മതസ്പർധ വളർത്താൻ ശ്രമം; ഇ. ശ്രീധരനെതിരെ പൊന്നാനിയിൽ കേസ്
text_fieldsതിരുവനന്തപുരം: ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ വിവാദ പരാമർശങ്ങൾ നടത്തിയ മെട്രോമാൻ ഇ. ശ്രീധരനെതിരെ പൊന്നാനി പൊലീസ് സ്റ്റേഷനിൽ പരാതി. അഭിഭാഷകനും തൃശൂർ സ്വദേശിയുമായ വി.ആർ. അനൂപാണ് മതസ്പർധ വളർത്താൻ ശ്രമിച്ചുവെന്ന് കാണിച്ച് ശ്രീധരന്‍റെ സ്റ്റേഷൻ പരിധിയായ പൊന്നാനിയിൽ പരാതി നൽകിയത്.
ഹിന്ദു പെൺകുട്ടികളെ കെണിയിൽ വീഴ്ത്തി വിവാഹം കഴിക്കുന്ന രീതിയിൽ കേരളത്തിൽ ലവ് ജിഹാദുണ്ട്, മാംസഭക്ഷണം കഴിക്കുന്നവരെ വെറുപ്പാണ് തുടങ്ങിയ പരാമർശങ്ങളിലാണ് പരാതി നൽകിയത്. പ്രസ്താവനകൾ സമൂഹത്തിൽ മതസ്പർധയും, വെറുപ്പും പരത്തുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
'പ്രിവിലേജുകളുടെ ബലത്തിൽ ചോദ്യം ചെയ്യപ്പെടാതെ വിലസാമെന്ന് ശ്രീധരൻ കരുതേണ്ടതില്ല. ശ്രീധരനെ നിയമപരമായി നേരിടും' -പരാതിക്കാരനായ വി.ആർ. അനൂപ് ഫേസ്ബുക്കിൽ കുറിച്ചു.
ബി.ജെ.പിയിൽ ചേരുന്നത് പ്രഖ്യാപിച്ചതിനു പിന്നാലെ സംഘ്പരിവാർ താൽപര്യവും അജണ്ടകളും ഇ. ശ്രീധരൻ തുറന്നു പറഞ്ഞിരുന്നു. ബി.ജെ.പിയുമായി നേരത്തേ തന്നെ മാനസികമായി ഇഷ്ടമുണ്ടെന്നും ബി.ജെ.പി നേതാക്കളുമായി നല്ല ബന്ധമാണ് പുലർത്തിവരുന്നതെന്നും ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞ അദ്ദേഹം സംഘ്പരിവാർ പ്രചരിപ്പിച്ചു വരുന്ന ലവ് ജിഹാദ് ഉൾപ്പെടെയുള്ള അജണ്ടകളെയും ശരിവെച്ചിരുന്നു.
ലവ് ജിഹാദ് വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോൾ വിവാഹത്തിെൻറ പേരിൽ ഹിന്ദുക്കൾക്ക് പുറമെ മുസ്ലിം, ക്രിസ്ത്യൻ യുവതികളും കബളിപ്പിക്കപ്പെടുന്നത് കണ്ടുകൊണ്ടിരിക്കുകയാണെന്നും അതിനെ ചെറുക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
'ബീഫ് കഴിക്കുന്നതിനെ ബി.ജെ.പി ഗുരുതര സംഭവമായാണ് കണക്കാക്കുന്നത്. കേരളത്തിൽ ഹിന്ദുക്കളടക്കം സാധാരണ ബീഫ് കഴിക്കുന്നവരാണ്. ജനങ്ങൾ ബീഫ് കഴിക്കരുതെന്ന നയത്തെ താങ്കൾ പിന്തുണക്കുന്നുണ്ടോ' എന്ന് അഭിമുഖത്തിനിടെ അവതാരക ചോദിച്ചു. 'വ്യക്തിപരമായി ഞാൻ വളരെ നിഷ്ഠ പുലർത്തുന്ന സസ്യാഹാരിയാണ്. മുട്ട പോലും കഴിക്കാറില്ല. ആരെങ്കിലും ഇറച്ചി കഴിക്കുന്നത് എനിക്ക് ഇഷ്ടവുമല്ല' എന്നായിരുന്നു ശ്രീധരൻ മറുപടി നൽകിയത്. ലവ്ജിഹാദ്, ഗോവധ നിരോധനം തുടങ്ങിയ കാര്യങ്ങളിൽ ബി.ജെ.പി നയം പൂർണമായും അംഗീകരിക്കുന്നുെവന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.