മതവിദ്വേഷ പ്രചാരണം: ആരിഫ് ഹുസൈൻ നേരിട്ട് ഹാജരാകണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഇസ്ലാം, ക്രിസ്ത്യൻ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയിൽ വിദ്വേഷ പ്രചാരണം നടത്തുന്ന യുക്തിവാദി ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ച് ഹൈകോടതി.
സമൂഹ മാധ്യമങ്ങളിലിട്ട മതനിന്ദ പോസ്റ്റുകൾ നീക്കം ചെയ്യാമെന്ന് കോടതിയിൽ നൽകിയ ഉറപ്പ് പാലിക്കാതിരുന്നതിനെ തുടർന്നാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്.
കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ ആരിഫ് നേരിട്ട് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്നതിനെതിരെ ഈരാറ്റുപേട്ട സ്വദേശി നിയാസ് നൽകിയ ഹരജി ഒക്ടോബർ 16ന് കോടതി പരിഗണിച്ചിരുന്നു.
ആക്ഷേപ പോസ്റ്റുകൾ എത്രയും വേഗം നീക്കുമെന്ന് അഭിഭാഷകൻ മുഖേന അറിയിക്കുകയും ചെയ്തു. ആരിഫിനെതിരെ ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്തിവരുകയാണെന്ന് സർക്കാറും അറിയിച്ചു.
ഈരാറ്റുപേട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണം. എന്നാൽ, കോടതിയിൽ നൽകിയ ഉറപ്പ് പാലിക്കാതിരുന്നതിനെ തുടർന്ന് ഇയാൾക്കെതിരെ ഹരജിക്കാരൻ കോടതിയലക്ഷ്യ ഹരജിയുമായി സമീപിക്കുകയായിരുന്നു.
തുടർന്ന് ആരിഫിന് സ്പീഡ് പോസ്റ്റിൽ നോട്ടീസ് അയക്കാൻ ഉത്തരവായ കോടതി, നേരിട്ട് ഹാജരാകാൻ നിർദേശം നൽകി. ഹരജി വീണ്ടും നവംബർ നാലിന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.