തിരുവനന്തപുരത്തെ മതവിദ്വേഷ പ്രസംഗം: പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കി
text_fieldsതിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പൂഞ്ഞാർ മുൻ എം.എൽ.എ പി.സി. ജോർജിന്റെ ജാമ്യം കോടതി റദ്ദാക്കി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ആണ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് വിധി പറഞ്ഞത്.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് പി.സി. ജോർജ് വിവാദ പരാമർശം നടത്തിയത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് നിരവധി പരാതികൾ പൊലീസിൽ ലഭിച്ചിരുന്നു. തുടർന്ന്, ജോർജിനെ ഈരാറ്റുപേട്ടയിലെ വസതിയിൽനിന്ന് നന്ദാവനം എ.ആർ ക്യാംപിൽ കൊണ്ടുവന്നശേഷം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കുകയും ജാമ്യം അനുവദിക്കുകയുമായിരുന്നു. ഈ മാസം ഒന്നിനായിരുന്നു ഇത്. പൊലീസ് ദുർബലമായ റിപ്പോര്‍ട്ട് സമർപ്പിച്ചതിനെ തുടർന്ന് ജാമ്യം അനുവദിക്കുന്നെന്നാണ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (പന്ത്രണ്ട്) ജഡ്ജി ഉത്തരവിട്ടത്.
ഇതേതുടർന്നാണ്, സർക്കാർ ജാമ്യം റദ്ദാക്കാൻ വീണ്ടും കോടതിയെ സമീപിച്ചത്. ജോർജിന്റെ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ നൽകിയതിനുശേഷം പാലാരിവട്ടം വെണ്ണല ക്ഷേത്രത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പൊലീസ് മറ്റൊരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. പി.സി. ജോർജ് വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്നും പ്രോസിക്യൂഷൻ വാദിക്കുകയായിരുന്നു.
വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ പി.സി. ജോർജ് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഇതനുസരിച്ച് ഉച്ചകഴിഞ്ഞ് സ്റ്റേഷനിൽ ഹാജരാകുമെന്ന് ജോർജ് അറിയിച്ചിരുന്നു. ജോർജ് എത്തുമെന്നറിഞ്ഞ് പാലാരിവട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ പി.ഡി.പി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജോർജിന് പിന്തുണയുമായി ബി.ജെ.പി പ്രവർത്തകരും പാലാരിവട്ടം പൊലീസ് സ്റ്റേഷനുമുന്നിൽ എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.