വിദ്വേഷ പ്രസംഗം, മുദ്രാവാക്യം: കാഞ്ഞങ്ങാട്ട് ജാമ്യമില്ല വകുപ്പ്, കണ്ണൂരിൽ കേസില്ല
text_fieldsകണ്ണൂർ: കണ്ണൂരിൽ കൊലവിളി മുദ്രാവാക്യം മുഴക്കിയ യുവമോർച്ചക്കാർക്കെതിരെയും പ്രകോപന പ്രസംഗം നടത്തിയ നേതാക്കൾക്കെതിരെയും കേസില്ല. അതേസമയം, കാഞ്ഞങ്ങാട് പ്രകോപന മുദ്രാവാക്യം നടത്തിയ യൂത്ത് ലീഗ് പ്രവർത്തകർക്കെതിരായ പൊലീസ് നടപടികൾ തുടരുകയാണ്.
സ്പീക്കർ എ.എൻ. ഷംസീറിന്റെ തലശ്ശേരിയിലെ എം.എല്‍.എ ക്യാമ്പ് ഓഫിസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ് തികച്ചും വംശീയമായും പ്രകോപനപരമായുമാണ് സംസാരിച്ചത്. ‘ഹിന്ദു സമൂഹത്തെ അപഹസിക്കുന്നത് ഷംസീർ അവസാനിപ്പിക്കണം. ജോസഫ് മാഷിന്റെ കൈ പോയപോലെ പോവില്ലെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടാവാം. പക്ഷേ, എല്ലാ കാലത്തും ഹിന്ദു സമൂഹം അങ്ങനെത്തന്നെ നിന്നുകൊള്ളണമെന്നില്ല’ -വംശീയ പരാമർശങ്ങളടങ്ങിയ ഗണേഷിന്റെ പ്രസംഗം ഇങ്ങനെയായിരുന്നു.
ഇതിന് സി.പി.എം നേതാവ് പി. ജയരാജൻ അതേ നാണയത്തിൽ മറുപടി നൽകി. ‘പോപുലർ ഫ്രണ്ടുകാർ ജോസഫ് മാഷിന്റെ കൈ വെട്ടിയതുപോലെ ഷംസീറിന് അനുഭവം ഉണ്ടാവാതിരിക്കില്ല എന്ന് യുവമോർച്ച നേതാവ് സൂചിപ്പിക്കുകയുണ്ടായി.ഷംസീറിനുനേരെ കൈയോങ്ങിക്കഴിഞ്ഞാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് നിങ്ങൾ മനസ്സിലാക്കണം’ -തലശ്ശേരിയിൽ എൽ.ഡി.എഫ് മണിപ്പൂർ ഐക്യദാർഢ്യ കൂട്ടായ്മയിൽ പ്രസംഗിക്കവേയായിരുന്നു ജയരാജന്റെ ഈ മറു പ്രകോപനം. ഗണേഷിനെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും തലശ്ശേരി പൊലീസ് പറഞ്ഞു. പി. ജയരാജനെതിരെയും കേസെടുത്തിട്ടില്ല. യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി അർജുൻ മാവിലക്കണ്ടി കണ്ണൂർ സിറ്റി പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.
‘നല്ലൊരു നാളിൽ തിരുവോണത്തിൽ ആർ.എസ്.എസിൻ വാളിൻ മൂർച്ച ഞങ്ങൾ കാട്ടിത്തന്നില്ലേ...’ പി. ജയരാജന്റെ പരാമർശത്തിനെതിരെ കണ്ണൂർ കാൽടെക്സ് ജങ്ഷനിൽ ബി.ജെ.പി പ്രവർത്തകർ നടത്തിയ പ്രകടനം ഇങ്ങനെ. ബി.ജെ.പി നേതാവ് സന്ദീപ് വാര്യരും സമാന ഫേസ്ബുക് പോസ്റ്റിട്ടിട്ടുണ്ട്.
‘യുവമോർച്ച പ്രവർത്തകരുടെ ദേഹത്ത് മണ്ണുവീണാൽ തിരുവോണനാളിൽ ഒരുവരവുകൂടി വരേണ്ടിവരും.’ എന്നാണ് 1999ലെ തിരുവോണ നാളിൽ പി. ജയരാജനുനേരെ നടന്ന വധശ്രമത്തെ ഓർമിപ്പിച്ചുകൊണ്ടുള്ള പോസ്റ്റ്. ഇതിനെതിരെയും പ്രകടനത്തിനെതിരെയും കേസെടുത്തിട്ടില്ല.
കാഞ്ഞങ്ങാട്ട് യൂത്ത് ലീഗ് നടത്തിയ മണിപ്പൂർ ഐക്യദാർഢ്യ റാലിയിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയതുമായി ബന്ധപ്പെട്ട്, പരിപാടിയിൽ അതിഥിയായെത്തിയ ദേശീയ ജനറൽ സെക്രട്ടറി ഫൈസൽ ബാബു, ജില്ല പ്രസിഡന്റ് അസീസ് കൊളത്തൂർ എന്നിവരുൾപ്പെടെ 307 പേർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. അഞ്ചുപ്രവർത്തകരെ ആദ്യ ദിവസവും മൂന്നുപേരെ രണ്ടാം ദിവസവും ഒരാളെ കഴിഞ്ഞദിവസവും അറസ്റ്റ് ചെയ്ത് റിമാൻഡിലയക്കുകയും ചെയ്തു.
സ്പീക്കർ മാപ്പുപറയും വരെ പ്രക്ഷോഭം -യുവമോര്‍ച്ച
കണ്ണൂര്‍: വിവാദ പ്രസംഗം നടത്തിയ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മാപ്പുപറയണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്വന്തം മതവിശ്വാസം ഉദാത്തമാണെന്നും മറ്റുള്ളവ വിഡ്ഢിത്തമാണെന്നുമുള്ള സമീപനം ശരിയല്ല. ഷംസീര്‍ നിരീശ്വരവാദിയൊന്നുമല്ല.
കാഞ്ഞങ്ങാട്ട് യൂത്ത് ലീഗുകാർക്ക് പ്രചോദനമായത് അദ്ദേഹത്തിന്റെ പ്രസ്താവനയാണ്. പ്രസ്താവനക്കെതിരെ പ്രതികരിക്കാന്‍ സി.പി.എം ഇതുവരെ തയാറായിട്ടില്ല. ഇതിനെതിരെ പ്രക്ഷോഭവും നിയമനടപടിയും തുടരും. കണ്ണൂരില്‍ വീണ്ടും അക്രമം നടത്തുന്നതിനാണ് പി. ജയരാജന്റെ പ്രസ്താവന. എന്നാല്‍, ജയരാജന്റെ ലക്ഷ്യത്തിൽ യുവമോര്‍ച്ച വീഴില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് അരുണ്‍ ഭരത്, അനൂപ്, നിഖില്‍ മോഹന്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.