വിദ്വേഷ പ്രസംഗം: പി.സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
text_fieldsകൊച്ചി: വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സപ്താഹയജ്ഞ പരിപാടിയിൽ വിദ്വേഷപ്രസംഗം നടത്തിയ കേസിൽ മുൻ എം.എൽ.എ പി.സി. ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം അഡീഷനൽ സെഷൻസ് കോടതി തള്ളി.
പൊലീസ് സമർപ്പിച്ച കേസ് ഡയറി പരിശോധിച്ചതിൽനിന്ന് വിവിധ മതവിഭാഗങ്ങൾക്കിടയിൽ അസ്വാരസ്യവും വിദ്വേഷവും വളർത്തുന്ന അത്യധികം പ്രകോപനപരമായ പരാമർശങ്ങൾ പ്രസംഗത്തിലുള്ളതായി വ്യക്തമാകുന്നുവെന്ന് കോടതി വിലയിരുത്തി. തുപ്പിയ ഉമിനീർ ബർകത്തും സുഗന്ധദ്രവ്യവുമാണെന്ന് മുസ്ലിം പുരോഹിതന്മാർ പ്രചരിപ്പിക്കുന്നുവെന്ന ആക്ഷേപം പ്രസംഗത്തിലുണ്ട്. ക്ഷേത്രങ്ങളിൽ സംഭാവന നൽകുന്നത് വേശ്യാലയത്തിന് പണം കൊടുക്കുന്നതിന് തുല്യമാണെന്നും യേശുക്രിസ്തു അവിഹിതബന്ധത്തിൽ ജനിച്ചതാണെന്നും മുസ്ലിം പണ്ഡിതന്മാർ പ്രചരിപ്പിക്കുന്നുവെന്ന പരാമർശവും പ്രസംഗത്തിലുണ്ട്.
ഭൂമാഫിയ, തീവ്രവാദം, ഹവാല ബിസിനസ്, മയക്കുമരുന്ന് ഇടപാടുകൾ, സ്വർണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട മിക്ക കുറ്റവാളികളും മുസ്ലിംകളാണെന്നും ഹരജിക്കാരൻ ആരോപിക്കുന്നുണ്ട്. മുസ്ലിംകളെ മോശമായി ചിത്രീകരിക്കുന്ന മറ്റു പല അഭിപ്രായങ്ങളും പ്രസംഗത്തിലുള്ളതായി കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഹരജിക്കാരന്‍റെ അഭിപ്രായപ്രകടനം മുസ്‌ലിംകൾക്കും സംസ്ഥാനത്തെ മറ്റ് സമുദായങ്ങൾക്കും ഇടയിൽ വിദ്വേഷവും ദുരുദ്ദേശ്യവും വളർത്തുന്ന തരത്തിലുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്.
തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ സമാന കുറ്റകൃത്യം ചെയ്‌ത് ജാമ്യത്തിൽ വിട്ടയാളാണ് ഹരജിക്കാരൻ എന്നതും കോടതി പരിഗണിച്ചു. മറ്റുള്ളവരുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള വിവാദ പ്രസ്താവനകൾ നടത്തരുതെന്നും പ്രചരിപ്പിക്കരുതെന്നുമുള്ള വ്യവസ്ഥക്ക് വിധേയമായാണ് അന്ന് ജാമ്യം നൽകിയത്. കോടതിയുടെ നിർദേശങ്ങൾ പലതും അംഗീകരിക്കാത്ത ഹരജിക്കാരന് മുൻകൂർ ജാമ്യം അനുവദിക്കാനാവില്ല. മുൻകൂർ ജാമ്യാപേക്ഷകൾ പരിഗണിക്കുമ്പോൾ അന്വേഷണ ഏജൻസിയുടെയും പരാതിക്കാരന്റെയും സമൂഹത്തിന്റെയും ആശങ്കകൾ അപേക്ഷകന്റെ താൽപര്യങ്ങളുമായി സന്തുലിതമാക്കാൻ ബാധ്യതയുണ്ടെന്ന സുപ്രീംകോടതി നിർദേശവും കണക്കിലെടുക്കാതിരിക്കാനാവില്ലെന്നും ഇത്തരം കേസുകളിൽ മൃദുസമീപനം സ്വീകരിക്കാനാവില്ലെന്നുമുള്ള നിരീക്ഷണത്തോടെയാണ് അഡീഷനൽ സെഷൻസ് ജഡ്ജി ജി. ഗിരീഷ് ജാമ്യം നൽകാൻ വിസമ്മതിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.