ഇത് റെഡ്യാവൂല്ലെന്ന് സമൂഹ മാധ്യമങ്ങൾ; ആ അടിക്കുറിപ്പ് ഫായിസിന് അവകാശപ്പെട്ടത് VIDEO
text_fieldsമലപ്പുറം: ഫായിസെന്ന കൊച്ചുപയ്യൻ വീഡിയോയിലൂടെ തീർത്ത കടലാസ് പൂവ് ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയത്തിലാണ് നറുമണം വീശിയത്. നിഷ്കളങ്കമായ സംസാരം വൈറലാകാൻ വലിയ താമസം വേണ്ടിവന്നില്ല. നിരവധി ട്രോൾ വിഡിയോകളിലും ഫായിസിെൻറ വാക്കുകൾ ഇടംപിടിച്ചു. എന്നാൽ, ആ വാക്കുകൾ പലരും വാണിജ്യ താൽപര്യാർഥം ഉപയോഗിച്ചത് ചോദ്യം ചെയ്തിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ. മിൽമയടക്കമുള്ള കമ്പനികൾ ഫായിസിെൻറ വാക്കുകൾ കടമെടുത്ത് തങ്ങളുടെ ഉൽപ്പന്നത്തിെൻറ ടാഗ്ലൈനായി ഉപയോഗിക്കാൻ തുടങ്ങി.
‘ചെലോൽത് ശരിയാവും, ചെലോൽത് ശരിയാവൂല്ല, പക്ഷേങ്കി ചായ എല്ലാർതും ശരിയാവും പാൽ മിൽമ ആണെങ്കിൽ’ എന്നായിരുന്നു അവർ പരസ്യത്തിന് ഉപയോഗിച്ച ടാഗ്ലൈൻ. മറ്റു ചില കമ്പനികളും ഫായിസിെൻറ വാക്കുൾ കടമെടുത്തിരിക്കുകയാണ്. ഇതിനെതിരെ Fayis_the_CopyWriter എന്ന ഹാഷ്ടാഗിൽ പ്രതിഷേധ കാമ്പയിനുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
‘ആ വരികളുടെ ഉടമക്ക് തികച്ചും ന്യായമായ പ്രതിഫലം നൽകണം. പരസ്യ ഏജൻസികൾ കോടികളാണ് വാങ്ങുക’ എന്ന് ഒരാൾ പറയുന്നു.
‘ചെൽത് ശരിയാകും, ചെൽത് ശരിയാകൂല... ഇത് ശരിയായ സാഹചര്യത്തിൽ ഈ കമ്പനികളുടെ ഏജൻസികളെല്ലാം പരസ്യവാചകത്തിനുള്ള പ്രതിഫലം ആ ഡയലോഗ് പറഞ്ഞ പയ്യന് കൊടുക്കണം. ഏജൻസികൾ കൊടുക്കാൻ തയാറായില്ലെങ്കിൽ കമ്പനികൾ കൊടുക്കണം’ -മറ്റൊരാൾ ആവശ്യപ്പെട്ടു.
സംഭവം ശ്രദ്ധയിൽപ്പെട്ടേതാടെ ഫായിസിന് അർഹമായ ഉപഹാരം നൽകുമെന്ന് മിൽമ അറിയിച്ചു. ചൊവ്വാഴ്ച കുട്ടിയുടെ വീട്ടിലെത്തി ഉപഹാരം കൈമാറുമെന്നും മിൽമ അധികൃതർ ‘മാധ്യമ’ത്തോട് പറഞ്ഞു.
‘‘ഹായ് ഫ്രണ്ട്സ് ഇന്ന് ഞമ്മ ഇണ്ടാക്കാൻ പോവുന്നത് ഒരു പൂവാണ്. ഇങ്ങനത്തെ പൂവ്. അതിന്ള്ള ആവിശ്യം. ഇങ്ങക്ക് മാണെങ്കി പെൻസില്ട്ക്കാം. ഞാൻ പെൻസില് ഇട്ത്തുണ്ട്. കത്രിക, പേപ്പറ്. ഇന്നട്ട് ഇങ്ങനെ മടക്കാ...'' -ഉണ്ടാക്കിയ കടലാസ് പൂവ് പക്ഷെ ശരിയായില്ല. 'ചെലര്ത് റെഡ്യാവും. ചെലര്ത് റെഡ്യാവൂല. ഇൻറത് റെഡ്യായീല, ഇൻറത് വേറെ മോഡലാ വന്നത്. അങ്ങനായാല് ഞമ്മക്കൊരു കൊയപ്പീല്യ''-എന്ന് പറഞ്ഞാണ് ഫായിസ് തെൻറ വിഡിയോ അവസാനിപ്പിക്കുന്നത്. ഈ നിഷ്കളങ്കതയെയാണ് കഴിഞ്ഞദിവസങ്ങളിൽ സമൂഹ മാധ്യമങ്ങൾ വാഴ്ത്തിയത്. ഇവനോളം വലിയൊരു മോട്ടിവേറ്ററെ കണ്ടിട്ടില്ലെന്ന അഭിപ്രായം പങ്കുവെച്ചവർ വരെയുണ്ട്.
കൊണ്ടോട്ടി കിഴിശ്ശേരി കുഴിഞ്ഞോളം സ്വദേശിയായ മുഹമ്മദ് ഫായിസ് നാലാം ക്ലാസിലാണ് പഠിക്കുന്നത്. വൻഹിറ്റായ വീഡിയോ ചിത്രീകരിച്ചത് ജൂലൈ 22നാണ്. വീട്ടുകാർ ഉച്ചഭക്ഷണം കഴിക്കാൻ ഫായിസിനെ വിളിച്ചെങ്കിലും വിശപ്പില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. ഉമ്മയുടെ മൊബൈൽ ഫോണെടുത്ത് ആരും കാണാതെ ഒരു ഭാഗത്ത് പോയി പുസ്തകങ്ങൾ അട്ടിവെച്ച് ഉയരമുണ്ടാക്കി. അതിന്മേൽ ഫോൺ വെച്ചാണ് ഫായിസ് വീഡിയോ ചെയ്തത്.
'പൂവ് ശരിയാവുന്നാണ് വിചാരിച്ചത്. ശരിയായീല. ഉപ്പച്ചിക്ക് അയച്ചുകൊടുത്തു'- വീഡിയോയെ പറ്റി ഫായിസിെൻറ പ്രതികരണം ഇങ്ങനെ. പിതാവ് മുനീർ സഖാഫി ജിദ്ദയിലാണ്.
ഫായിസ് ആരോടും അടികൂടാത്ത നല്ല കുട്ടിയാണ് എന്ന് വീട്ടിൽ വന്ന പിതൃസഹോദരീ പുത്രി ജസീല പറഞ്ഞപ്പോൾ ‘ഇതൊക്കെയാണ് അവൻറെ കുരുത്തക്കേടുകൾ’ എന്ന് പറഞ്ഞ് വീഡിയോ അയച്ചുകൊടുത്തു. ഇത് പിന്നീട് ഫാമിലി ഗ്രൂപ്പിലും നാട്ടിലെ ചില ഗ്രൂപ്പുകളിലും പ്രചരിക്കുകയായിരുന്നു. നിരവധിപേരാണ് ഫായിസിനെ വിളിച്ച് അഭിനന്ദിച്ചത്. ചിലർ സമ്മാനവുമായി കാണാൻ വരാമെന്നും അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.