വടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം -റസാഖ് പാലേരി
text_fieldsകൊയിലാണ്ടി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് വടകരയിൽ നടക്കുന്ന വിദ്വേഷപ്രചാരണം അവസാനിപ്പിക്കാൻ രാഷ്ട്രീയപാർട്ടികൾ തയാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി പറഞ്ഞു. വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ സൗഹൃദവും ഇഴയടുപ്പവും ഉണ്ടാക്കാൻ ബാധ്യസ്ഥരായ രാഷ്ട്രീയപാർട്ടികൾ വിദ്വേഷവും പകയും ഉണ്ടാകുന്നതിന് കാരണമാകുന്ന പ്രചാരണങ്ങൾ നടത്തുന്നത് ദൗർഭാഗ്യകരമാണ്.
സമൂഹ്യ മാധ്യമങ്ങളിലെ നിരുത്തരവാദ പ്രതികരണങ്ങളെ അടിസ്ഥാനമാക്കി ഇടതുപക്ഷ നേതാക്കൾ ഇത്തരമൊരു പ്രചാരണം ആരംഭിക്കാൻ ഒരു കാരണവശാലും പാടില്ലായിരുന്നു. താത്കാലിക തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്ക് വേണ്ടി ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ നടത്തിയ ഇത്തരം ശ്രമങ്ങൾ ഒരിക്കലും പരിഹരിക്കാൻ കഴിയാത്ത ഗുരുതര പ്രശ്നങ്ങളിലേക്ക് നാടിനെ എത്തിക്കുകയാണ് ചെയ്യുക. സംഘർഷങ്ങൾ അനവധി ഉണ്ടായ ഒരു പ്രദേശത്തെ രാഷ്ട്രീയ പ്രവർത്തനത്തിൽ കാണിക്കേണ്ട ജാഗ്രത ഭരണകക്ഷിയായിട്ടും ഇടതുപക്ഷത്തിൽ നിന്നുണ്ടായില്ല എന്നത് ഗൗരവതരമാണ്.
കേരളത്തിൻ്റെ സാമൂഹിക അന്തരീക്ഷത്തെ വിഷലിപ്തമാക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സംഘപരിവാറിന് മണ്ണൊരുക്കുന്ന ജോലി മതനിരപേക്ഷ പക്ഷത്തു നിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന പാർട്ടികളിൽ നിന്ന് ഉണ്ടാകാൻ പാടില്ല. ദേശീയതലത്തിൽ ഫാഷിസത്തോട് മുഖാമുഖം പൊരുതുന്ന ഇൻഡ്യ മുന്നണിയുടെ ഭാഗമായ കക്ഷികൾ തമ്മിലടിക്കുന്നത് ഒരിക്കലും നല്ല സന്ദേശമല്ല നൽകുന്നത്. ഇത് ജനതാൽപ്പര്യത്തിന് എതിരാണ്.
സംഘപരിവാറിനെ പരാജയപ്പെടുത്തി ഇന്ത്യയിലെ ജനാധിപത്യവും മതനിരപേക്ഷതയും വീണ്ടെടുക്കുവാനുള്ള നിർണായകമായ ഒരു തെരഞ്ഞെടുപ്പ് സന്ദർഭത്തിൽ ഇത്തരത്തിലുള്ള പോര് ജനാധിപത്യ മുന്നേറ്റത്തെ ദുർബലപ്പെടുത്തുകയേ ഉള്ളൂവെന്നും, അത് തിരിച്ചറിഞ്ഞ് വടകരയുടെ സാമൂഹിക അന്തരീക്ഷത്തെ മെച്ചപ്പെടുത്തുന്ന നിലപാട് സ്വീകരിക്കാൻ എൽ.ഡി.എഫ് - യു.ഡി.എഫ് മുന്നണികൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊയിലാണ്ടി ഈസ്റ്റ് റോഡിൽ വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ നിയോജക മണ്ഡലം കമ്മിറ്റി ഓഫിസും പ്രവർത്തകൺവെൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു റസാഖ് പാലേരി. മണ്ഡലം പ്രസിഡന്‍റ് സി. ഹബീബ് മസ്ഊദ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രവർത്തന കർമരേഖ മണ്ഡലം സെക്രട്ടറി കെ. മുജീബലി അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്‍റ് ടി.കെ. മാധവൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ചന്ദ്രിക കൊയിലാണ്ടി, ജില്ല സെക്രട്ടറി സാലിഹ് കൊടപ്പന, ജില്ല വൈസ് പ്രസിഡന്‍റ് ശശീന്ദ്രൻ ബപ്പൻകാട് എന്നിവർ സംസാരിച്ചു. എം. റഫീഖ് സ്വാഗതവും അമീർ കൊയിലാണ്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.