വിദ്വേഷ പ്രചാരണം; കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തു
text_fieldsകൊച്ചി: കളമശ്ശേരി കൺവെൻഷൻ സെന്‍റർ സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ വിദ്വേഷ പ്രചാരണം നടത്തിയതിന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തു. സൈബർ സെൽ എസ്.ഐയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. സമൂഹമാധ്യമത്തിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്നാണ് കേസ്.
ഐ.പി.സി 153 (സമൂഹത്തിൽ വിദ്വേഷം വളർത്തുന്നതിനുള്ള ഇടപെടൽ), 153 എ (രണ്ട് വിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കുന്നതിനുള്ള വിദ്വേഷ പ്രചരണം) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഇതിൽ 153 എ ജാമ്യം കിട്ടാത്ത വകുപ്പാണ്.
കളമശ്ശേരി സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. കേന്ദ്ര മന്ത്രിയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. വിഷാംശമുള്ളവർ അത് ഇങ്ങനെ ചീറ്റി കൊണ്ടിരിക്കും. ചില പ്രത്യേക വിഭാഗങ്ങൾക്ക് വേണ്ടി വർഗീയ നിലപാടു സ്വീകരിക്കുന്നതിനെ അംഗീകരിക്കാനാകില്ല. കേരളം അതിനൊപ്പം നിൽക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
കളമശ്ശേരി സ്‌ഫോടനത്തിന് കാരണം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന പ്രീണനനയമാണ് എന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തിയത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ കുറ്റപ്പെടുത്തിയ മന്ത്രി സ്ഫോടനത്തില്‍ ഹമാസിന്‍റെയടക്കം പങ്ക് ആരോപിച്ചിരുന്നു. കൊച്ചിയിൽ ബോംബു പൊട്ടിയപ്പോൾ പിണറായി വിജയൻ ഡൽഹിയിൽ രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.