നിങ്ങൾ സന്തോഷവാനാണോ, അറിയാം എ.ഐയിലൂടെ
text_fieldsപാലക്കാട്: നിത്യജീവിതത്തിൽ പലതരം സമ്മർദങ്ങളിലൂടെ കടന്നുപോകുന്നവരാണ് എല്ലാവരും. ഇതിനിടയിൽ നമ്മൾ എത്ര ശതമാനം സന്തോഷിക്കുന്നുണ്ടെന്നറിയാൻ കഴിഞ്ഞാലോ? നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സഹായത്തോടെ അതിനൊരു സോഫ്റ്റ്വെയർ കണ്ടെത്തിയിരിക്കുകയാണ് പാലക്കാട് സിവിൽ സ്റ്റേഷന് സമീപത്തെ ‘സ്നേഹതീര’ത്തിലെ ഹാഷിർ ചില്ലിടത്ത് (27).
ഏതൊരു കാമറയെയും എ.ഐ കാമറയാക്കി മാറ്റുന്ന സോഫ്റ്റ്വെയറാണ് ഹാഷിർ വികസിപ്പിച്ചിരിക്കുന്നത്. ത്രീഡി വിഡിയോകളും ഓഗ്മെന്റഡ് റിയാലിറ്റി വിഡിയോകളും തയാറാക്കാറുള്ള ഹാഷിർ അധ്യാപകനാണ്. നഗരത്തിലെ സുൽത്താൻപേട്ടയിൽ സ്വന്തമായി ട്യൂഷൻ സെന്റർ നടത്തുന്ന ഹാഷിർ വിദ്യാർഥികളുടെ പഠനം എങ്ങനെ ലളിതമാക്കാം, അവർക്ക് പാഠഭാഗങ്ങൾ എത്രത്തോളം മനസ്സിലായെന്ന് എങ്ങനെ കണ്ടെത്താം തുടങ്ങിയവ അറിയാനായാണ് നിർമിത ബുദ്ധിയുടെ സഹായം തേടിയത്.
ക്ലാസുകളിൽ സ്ഥാപിക്കുന്ന കാമറയിലൂടെയാണ് കുട്ടികളുടെ വികാരങ്ങൾ മനസ്സിലാക്കാൻ സാധിക്കുക. ആവേശം, ശ്രദ്ധ, ചിരി തുടങ്ങിയവയാണ് സന്തോഷത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എത്ര ശതമാനം സന്തോഷം, സങ്കടം, സമ്മർദം എന്നിവയെല്ലാം സോഫ്റ്റ്വെയറിലൂടെ മനസ്സിലാക്കാൻ സാധിക്കും. കൂടാതെ സംശയനിവാരണത്തിനും സ്വയം പഠനം നടത്താനും മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത എ.ഐ ടൂൾസ് കുട്ടികൾ ഉപയോഗിക്കുന്നുണ്ട്. എ.ഐ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് വിദ്യാർഥികളെ പഠിപ്പിച്ചിട്ടുണ്ടെന്നും ഹാഷിർ പറഞ്ഞു. പുതിയ പഠനരീതിയിൽ കുട്ടികളും സന്തുഷ്ടരാണ്.
ഹാജർ എടുക്കാനും എ.ഐ
സ്കൂളുകളിലും കോളജുകളിലും ഓട്ടോമാറ്റിക്കായി ഹാജർ രേഖപ്പെടുത്തുന്ന സംവിധാനവും ഹാഷിർ തയാറാക്കിയിട്ടുണ്ട്. ക്ലാസുകളിൽ സ്ഥാപിച്ച എ.ഐ കാമറ ഓരോ മണിക്കൂറിലും കുട്ടികളുടെ ഹാജരെടുത്ത് എക്സൽ, ഗൂഗിൾ ഷീറ്റ് എന്നിവയിൽ രേഖപ്പെടുത്തും. ഇതുവഴി അധ്യാപകർക്ക് സമയം ലാഭിക്കാം. നിലവിൽ ധോണി ലീഡ് കോളജിൽ ഈ സംവിധാനം സ്ഥാപിച്ചിട്ടുണ്ടെന്ന് ഹാഷിർ പറഞ്ഞു.
എം.എസ്.സി ഫിസിക്സ് ബിരുദധാരിയായ ഹാഷിർ പഠനം കഴിഞ്ഞയുടൻ സ്റ്റാർട്ടപ്പ് രംഗത്തേക്ക് ചുവട് വെച്ചു. ഗ്രോ എ.ഐ എന്നപേരിലുള്ള കമ്പനി സ്റ്റാർട്ടപ് മിഷനിലും വ്യവസായ വകുപ്പിന്റെ എം.എസ്.എം.ഇയിലും (മൈക്രോ സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ്) രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റു തൊഴിൽമേഖലകളിലും സർക്കാർ സ്കൂളുകളിലും ഈ സോഫ്റ്റ്വെയർ പരിചയപ്പെടുത്താൻ ജില്ല പഞ്ചായത്തുമായി പ്രാരംഭഘട്ട ചർച്ചയിലാണിപ്പോൾ.
യു.എ.ഇയിൽ ബിസിനസ് പാർട്ണറുമുണ്ട് ഹാഷിറിന്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എ.ഐ സംബന്ധിച്ച് ക്ലാസെടുക്കാറുണ്ട്. അധ്യാപനത്തിനൊപ്പം സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന താൽപര്യമാണ് എ.ഐയുമായി ബന്ധിപ്പിച്ചത്. പിതാവ് റിട്ട. പ്രിൻസിപ്പൽ പി.എ. ബഷീറും മാതാവ് കേരള ബാങ്ക് അസി. മാനേജർ (കുഴൽമന്ദം) ബേബി ഷക്കീലയും പിന്തുണയുമായുണ്ട്. നിഹാറും ഷാഹിനും സഹോദരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.