യൂത്ത് ലീഗ് പ്രകടനത്തിലെ വിദ്വേഷ മുദ്രാവാക്യം; അഞ്ചുപേർ അറസ്റ്റിൽ
text_fieldsകാഞ്ഞങ്ങാട്: മുസ്ലിം യൂത്ത് ലീഗ് മണിപ്പൂർ ഐക്യദാർഢ്യ റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ചെന്ന പരാതിയിൽ അഞ്ചുപേരെ ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി ഉൾപ്പടെ 300ഓളം പേർക്കെതിരെ കേസെടുത്തു. പ്രകടനത്തിൽ മുദ്രാവാക്യം വിളിച്ചുകൊടുത്ത കാഞ്ഞങ്ങാട് കല്ലൂരാവി ചിറമ്മൽ ഹൗസിലെ അബ്ദുൽ സലാം (18), ഏറ്റുവിളിച്ച കല്ലൂരാവിയിലെ ഷെരിഫ് (38), കാലിച്ചാനടുക്കം ആഷിർ (25) കാഞ്ഞങ്ങാട് ഇഖ്ബാൽ റോഡിൽ അയൂബ് (45) പടന്നക്കാട് കാരക്കുണ്ടിൽ പി. മുഹമ്മദ് കുഞ്ഞി (55) എന്നിവരെയാണ് ഡിവൈ.എസ്.പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഫൈസൽ ബാബു, ജില്ല പ്രസിഡന്റ് അസീസ് കൊളത്തൂർ പ്രവർത്തകരായ മുസ്തഫ തായന്നൂർ, സമദ് കൊളവയൽ, റഫീഖ് കൊത്തിക്കാൽ എന്നിവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 300ഓളം പേർക്കെതിരെയാണ് കേസ് എടുത്തത്. ശിക്ഷാ നിയമം 143,147,153 എ,149 വകുപ്പുകൾ പ്രകാരം സാമുദായിക സൗഹാർദം തകർക്കൽ, വിദ്വേഷം വളർത്തൽ, അന്യായമായി സംഘം ചേർന്ന് കലാപത്തിന് ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ആരോപിച്ചിരിക്കുന്നത്.
യൂത്ത് ലീഗ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് നടന്ന പരിപാടിയിലാണ് വിദ്വേഷ മുദ്രാവാക്യം വിളിച്ചതായി പരാതി ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട് യുവമോർച്ച കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് പി.കെ. വൈശാഖാണ് പരാതി നൽകിയത്. മുസ്ലിം ലീഗ് നേതൃത്വം എഴുതി തയാറാക്കിയ മുദ്രാവാക്യമാണ് പ്രകടനക്കാർക്ക് വിളിക്കാൻ നൽകിയത് എന്ന് പറയുന്നു. എന്നാൽ, അബ്ദുസലാം അതുമാറ്റി സ്വന്തമായി എഴുതിയുണ്ടാക്കിയ മുദ്രാവാക്യം വിളിച്ചു നൽകുകയായിരുന്നുവത്രെ. മുദ്രാവാക്യത്തിന്റെ വിഡിയോ സംഘ്പരിവാർ കേന്ദ്രങ്ങൾവഴി വ്യാപകമായി പ്രചരിച്ചിരുന്നു.
പ്രവർത്തകനെ പുറത്താക്കി
കാഞ്ഞങ്ങാട്: മണിപ്പൂർ ഇരകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിൽ വിദ്വേഷ മുദ്രാവാക്യം ശ്രദ്ധയിൽപെട്ടയുടൻ പ്രവർത്തകനെ യൂത്ത് ലീഗിൽനിന്ന് പുറത്താക്കി. കാഞ്ഞങ്ങാട് മുനിസിപ്പൽ പരിധിയിൽവരുന്ന അബ്ദുൽ സലാമിനെയാണ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പുറത്താക്കിയത്. മണിപ്പൂർ കലാപത്തിന് ഇരയായവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാഞ്ഞങ്ങാട്ട് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തിരുന്നു. നേരത്തെ തയാറാക്കിനൽകിയ മുദ്രാവാക്യത്തിനുപകരം അബ്ദുൽ സലാം സ്വന്തം മുദ്രാവാക്യം വിളിക്കുകയും ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തതോടെ ഇതിനെതിരെ യൂത്ത് ലീഗിൽനിന്നുതന്നെ പ്രതിഷേധമുയർന്നു. ഇതിന് പിന്നാലെയാണ് പ്രവർത്തകനെതിരെ സംസ്ഥാന നേതൃത്വം പെട്ടെന്ന് നടപടി സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.