വിദ്വേഷ മുദ്രാവാക്യം: പോപുലർഫ്രണ്ട് സംസ്ഥാന നേതാവ് അറസ്റ്റിൽ
text_fieldsആലപ്പുഴ: കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ പോപുലർഫ്രണ്ട് സംസ്ഥാനനേതാവ് അറസ്റ്റിൽ. പി.എഫ്.ഐ സംസ്ഥാനസമിതിയംഗം തൃശൂർ പെരുമ്പിലാവ് അഥീനയിൽ യഹ്യ തങ്ങളെയാണ് (47) ആലപ്പുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്.
ഈമാസം 21ന് ആലപ്പുഴയിൽ നടന്ന പോപുലർഫ്രണ്ട് ജനമഹാസമ്മേളനത്തിന്‍റെ സ്വാഗതസംഘം ചെയർമാനായിരുന്നു. ശനിയാഴ്ച ആലപ്പുഴയിൽ നടന്ന പോപുലർ ഫ്രണ്ടിന്‍റെ എസ്.പി ഓഫിസ് മാർച്ച് ഉദ്ഘാടനം നടത്തിയശേഷം വീട്ടിൽ മടങ്ങിയെത്തിയ യഹ്യ തങ്ങളെ ഞായറാഴ്ച പുലർച്ചയാണ് പൊലീസ് കസ്റ്റ്ഡിയിലെടുത്തത്. പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് വൻപൊലീസ് സന്നാഹത്തോടെ ഉച്ചയോടെയാണ് സൗത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ വൈകീട്ട് അറസ്റ്റ് രേഖപ്പെടുത്തി. ഇതിനൊപ്പം അനുമതിയില്ലാതെ എസ്.പി ഓഫിസ് മാർച്ച് നടത്തിയതിനെതിരെയും കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്ത കുട്ടിയുടെ പിതാവടക്കം അഞ്ചുപേരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുട്ടിയുടെ പിതാവിന് പുറമെ മരട് നഗരസഭ വാർഡ് 20ൽ നെട്ടൂർ മദ്റസപറമ്പിൽ നിയാസ് (42), കൊച്ചി കോർപറേഷൻ വാർഡ് 13ൽ പള്ളുരുത്തി അർപ്പണ നഗർ തെരുവിൽ വീട്ടിൽ ഷമീർ (39), കൊച്ചി കോർപറേഷൻ വാർഡ് 14ൽ അൽഹസർ പബ്ലിക് സ്കൂളിന് സമീപം പള്ളുരുത്തി ഞാറക്കാട്ടിൽ വീട്ടിൽ എൻ.വൈ. സുധീർ (41), ആലപ്പുഴ ചേപ്പാട് വിളയിൽ വീട്ടിൽ മുഹമ്മദ് തൽഹത്ത് (36) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. മുദ്രാവാക്യം വിളിയുമായി ബന്ധപ്പെട്ട് ഇതുവരെ 26 പേരാണ് അറസ്റ്റിലായത്. വരുദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.