വിദ്വേഷ മുദ്രാവാക്യം; കരുതലോടെ യൂത്ത് ലീഗ്
text_fieldsകാസർകോട്: മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിൽ വിദ്വേഷ മുദ്രാവാക്യം ഉയർന്ന സംഭവത്തിൽ കൂടുതൽ കരുതലോടെ യൂത്ത് ലീഗ്. സംഭവത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നാണ് സംഘടന നിയോഗിച്ച അന്വേഷണ കമീഷന്റെ കണ്ടെത്തൽ. മാത്രവുമല്ല, പൊലീസ് എടുത്ത കേസിന്റെ സ്വഭാവംകൂടി പരിശോധിക്കുമ്പോൾ ഗൂഢമായ ചില നീക്കങ്ങളും ലീഗ് മണക്കുന്നുണ്ട്.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. മാഹിൻ, സെക്രട്ടറി സി.കെ. മുഹമ്മദലി എന്നിവർ നടത്തിയ അന്വേഷണത്തെതുടർന്ന് കൂടുതൽ കടുത്ത നടപടിയാണ് യൂത്ത് ലീഗ് സ്വീകരിച്ചത്. അഞ്ചുപേരെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. പരിപാടിയിൽ ഉത്തരവാദിത്തം ഇല്ലാത്ത വൈറ്റ് ഗാർഡ് ജില്ല നേതൃത്വത്തെ പിരിച്ചുവിടുകയും ചെയ്തു. മുദ്രാവാക്യം വിളിച്ച അബ്ദുൽ സലാമിനെ സംഭവ ദിവസംതന്നെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു.
ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവായിരിക്കെ കനയ്യ കുമാറിനെതിരെ വിദ്വേഷപ്രസംഗ വിഷയത്തിൽ എടുത്ത അതേ കേസുമായാണ് പൊലീസ് സംഭവത്തെ കൂട്ടിക്കെട്ടുന്നത്. ഐ.പി.സി 149 എന്നത് പ്രസംഗം, മുദ്രാവാക്യം എന്നിവ നടത്തിയവർ മാത്രമല്ല ഏറ്റുവിളിച്ചവരും കേട്ടവരും പരിസരത്ത് ഉണ്ടായവരും പ്രതികളാകും എന്ന കോടതി വിധിയാണ് ഈ കേസിലും പൊലീസ് പിന്തുടരുന്നത്. ഈ പശ്ചാത്തലത്തിൽ യൂത്ത് ലീഗ് അന്വേഷണത്തിന്റെ ഫലം വലുതാണ്.
കഴിഞ്ഞ 25ന് നടന്ന പരിപാടിയുടെ വിവാദ വിഡിയോ ആസൂത്രിതമായി പകർത്തിയതാണെന്ന് കരുതുന്നു. മുദ്രാവാക്യം എഴുതിത്തന്നത് ആരെന്ന ചോദ്യത്തിന് ഒന്നാംപ്രതി സലാം നേതൃത്വത്തോട് മൗനം പാലിച്ചത് ദുരൂഹത വർധിപ്പിച്ചു. ലീഗ് ഗ്രൂപ്പുകളിൽ വരുന്നതിനു മുമ്പുതന്നെ വിഡിയോ പുറംലോകത്ത് എത്തിയിരുന്നു. രാത്രി ഒമ്പതോടെ പ്രമുഖ പാർട്ടിയുടെ സൈറ്റുകളിൽ ഇത് സ്ഥാനംപിടിച്ചു. ഒരു ഇംഗ്ലീഷ് ചാനലിന്റെ റിപ്പോർട്ടർ കാഞ്ഞങ്ങാട് എത്തിയതും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്. അറസ്റ്റിലായ ചിലർ സമസ്ത-ലീഗ് പ്രശ്നത്തിൽ ലീഗ് വിരുദ്ധ നിലപാടുകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതും ശ്രദ്ധയിൽ വന്നിട്ടുണ്ട്. വിഷയത്തിൽ ഏറെ കരുതലോടെ നീങ്ങുന്ന യൂത്ത് ലീഗ് കൂടുതൽ പേർക്കെതിരെ നടപടിയെടുക്കാനുള്ള സാധ്യതയും മറച്ചുവെക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.