Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'രാത്രിക്ക്​ മുൻപ്‌ ആ...

'രാത്രിക്ക്​ മുൻപ്‌ ആ നഗരം കത്തിച്ചാമ്പലാകുന്നതാണ്‌ നല്ലത്‌'

text_fields
bookmark_border
രാത്രിക്ക്​ മുൻപ്‌ ആ നഗരം കത്തിച്ചാമ്പലാകുന്നതാണ്‌ നല്ലത്‌
cancel

കോഴിക്കോട്​: യു.പിയിലെ ഹഥ്​രസിൽ ക്രൂരബലാത്സംഗത്തിന്​ ഇരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷപ്രതികരണവുമായി സാമൂഹിക നിരീക്ഷകനും ​െവറ്ററിനറി ഡോക്​ടറുമായ സതീഷ്​ കുമാർ. 'നഗരത്തിൽ ഒരു അനീതിയുണ്ടായാൽ സൂര്യനസ്തമിക്കുന്നതിന്‌ മുൻപ്‌ അവിടെ ഒരു കലാപമുണ്ടാകണം; അല്ലെങ്കിൽ രാത്രിക്ക്​ മുൻപ്‌ ആ നഗരം കത്തിച്ചാമ്പലാകുന്നതാണ്‌ നല്ലത്‌'' എന്ന ബ്രഹ്ത്തി​െൻറ വാക്കുകൾ കടമെടുത്താണ്​ അദ്ദേഹം ഫേസ്​ബുക്കിൽ കുറിപ്പിട്ടത്​.

''ഈ വാക്കുകൾ യൗവന കാലത്ത്‌ വേണ്ടത്ര അർത്ഥമറിയാതെ അതിവൈകാരികമായി പലയിടത്തും ക്വോട്ട്‌ ചെയ്തിട്ടുണ്ട്‌. എന്നാ​ൽ, അന്നൊന്നുമില്ലാത്തവണ്ണം അതി​െൻറ വികാരത്തെ പരിപൂർണമായി ഉൾക്കൊണ്ടുകൊണ്ട്‌ ഞാൻ ഇപ്പോൾ ഒരു കലാപം ആഗ്രഹിക്കുന്നു. ദലിതരും ദരിദ്രരും അടിമകളുമായ മനുഷ്യർ യു.പിയിലെ തെരുവുകളിലൂടെ ഒരു കലാപം നയിക്കുന്നത്‌ ഞാൻ സ്വപ്നം കാണുന്നു. ഉണങ്ങിയ മുളം കാടുകളിൽ കാട്ടുതീ എന്നതുപോലെ ഇന്ത്യ മുഴുവൻ അത്‌ ആളിപ്പടർന്നിരുന്നുവെങ്കിൽ എന്ന് ഞാൻ സത്യമായും ആഗ്രഹിക്കുന്നു. നിസ്സഹായനായ ഒരു മനുഷ്യ​െൻറ ആഗ്രഹമാണ്‌, നടക്കില്ല എന്ന് അറിയാമെങ്കിലും വെറുതേ മോഹിച്ചുപോകുന്ന ഒന്ന്'' -അദ്ദേഹം എഴുതി.


ഫേസ്​ബുക്​ പോസ്​റ്റി​െൻറ പൂർണ രൂപം:

നഗരത്തിൽ ഒരു അനീതിയുണ്ടായൽ സൂര്യനസ്തമിക്കുന്നതിന്‌ മുൻപ്‌ അവിടെ ഒരു കലാപമുണ്ടാകണം
അല്ലെങ്കിൽ രാത്രിയ്ക്ക്‌ മുൻപ്‌ ആ നഗരം കത്തിച്ചാമ്പലാകുന്നതാണ്‌ നല്ലത്‌..
ബ്രഹ്ത്തി​െൻറ വാക്കുകളാണ്‌

സ്വന്തം മകളെ സുരക്ഷിതമായി വളർത്തുകയും സമൂഹത്തിലെ മദ്ധ്യ വർഗ്ഗ പ്രിവിലേജുകൾ അനുഭവിക്കുകയും ചെയ്തുകൊണ്ട്‌
ആ പെൺകുട്ടിയെ പ്രതി സങ്കടങ്ങൾ എഴുതി വെക്കുവാൻ എനിക്ക്‌ ലജ്ജ തോന്നുന്നു
മകളേ.. എന്ന് ഒരു നിലവിളി തൊണ്ടയിൽ കുരുങ്ങുന്നുണ്ട്‌ എങ്കിലും അത്‌ പ്രകടിപ്പിക്കുവാൻ എനിക്ക്‌ എന്ത്‌ യോഗ്യതയാണ്‌ എന്ന ധർമ്മസങ്കടം എന്നെ വലക്കുന്നു
സങ്കടവും കോപവും നിസ്സഹായതയും ചേർന്ന് എന്നെ ശ്വാസം മുട്ടിക്കുന്നു
ഉറക്കമില്ലാത്ത രാത്രി എന്നത്‌ ഒരു ക്ലീഷേ പ്രയോഗമാണ്‌ എങ്കിലും ആ പെൺകുട്ടിയെക്കുറിച്ച്‌ ഓർക്കുമ്പോൾ എനിക്ക്‌ ഉറങ്ങാനാവുന്നില്ല ഇന്ന്
പത്തൊൻപത്‌ വയസായ ഒരു മകളെ ഓർത്തു നോക്കൂ..
നിങ്ങളുടേയോ ,നിങ്ങൾക്ക്‌ പരിചയമുള്ള ആരുടെയെങ്കിലുമോ ഒരു മകളെ ..

വെള്ളിച്ചില്ല് പോലെ ചിതറുന്ന അവളുടെ ആഹ്ലാദച്ചിരികളെ
അവളുടെ പരിഭവങ്ങളെ , പിണക്കങ്ങളെ
അവനവനെ ശ്രദ്ധയോടെ ചമക്കുവാൻ അവളെ പ്രേരിപ്പിക്കുന്ന, നാം 'ക്രഷ്‌ 'എന്ന് വിളിക്കുന്ന അവളുടെ ചില അഭിനിവേശങ്ങളെ,
അവളുടെ വർത്തമാനങ്ങളെ ,ചിലനേരങ്ങളിൽ നമ്മിലേക്ക്‌ ഓടി വന്ന് അഭയം തേടുന്ന അവളിലെ ശിശുവിനെ..

തെളിനീരുറവയുള്ള ഒരു കാട്ടുചോലയുടെ ഹരിതതീരം പോലെയാണ്‌ പെൺകുഞ്ഞുങ്ങളുള്ള വീടുകൾ ,
സദാ സന്തോഷം നുരയുന്ന ആഹ്ലാദ സമ്പന്നമായ പച്ചത്തുരുത്തുകൾ

അങ്ങനെയൊരു മകളാണ്‌ അതിക്രൂരമാം വിധം കൊലചെയ്യപ്പെട്ടത്‌
ഭീകരമാം വിധത്തിൽ പിച്ചിചീന്തപ്പെട്ടു ആ ശരീരം.
കഴുത്തും നട്ടെല്ലും തകർന്ന് പോകും വിധം അവൾ
ആക്രമിക്കപ്പെട്ടു.

സ്വന്തം വീടിനു തൊട്ടടുത്ത്‌ അമ്മയോടും സഹോദരനോടുമൊപ്പം കന്നുകാലികൾക്ക്‌ പുല്ല്‌ മുറിക്കാൻ പോയതായിരുന്നു അവൾ

സഹോദരൻ വെള്ളമെടുക്കാൻ പോയ സമയത്ത്‌ ,അമ്മയുടെ ശ്രദ്ധ ഇത്തിരി തെറ്റിയ നേരത്ത്‌ ഒരു ഇരപിടിയൻ പരുന്ത്‌ മുയൽ കുഞ്ഞിനെ റാഞ്ചും പോലെ അവർ അവളെ ആളുയരം വളർന്ന ബജ്ര വയലിന്റെ മറവിലേക്ക്‌ വലിച്ചിഴക്കുകയായിരുന്നു

കേൾവിക്കുറവുള്ള ആ അമ്മയുടെ ചെവിയിലേക്ക്‌ അവളുടെ കരച്ചിലുകൾ ചെന്നെത്തിയില്ല

അവൾക്ക്‌ ദാഹിക്കുന്നുണ്ടായിരുന്നു,
അവൾക്ക്‌ ‌ വെള്ളമെടുക്കാനായിരുന്നു സഹോദരൻ വീട്ടിലേക്ക്‌ പോയത്‌
നരകപ്പിശാചുകളായ ഒരു കൂട്ടം അക്രമികളുടെ വികൃത ദാഹം അവൾക്ക്‌ മേൽ ക്രൂരമായി പ്രയോഗിക്കപ്പെടുമ്പോൾ ആ കുട്ടിക്ക്‌ ദാഹിക്കുന്നുണ്ടായിരുന്നു.

എന്തായിരുന്നു അവൾ ചെയ്ത തെറ്റ്‌?
ബലാത്സംഗങ്ങളിൽ ആളുകൾ സാധാരണ പറയും പോലെ അവൾ ഒറ്റക്കിറങ്ങി നടന്ന അഹങ്കാരിയായിരുന്നില്ല,
നിങ്ങൾ പറയുന്ന ആ 'അസമയം' ആയിരുന്നില്ല അത്‌,
പുരുഷനെ പ്രലോഭിപ്പിക്കും വിധം അവൾ വസ്ത്രം ധരിച്ചിരുന്നില്ല..

ഇന്ത്യയെന്ന മതനിരപേക്ഷ , ജനാധിപത്യ രാഷ്ട്രത്തിൽ ഒരു ദളിത സമുദായത്തിൽ ജനിച്ചു പോയി എന്നത്‌ മാത്രമാണ്‌ അവൾ ചെയ്ത കുറ്റം
അയൽക്കാരായ താക്കൂർ കുടുംബവുമായി അവൾ ജനിക്കുന്നതിനു മുന്നേ തന്നെ അവളുടെ മുത്തച്ഛൻ കലഹത്തിലായിരുന്നു എന്നതാണ്‌ അവൾ ചെയ്ത കുറ്റം

വാത്മീകി വംശത്തിൽ പിറന്ന അവളുടെ സഹോദരങ്ങൾ വിദ്യാഭ്യാസം നേടുകയും ഗ്രാമത്തിന്‌ പുറത്ത്‌ ജോലി നേടുകയും ചെയ്തിരുന്നു എന്നതായിരുന്നു അവൾ ചെയ്ത കുറ്റം

പഴയ തലമുറയിലേപ്പോലെ താക്കൂർമാരേയും ബ്രാഹ്മണന്മാരേയും കാണുമ്പോൾ അവർ എഴുന്നേറ്റ്‌ നിൽക്കാറില്ലായിരുന്നു എന്നതാണ്‌ അവൾ ചെയ്ത കുറ്റം

യു പി യിൽ ബലാത്സംഗമെന്നാൽ ഒരു ശിക്ഷാരീതിയാണ്‌. കാമവെറി പൂണ്ട മാനസിക രോഗികളുടെ അക്രമം എന്നതിനേക്കാൾ അത്‌ ഒരു ശിക്ഷയും താക്കീതുമാണ്‌

ആണധികാരവും, ജാതിയും, ഭരണാധികാരവും ചേർന്ന് ദളിതരും ദരിദ്രരുമായ മനുഷ്യർക്ക്‌ മേൽ നടപ്പിലാക്കുന്ന അതിനികൃഷ്ടമായ ഒരു ശിക്ഷാരീതിയാകുന്നു അത്‌,
ഞങ്ങളോട്‌ കളിച്ചാൽ ഇങ്ങനെയാണ്‌ എന്ന അഹന്ത നിറഞ്ഞ ഒരു താക്കീതും .‌

വാത്മീകി എന്നത്‌ അയോഗ്യതയാകുന്ന ഒരു രാമരാജ്യം എന്നത്‌ എത്ര ആഭാസമാണ്‌?
വാത്മീകി ഗോത്രത്തിൽ പിറന്നു എന്നത്‌ കൊണ്ട്‌ മാത്രം ബലാത്സംഗം ചെയ്ത്‌ കൊല്ലപ്പെട്ട ആ പെൺകുട്ടിയോട്‌ ‌ അത്രയും ക്രൂരത കാട്ടിയ പ്രതികളുടെ പേരുകൾ ശ്രദ്ധിക്കൂ..
അതിൽ രാമനും, ലവ കുശന്മാരുമുണ്ട്‌.

'മാനിഷാദ 'എന്ന് ആരോടാണ്‌ സത്യത്തിൽ നമ്മൾ പറയേണ്ടത്‌?
കാട്ടാളത്തരം എന്നത്‌ ഒരുവനിൽ വന്നുചേരുന്നത്‌ ജന്മം കൊണ്ടോ ജന്മാനന്തര കർമ്മം കൊണ്ടോ?

നിങ്ങൾക്ക്‌ വാഗ്ദാനം ചെയ്യപ്പെടുന്ന ആ ഹിന്ദുരാജ്യം ഏത്‌ തരം ഹിന്ദുക്കളുടെയാണ്‌ എന്ന് ഒന്ന് ആലോചന ചെയ്യുന്നതിനും ഈ അവസരം നല്ലതാണ്‌

അക്രമികളേക്കാൾ അവളോടും അവളുടെ പ്രിയപ്പെട്ടവരോടും ദയാരഹിതമായത്‌ അവരെ രക്ഷിക്കാൻ ബാധ്യതയുള്ള ഒരു ഭരണകൂടമാണ്‌ എന്നതാണ്‌ നമ്മെ കൂടുതൽ രോഷം കൊള്ളിക്കേണ്ടത്‌
നട്ടെല്ല് തകർന്നുപോയ അ പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയത്‌ ഒരു ബൈക്കിലാണ്‌
കള്ളപ്പരാതിയെന്നും അഭിനയമെന്നും പറഞ്ഞ്‌ മരണാസന്നയായ അവളെ കൈയ്യൊഴിഞ്ഞത്‌ നിയമപാലകരായ പോലീസാണ്‌
പോലീസ്‌ കേസുണ്ട്‌ എന്ന കാരണത്താൽ ആശുപത്രിയിൽ എടുക്കാതിരുന്നത്‌,
സമയത്ത്‌ മൊഴിയെടുക്കാതിരുന്നത്‌
ലൈംഗികപീഡനം നടന്നുവോ എന്ന് പരിശോധനക്ക്‌ തയ്യാറാവാതിരുന്നത്‌..
ഏറ്റവുമൊടുവിൽ ഒരു തെരുവുനായയുടെ ജഢത്തോട്‌ കാണിക്കുന്ന ആദരവുപോലുമില്ലാതെ അവരുടെ പ്രിയപ്പെട്ട മകളെ കത്തിച്ചു കളഞ്ഞത്‌ എല്ലാം അവരുടേത്‌ കൂടി എന്ന് അവകാശപ്പെടുന്ന സർക്കാർ സംവിധാനങ്ങളാണ്‌

സങ്കടങ്ങൾ കേൾക്കാൻ ചെവികളില്ലാത്ത നാട്ടിലാണ്‌ നമ്മൾ കലാപങ്ങൾ ചെയ്യേണ്ടത്‌.
ഞങ്ങൾക്ക്‌ പറയാനുള്ളത്‌ കേട്ടിട്ട്‌ പോയാൽ മതി അവരെ ആൾക്കൂട്ടത്തിന്‌ നടുവിലേക്ക്‌ നീക്കി നിർത്തേണ്ടത്‌
അധികാരപ്പെട്ടവർ ദുരുപയോഗം ചെയ്ത്‌ മൂർച്ച കളയുമ്പോഴാണ്‌ നിയമം എന്ന ആയുധത്തെ ജനങ്ങൾ കൈയ്യിലെടുക്കേണ്ടത്‌.

(ഈ നീലച്ചെരിപ്പുകൾ അവളുടേതാണ്‌..
എന്നിൽ ആഴത്തിൽ വേദനയുണ്ടാക്കിയ ഒരു ചിത്രമാണിത്‌.)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indiahathras gang rapeYogi Adityanath
Next Story