വിദ്യാർത്ഥിനികൾ ബസ് തടഞ്ഞത് വർഗീയവത്കരിച്ച് സംഘപരിവാർ;; ഡി.ജി.പിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്
text_fieldsതിരുവനന്തപുരം: കാസർകോട് ജില്ലയില്‍ കുമ്പള കൻസ വനിത കോളജിലെ വിദ്യാർഥിനികള്‍ ബസ് തടഞ്ഞ സംഭവം വർഗീയമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപക വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. യൂത്ത് കോൺഗ്രസ് ദേശീയ കോഓഡിനേറ്ററും കെ.പി.സി.സി അംഗവുമായ ജെ.എസ്. അഖിലാണ് പരാതി നൽകിയത്.
കുമ്പള-മുള്ളേരിയ കെ.എസ്.ടി.പി റോഡിലെ ഭാസ്‌കര നഗറിലാണ് വിദ്യാർഥിനികൾ ബസ് തടഞ്ഞത്. കോളജിന് മുൻവശം ആർ.ടി.ഒ സ്‌റ്റോപ് അനുവദിച്ച് വെയിറ്റിങ് ഷെഡ് സ്ഥാപിച്ചിരുന്നെങ്കിലും ബസ് നിർത്തിയിരുന്നില്ല. ഇതിനെതിരെയാണ് കുമ്പള ടൗണിൽ സംഘടിച്ചെത്തിയ വിദ്യാർഥിനികൾ റോഡിന് കുറുകെനിന്ന് ബസുകൾ തടഞ്ഞത്. എന്നാൽ ചില യാത്രക്കാർ ഈ നടപടി ചോദ്യം ചെയ്തു. പൊലീസ് എത്തി പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പുനൽകിയതോടെയാണ് വിദ്യാർഥിനികൾ പിരിഞ്ഞത്.
എന്നാൽ, ബുർഖ ധരിക്കാതെ ഹിന്ദുസ്ത്രീകളെ ബസിൽ കയറാൻ മുസ്‌ലിംസ്ത്രീകൾ അനുവദിക്കില്ലെന്നാണ് വിഡിയോ പങ്കുെവച്ച് ട്വിറ്ററിലടക്കം ഹിന്ദുത്വവാദികൾ പ്രചരിപ്പിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാട് ഇപ്പോൾ അല്ലാഹുവിന്റെ സ്വന്തം നാടെന്ന കുറിപ്പോടെയാണ് പ്രചാരണം. 'ആനന്ദി നായർ' എന്ന ട്വിറ്റർ അക്കൗണ്ടാണ് വിഡിയോ അടക്കം പങ്കുെവച്ച് തെറ്റിദ്ധാരണ പടർത്തുന്നത്. പൊതുഗതാഗതം ഉപയോഗിക്കാൻ ഹിന്ദുസ്ത്രീകൾ തല മറയ്ക്കണമെന്നായി എന്നും മുഖ്യധാരാ മാധ്യമങ്ങളൊന്നും ഇത് റിപ്പോർട്ട് ചെയ്യുന്നില്ലെന്നും പോസ്റ്റിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.