്ട്. കൃത്യമായ കണക്ക് ലഭിച്ചാൽ പണം വൈകില്ല. പക്ഷിപ്പനിയുടെ ഭാഗമായി കൊന്നൊടുക്കുന്ന എല്ലാ പക്ഷികൾക്കും നഷ്ടപരിഹാരം നൽകും. ചില പക്ഷികൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു. സംസ്ഥാനത്ത് കാക്കകൾ വ്യാപകമായി ചാകുന്നതായി കേന്ദ്രസംഘം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് ശരിയായ സൂചനയല്ലെന്നാണ് ഇവർ വ്യക്തമാക്കുന്നത്. ബി.ജെ.പി കോട്ടയം ജില്ല പ്രസിഡന്റ് ജി. ലിജിൻ ലാലും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.