വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തകൻ മാത്യു സാമുവൽ ഇന്ത്യ വിട്ടതായി വിവരം
text_fieldsഈരാറ്റുപേട്ട: വർഗീയ- വിദ്വേഷ പരാമർശത്തിൽ കേസെടുത്തതിനെ തുടർന്ന് മുതിർന്ന മാധ്യമപ്രവർത്തകനും തെഹൽക മാഗസിൻ മുൻ മാനേജിങ് എഡിറ്ററുമായ മാത്യു സാമുവൽ ഇന്ത്യ വിട്ടതായി വിവരം. ‘മാത്യു സാമുവൽ ഒഫീഷ്യൽ’ എന്ന യു ട്യൂബ് ചാനലിലൂടെയാണ് വിദ്വേഷ പരാമർശം നടത്തിയത്.
കോട്ടയം ഈരാറ്റുപേട്ടയെ മിനി താലിബാൻ എന്ന് വിശേഷിപ്പിച്ച മാത്യു സാമുവൽ, മുനിസിപ്പാലിറ്റിയിലെ ഭൂരിഭാഗം ആളുകളും ഇസ്ലാമിക ഭീകരതയെ പിന്തുണക്കുന്നവരാണെന്നും ആരോപിച്ചതായി പരാതികളിൽ പറയുന്നു.
നിരവധി പരാതികൾ ഇതു സംബന്ധിച്ച് പൊലീസിന് ലഭിച്ചിരുന്നു. ഡി.വൈ.എഫ്.ഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ആരംഭിച്ചതെന്ന് ജില്ല പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് അറിയിച്ചു.
മാത്യു സാമുവലിനെതിരെ കേസ് എടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകും. നിലവിൽ വിദേശത്താണെന്നാണ് വിവരം. അതിനാൽ അദ്ദേഹത്തിന് നോട്ടീസ് അയക്കും. സഹകരിക്കുന്നില്ലെങ്കിൽ, അടുത്ത നടപടിയിലേക്ക് പോകും- എസ്.പി അറിയിച്ചു.
മതവിദ്വേഷം വളർത്തൽ, കലാപത്തിന് പ്രേരിപ്പിക്കൽ എന്നിവയുൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്. ഡി.വൈ.എഫ്.ഐക്ക് പുറമെ യൂത്ത് ലീഗ്, പി.ഡി.പി, ജനകീയ വികസന ഫോറം തുടങ്ങിയ സംഘടനകളും പരാതി നൽകിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.