‘നാവടക്കൂ നടേശാ...’: വെള്ളാപ്പള്ളിക്കെതിരെ യൂത്ത് ലീഗ്; മലപ്പുറത്ത് ചിത്രം കത്തിച്ച് പ്രതിഷേധം
text_fieldsമലപ്പുറം: മലപ്പുറം ജില്ലയെ കുറിച്ച് വിദ്വേഷ പരാമർശം നടത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് ലീഗ് പ്രതിഷേധം. മലപ്പുറം നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രവർത്തകരാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
‘നാവടക്കൂ നടേശാ...’ എന്നെഴുതിയ പോസ്റ്റർ പിടിച്ചാണ് യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധിച്ചത്. മലപ്പുറം ജില്ലക്കെതിരായ വിദ്വേഷ പരാമർശത്തിൽ വെള്ളാപ്പള്ളി മാപ്പ് പറയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
വെള്ളാപ്പള്ളി ഭിന്നിപ്പിച്ച് ലാഭം കൊയ്യാൻ വർഗീയത പുലമ്പുകയാണെന്നും പച്ചക്കള്ളം പറയുകയാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. 'കണിച്ചുകുളങ്ങര പോപ്പ് കത്തട്ടെ' എന്ന് മുദ്രാവാക്യം വിളിച്ച യൂത്ത് ലീഗ് പ്രവർത്തകർ, വെള്ളാപ്പള്ളിയുടെ ചിത്രം കത്തിക്കുകയും ചെയ്തു.
അതേസമയം, വിദ്വേഷ പരാമർശം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ കൂടുതൽ സംഘടനകൾ പരാതികൾ നൽകി. എ.ഐ.വൈ.എഫ് നിലമ്പൂർ നിയോജക മണ്ഡലം കമ്മിറ്റിയാണ് എടക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വിദ്വേഷ പരാമർശത്തിൽ എസ്.ഡി.പി.ഐ, നാഷനൽ ലീഗ്, പി.ഡി.പി അടക്കമുള്ള സംഘടനകൾ നേരത്തെ പരാതി നൽകിയിരുന്നു.
വെള്ളാപ്പള്ളി നടേശനെതിരെ കലാപാഹ്വാനത്തിന് ക്രിമിനൽ കേസ് എടുക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. ചുങ്കത്തറയിൽ വെള്ളാപ്പള്ളി നടത്തിയ പ്രസംഗം കൃത്യമായ വർഗീയ വിഭജനം ലക്ഷ്യംവെച്ചുള്ളതാണ്. മലപ്പുറം ജില്ലയെയും ജനങ്ങളെയും അപകീർത്തിപ്പെടുത്തുന്നതാണെന്നും പരാതിയിൽ പറയുന്നു.
നിലമ്പൂർ ചുങ്കത്തറയിൽ നടന്ന എസ്.എൻ.ഡി.പി യോഗം കൺവെൻഷനിൽ വെള്ളാപ്പള്ളി മലപ്പുറം ജില്ലയെ കുറിച്ച് വിദ്വേഷ പരാമർശം നടത്തിയത്. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നും ഇവിടെ ഈഴവരെല്ലാം ഭയന്നു ജീവിക്കുന്നവരാണെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്.
'നിങ്ങളുടെ പരിമിതികളും പ്രയാസങ്ങളും എനിക്കറിയാം. നിങ്ങൾ പ്രത്യേക രാജ്യത്തിനിടയിൽ മറ്റൊരു തരം ആളുകളുടെ ഇടയിൽ എല്ലാ തിക്കും നോട്ടവും ഒക്കെ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് എനിക്കറിയാം.
സ്വതന്ത്രമായ വായുപോലും ഇവിടെ നിങ്ങൾക്ക് ലഭിക്കുന്നില്ല. സ്വാതന്ത്ര്യം നേടിയതിന്റെ ഒരംശം പോലും മലപ്പുറത്ത് പിന്നാക്ക ജനവിഭാഗങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ? മഞ്ചേരി (കെ.ആർ. ഭാസ്കരപിള്ള) ഉള്ളതുകൊണ്ടും അദ്ദേഹത്തിന് ചില സ്ഥാപനങ്ങൾ ഉള്ളതുകൊണ്ടും നിങ്ങൾ കുറച്ച് പേർക്ക് വിദ്യാഭ്യാസം ലഭിച്ചു' -വെള്ളാപ്പള്ളി പറഞ്ഞു.
വെറും വോട്ടുകുത്തിയന്ത്രങ്ങളായി ഇവിടെ ഈഴവ സമുദായം മാറി. സംസ്ഥാനത്താകെ ഈ സാഹചര്യം നിലനിൽക്കുന്നുണ്ട്. ഒന്നിച്ചു നിൽക്കാത്തതാണ് ഈ ദുരന്തത്തിന് കാരണം. ഇവിടെ ചിലർ എല്ലാം സ്വന്തമാക്കുകയാണ്. ഈഴവർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണ് ഇടമുള്ളത്.
സാമൂഹിക, രാഷ്ട്രീയ നീതി മലപ്പുറത്തെ ഈഴവർക്കില്ല. ആർ. ശങ്കർ മുഖ്യമന്ത്രിയായ കാലത്ത് ലഭിച്ചതൊഴിച്ചാൽ പിന്നീട് ഒന്നും കിട്ടിയില്ല. കണ്ണേ കരളേയെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് വേളയിൽ ചിലരെത്തി വോട്ട് തട്ടിയെടുക്കുകയാണെന്നും വെള്ളാപ്പള്ളി ആക്ഷേപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.