സ്വാശ്രയ മെഡിക്കൽ ഫീസ് കൂട്ടണമെന്ന ആവശ്യം കോടതി അംഗീകരിച്ചു; പുതുക്കി നിശ്ചയിക്കാൻ ഒരു മാസത്തെ സമയം
text_fieldsകൊച്ചി: ഫീസ് റെഗുലേറ്ററി കമ്മിറ്റി നിർണയിച്ച ഈ വർഷത്തെ സ്വാശ്രയ മെഡിക്കൽ ഫീസ് ഹൈകോടതി റദ്ദാക്കി. മാനദണ്ഡങ്ങളും കോടതി ഉത്തരവുകളും പാലിച്ച് ഫീസ് ഒരു മാസത്തിനകം പുനർനിർണയിക്കണമെന്നും ജസ്റ്റിസ് എ.എം. ഷെഫീഖ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഫീസ് നിർണയിച്ചത് മാനദണ്ഡങ്ങൾ പരിഗണിക്കാതെയാണെന്ന മാനേജ്മെന്റുകളുടെ വാദം അംഗീകരിച്ചാണ് ഉത്തരവ്. ആറ് മുതൽ ഏഴര ലക്ഷം വരെ ഫീസ് നിർണയിച്ച കമ്മിറ്റിയുടെ ഉത്തരവിനെതിരെ മാനേജ്മെൻറുകൾ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജിക്കാരുടെ കോളജുകൾക്ക് നിർണയിച്ച ഫീസ് നിരക്കുമായി ബന്ധപ്പെട്ടാണ് ഉത്തരവ്.
നവംബറിൽ ഹരജികൾ പരിഗണിക്കവെ കോളജുകൾ അവകാശപ്പെടുന്ന ഫീസ് നൽകേണ്ടിവരുമെന്ന കാര്യം പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിലും ഓൺലൈൻ പോർട്ടലിലും ഉൾപ്പെടുത്തണമെന്ന് കോടതി ഇടക്കാല ഉത്തരവിൽ നിർദേശിച്ചിരുന്നു. കോടതിയോ മറ്റ് അധികാരികളോ നിശ്ചയിക്കുന്ന ഫീസ് നൽകാൻ ബാധ്യസ്ഥരാണെന്ന് വിദ്യാർഥികൾ ഉറപ്പു നൽകണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. മാനദണ്ഡങ്ങൾ പരിഗണിക്കാതെ ഫീസ് നിശ്ചയിച്ചതിന് സമിതിയെ വിമർശിക്കുകയും ചെയ്തു. ഇടക്കാല ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തള്ളി. ഹൈകോടതി തന്നെ കേസ് പരിഗണിക്കട്ടെയെന്നും വ്യക്തമാക്കി. തുടർന്നാണ് ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ചിെൻറ പരിഗണനക്കെത്തിയത്.
കോളജുകൾ സമർപ്പിക്കുന്ന വരവുചെലവ് കണക്കടക്കം രേഖകൾ പരിശോധിച്ചും ജൂബിലി മിഷൻ കേസിലെ കോടതി ഉത്തരവ് പരിഗണിച്ചും എതിർ കക്ഷികളെ കൂടി കേട്ടശേഷം ഒരു മാസത്തിനകം ഫീസ് പുനർനിർണയിക്കാൻ സമിതിക്ക് ഒരു അവസരം കൂടി നൽകുന്നതായി കോടതി വ്യക്തമാക്കി. രേഖകൾ സഹിതം ജനുവരി 25ന് മുമ്പ് ഫീസ് പുനർനിർണയവുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കണം. രജിസ്ട്രി എത്രയും വേഗം കമ്മിറ്റിക്ക് ഉത്തരവ് കൈമാറാനും നിർദേശിച്ചു. തുടർന്ന് ഹരജി വീണ്ടും ജനുവരി 27ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.