ഹലാലിനെതിരെ വിദ്വേഷ പ്രസംഗം; കെ. സുരേന്ദ്രനെതിരെ കേസ്
text_fieldsഹലാൽ ഭക്ഷണം സംബന്ധിച്ച് നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസെടുത്തു. വെൽഫെയർ പാർട്ടി നല്‍കിയ പരാതിയിലാണ് നടപടി. സെക്രട്ടേറിയേറ്റിന് മുന്നില്‍ നവംബർ 17ന് നടത്തിയ വിദ്വേഷപ്രസംഗത്തിനെതിരെ വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അനിൽകുമാറാണ് പരാതി നല്‍കിയത്.
പ്രസംഗം മതസ്പർദ്ധ വളർത്തുന്നതും വർഗീയ കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമായിരുന്നുവെന്നാണ് കേസിനാധാരം. പരാതി നല്‍കി ഏറെ നാളുകള്‍ക്ക് ശേഷം ഡിസംബര്‍ 13നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. എന്നാല്‍, ഇതില്‍ 153A, 295A എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടില്ല. പകരം എളുപ്പത്തിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിട്ടുള്ളത്. ഈ സര്‍ക്കാര്‍ കാലത്ത് കേരളാ പൊലീസും സംഘപരിവാറും തമ്മിൽ അന്തർധാര സജീവമാണെന്ന് വെല്‍ഫയര്‍പാര്‍ട്ടി ആരോപിക്കുന്നു. പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
പൊലീസിൽ നിന്ന് നീതിപൂർവമായ നടപടികളല്ല ഉണ്ടാകുന്നതെങ്കിൽ നിയമപരമായ മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം പറഞ്ഞു. ഹലാൽ വിവാദത്തിന് കേരളത്തിൽ ചുക്കാൻ പിടിച്ചത് കെ. സുരേന്ദ്രൻ ആയിരുന്നു. ഭക്ഷണത്തിൽ മന്ത്രിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച് മുസ്ലിം ഹോട്ടലുകളിൽ ഭക്ഷണത്തിൽ തുപ്പിയാണ് വിതരണം ചെയ്യുന്നത് എന്നതടക്കമുള്ള വിദ്വേഷം വമിപ്പിക്കുന്ന പരാമർശങ്ങളും സുരേന്ദ്രൻ നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.