ഹവാല: വിദേശ പണമിടപാട് സ്ഥാപനങ്ങൾക്ക് പങ്ക്
text_fieldsകൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ എൻ.ഐ.എക്കും കസ്റ്റംസിനും പിന്നാലെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും (ഇ.ഡി) പിടിമുറുക്കുന്നു. സ്വർണം വാങ്ങാൻ ഹവാല മാർഗത്തിലൂടെ വിദേശത്തേക്ക് വൻതോതിൽ പണമൊഴുക്കിയെന്ന കണ്ടെത്തലിനെത്തുടർന്നാണ് ഇ.ഡിയും അന്വേഷണം ഊർജിതമാക്കിയത്.
2019 സെപ്റ്റംബർ മുതൽ ഈ മാസം പിടികൂടിയ നയതന്ത്ര ബാഗേജിലേത് അടക്കം 150 കിലോ സ്വർണം കടത്തിക്കൊണ്ടുവന്നെന്ന കസ്റ്റംസിെൻറ കണ്ടെത്തൽ ശരിവെച്ചാണ് ഇ.ഡിയും അന്വേഷണവുമായി മുന്നോട്ടുപോകുന്നത്. സ്വർണമെത്തിക്കാൻ കെ.ടി. റമീസ് വഴി 100 കോടിയിലേറെ രൂപ ഹവാല ചാനൽ വഴി വിദേശത്ത് എത്തിച്ചതായാണ് സംശയിക്കുന്നത്.
ഹവാല പണമൊഴുക്കിന് മലബാറിലും കൊച്ചിയിലും പ്രവർത്തിക്കുന്ന ചില വിദേശ പണമിടപാട് സ്ഥാപനങ്ങളുടെ സഹായം ലഭിച്ചതായാണ് സൂചന. 2015ൽ കുവൈത്ത് നഴ്സിങ് റിക്രൂട്ട്മെൻറിൽ പണമൊഴുക്കിയത് ഫോറിൻ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ വഴിയാണെന്ന് സ്ഥിരീകരിച്ചിരുന്നു.
ഈ രീതിയാവാം സ്വർണക്കടത്തിലും ഉപയോഗിച്ചതെന്നാണ് അന്വേഷണസംഘം കരുതുന്നത്. സ്വർണം കടത്തിയത് പലപ്പോഴായാണ് എന്നതിനാൽ പണമിടപാട് നടന്നത് കേരളത്തിലും യു.എ.ഇയിലുമായി പ്രവർത്തിക്കുന്ന ഹവാല ചെയിൻ വഴിയാണോ എന്നും സംശയിക്കുന്നുണ്ട്.
വിദേശത്ത് സ്വർണം വാങ്ങാൻ ദിർഹം മുടക്കുന്നവർ ഇതിന് തുല്യമായതോ അതിൽ കൂടുതലോ മൂല്യമുള്ള രൂപ കേരളത്തിലെ കണ്ണികൾക്ക് നൽകുന്ന രീതിയാണിത്. കസ്റ്റംസിെൻറ കസ്റ്റഡിയിലുള്ള റമീസിനെ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ പണം കടത്തിയതിെൻറ യഥാർഥ രീതി പുറത്തുവരൂ.
കഴിഞ്ഞ ദിവസം സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ, കെ.ടി. റമീസ് എന്നിവരുടെ അറസ്റ്റ് ഇ.ഡി രേഖപ്പെടുത്തിയിരുന്നു. പ്രതികളുടെ സ്വത്തുവകകൾ കണ്ടുകെട്ടാനും ഇ.ഡി കോടതിയെ സമീപിക്കും.
മൂന്ന് വിദേശ മലയാളികളെക്കുറിച്ച് സൂചന
തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിന് പണം നിക്ഷേപിച്ച മൂന്ന് വിദേശമലയാളികളെക്കുറിച്ച് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ഇവരുടെ നാട്ടിലെ സ്വത്ത് സംബന്ധിച്ച വിശദാംശങ്ങൾ പരിശോധിച്ചുവരുകയാണ്. സ്വർണക്കടത്തിനായി വ്യാജരേഖ തയാറാക്കാൻ സഹായിച്ചവർ, സ്വപ്നയുടെ ബാഗ് സൂക്ഷിച്ചയാൾ, അവരെ രക്ഷപ്പെടാൻ സഹായിച്ചവർ തുടങ്ങി നിരവധിപേർ നിരീക്ഷണത്തിലാണ്.
മൂവാറ്റുപുഴ സ്വദേശികളായ ചിലര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടതായാണ് അന്വേഷണസംഘം നൽകുന്ന വിവരം. എന്നാൽ, ഇവരുടെ പേരുവിവരങ്ങൾ വ്യക്തമാക്കാൻ അവർ തയാറായില്ല. ഇപ്പോള്‍ ദുബൈയിലുള്ള രണ്ടുപേരും മൂവാറ്റുപുഴയിലെ വ്യാപാരിയും നിരീക്ഷണത്തിലാണ്. ദുബൈയിലെ ഹവാല ഇടപാടുകളില്‍ അന്വേഷണ ഏജന്‍സികള്‍ പലവട്ടം പരിശോധന നടത്തിയിട്ടുള്ള മൂവാറ്റുപുഴ സ്വദേശിയും നിരീക്ഷണത്തിലാണ്.
2015ൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയതിന് പിടിയിലായ ചിലരാണ് തിരുവനന്തപുരത്ത് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിനും ചുക്കാൻപിടിച്ചതെന്ന് അന്വേഷണസംഘം സംശയിക്കുന്നു.
ഭൂമി കച്ചവടം; സ്വപ്ന ഇടനിലക്കാരി
തിരുവനന്തപുരം: സ്വർണക്കടത്തിനു പുറമെ, ഭൂമി കച്ചവടം, വന്‍കിട ഐ.ടി പദ്ധതി എന്നിവയിൽ ഇടനിലക്കാരിയായിരുന്നു സ്വപ്നയെന്ന് കണ്ടെത്തൽ. സ്പേസ് പാർക്കിെൻറ ചുമതലക്കാരിയെന്ന സ്ഥാനം കച്ചവട നേട്ടത്തിനായി ഉപയോഗിച്ചു. ബാങ്കില്‍നിന്ന് കണ്ടെത്തിയ പണം ഇതിനു ലഭിച്ച പ്രതിഫലമാണെന്നാണ് സ്വപ്നയുടെ മൊഴി. യു.എ.ഇ കോൺസുലേറ്റിന് സ്വന്തം ഓഫിസ് നിർമാണ പദ്ധതി അട്ടിമറിച്ചതിന് പിന്നിൽ സ്വപ്നയുടെയും ചില ഫ്ലാറ്റ് നിർമാണ കമ്പനികളുടെയും ഇടപെടൽ സംശയിക്കുന്നു. ഫ്ലാറ്റ് നിർമാണ കമ്പനി ഉടമയുമായി സ്വപ്ന നിരന്തരം ബന്ധപ്പെട്ടിരുന്നു. കള്ളക്കടത്തില്‍ ശിവശങ്കര്‍ ഇടപെട്ടിട്ടില്ലെന്നും ഇക്കാര്യം അറിയില്ലെന്നുമാണ് സ്വപ്ന കസ്റ്റംസിന് നൽകിയ മൊഴി.
ജലീലിനെതിരെ പരാതി
മലപ്പുറം: വിദേശ സംഭാവന നിയന്ത്രണ നിയമനം ലംഘിച്ചതിന് മന്ത്രി കെ.ടി. ജലീലിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ വിദേശ സംഭാവന നിയന്ത്രണ വിഭാഗം സെക്രട്ടറിക്ക് യൂത്ത് കോൺഗ്രസ് മുൻ സെക്രട്ടറി അഡ്വ. സിദ്ദീഖ് പന്താവൂര്‍ നിവേദനം നല്കി.
യു.എ.ഇ കൗണ്‍സില്‍ ജനറലില്‍ നിന്ന് അഞ്ച് ലക്ഷത്തിെൻറ ഭക്ഷ്യക്കിറ്റ് വാങ്ങി തവനൂരിലെ സി.പി.എം അനുഭാവികള്‍ക്കാണ് മന്ത്രി വിതരണം ചെയ്തതെന്നും ഇത് വിദേശ സംഭാവന നിയന്ത്രണ നിയമം 3 (35) വകുപ്പനുസരിച്ച് ശിക്ഷാര്‍ഹമാണെന്നും സിദ്ദീഖ് പറഞ്ഞു. കേന്ദ്രാനുമതി ലഭിച്ചാൽ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.ജി.പിക്ക് കസ്റ്റംസ് നോട്ടീസയക്കും
കൊച്ചി: കള്ളക്കടത്ത് സംഘങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസിക്ക് വിവരം കൈമാറിയിരുന്നെന്ന പരാമർശത്തിൽ വിശദീകരണത്തിന് ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് കസ്റ്റംസ് നോട്ടീസ് അയക്കും. ഒരു അഭിമുഖത്തിലാണ് കേരളത്തിലെ മയക്കുമരുന്ന്, കള്ളക്കടത്ത് സംഘങ്ങളെക്കുറിച്ച വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾക്ക് നേരത്തേ നൽകിയിരുന്നെന്ന് ഡി.ജി.പി വ്യക്തമാക്കിയത്. ഈ വിവരം എൻ.
ഐ.എക്ക് നൽകിയെന്നും ബെഹ്റ പറഞ്ഞിരുന്നു. ഇത് തങ്ങൾക്കും ലഭിക്കേണ്ടതാണെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടും.
അതിനിടെ, ദുബൈയിൽ കസ്റ്റഡിയിലായ സ്വർണക്കടത്ത് കേസിെല മൂന്നാംപ്രതി ൈഫസൽ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇയാൾക്കുവേണ്ടി എൻ.ഐ.എ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാൽ കസ്റ്റംസ് ഇതേ നടപടി ആവർത്തിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.