മതിയായ യോഗ്യതയില്ല; എം.ജി വി.സിയുടെ നിയമനം ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: എം.ജി സര്‍വകലാശാല വൈസ് ചാൻസലർ ബാബു സെബാസ്റ്റ്യെൻറ നിയമനം ഹൈകോടതി റദ്ദാക്കി. മതിയായ യോഗ്യതയില്ലെന്നും സെലക്ഷൻ സമിതി തെരഞ്ഞെടുപ്പിൽ അപാകതയുണ്ടെന്നും കണ്ടെത്തിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിയമനം റദ്ദാക്കി ഉത്തരവിട്ടത്. ആവശ്യമായ യോഗ്യതയില്ലാത്ത സാഹചര്യത്തിൽ ബാബു സെബാസ്റ്റ്യനെ വി.സി പദവിയിൽനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് എറണാകുളം കുറുമശ്ശേരി സ്വദേശി പ്രേംകുമാർ നൽകിയ ഹരജിയിലാണ് ഉത്തരവ്.
2010ലെ യു.ജി.സി വ്യവസ്ഥ പ്രകാരം സർവകലാശാല വൈസ് ചാൻസലറാകാൻ വേണ്ട യോഗ്യതകൾ ബാബു സെബാസ്റ്റ്യനില്ലെന്ന് ആരോപിച്ചായിരുന്നു ഹരജി. സർവകലാശാലയിലോ ഗവേഷക, അക്കാദമിക് സ്ഥാപനത്തിലോ പ്രഫസറായി പത്ത് വർഷത്തെ പ്രവൃത്തിപരിചയമോ തത്തുല്യ യോഗ്യതയോ ആണ് വി.സി നിയമനത്തിന് വേണ്ടത്. ബാബു സെബാസ്റ്റ്യന് ഇൗ യോഗ്യതയില്ലെന്നും നിയമന പട്ടികയിൽ ഉൾപ്പെട്ട മതിയായ യോഗ്യതയുണ്ടായിരുന്ന മറ്റ് രണ്ടുപേരെ തഴഞ്ഞാണ് നിയമിച്ചതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വി.സി നിയമനത്തിന് യോഗ്യരായവരെ കണ്ടെത്താൻ രൂപവത്കരിക്കുന്ന സെലക്ഷൻ സമിതിയിൽ ബന്ധപ്പെട്ട സർവകലാശാലയുമായോ അതിന് കീഴിലെ കോളജുകളുമായോ ബന്ധമില്ലാത്ത ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ വേണമെന്നാണ് യു.ജി.സി ചട്ടം. ഇതും പാലിച്ചിട്ടില്ലെന്ന് ഹരജിക്കാരൻ ആരോപിച്ചിരുന്നു. ഇൗ ആരോപണങ്ങളെല്ലാം ശരിവെച്ചാണ് കോടതിയുെട ഉത്തരവ്.
2010ലെ യു.ജി.സി ചട്ടപ്രകാരം വി.സി നിയമനത്തിന് നിശ്ചയിച്ച യോഗ്യതകൾ 2010 സെപ്റ്റംബർ18 മുതൽ സംസ്ഥാന സർക്കാർ ഉത്തരവിലൂടെ നിർബന്ധമാക്കിയിട്ടുണ്ട്. ഇതിെൻ അടിസ്ഥാനത്തിൽ സർവകലാശാലകളും ചട്ടഭേദഗതി വരുത്തി. എന്നാൽ, 2014 ആഗസ്റ്റിൽ ബാബു സെബാസ്റ്റ്യനെ നിയമിച്ചപ്പോൾ ഇൗ ചട്ടം പാലിച്ചിട്ടില്ല. ഏതെങ്കിലും സർവകലാശാലയിൽ ഒരു ദിവസം പോലും അധ്യാപകനായിട്ടില്ലാത്ത ഇദ്ദേഹം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എജുക്കേഷനൽ ടെക്നോളജിയിൽ (എസ്.െഎ.ഇ.ടി) പത്ത് വർഷത്തിലേറെ ഡയറക്ടറായിരുന്നത് കണക്കിലെടുത്താണ് വി.സിയാക്കിയത്. എന്നാൽ, ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധമില്ലാത്ത ഇൗ സ്ഥാപനത്തിലെ പ്രവൃത്തിപരിചയം വി.സി നിയമന യോഗ്യതയായി കണക്കാക്കാനാവില്ലെന്ന ഹരജിക്കാരെൻറ വാദം കോടതി അംഗീകരിച്ചു. എസ്.െഎ.ഇ.ടിയിലെ ഡയറക്ടർ പദവി യു.ജി.സി ചട്ട പ്രകാരമുള്ള പ്രഫസർ പദവിക്ക് തുല്യമാവില്ല. അടിസ്ഥാന യോഗ്യതയില്ലാതെ ഉന്നത പദവികളിലിരുന്ന് ഉണ്ടാക്കിയ നേട്ടങ്ങളൊന്നും വി.സി പദവിക്ക് പരിഗണിക്കാനാവില്ല. ഇത്തരം യോഗ്യതകൾ അടിസ്ഥാനപരമായ അയോഗ്യതയെ മറികടക്കാൻ പര്യാപ്തമാണെന്ന വാദം അനുവദിക്കാനുമാവില്ല. വി.സിയായ ശേഷമാണ് ചില യോഗ്യതകൾ േനടിയത്. എന്നാൽ, നിയമന സമയത്ത് ഉണ്ടാകാതിരുന്ന യോഗ്യതകളെ നിയമനവുമായി ബന്ധപ്പെടുത്തി പിന്നീട് പരിഗണിക്കാനാവില്ല.
ബാബു സെബാസ്റ്റ്യെൻറ നിയമനത്തിന് തെരഞ്ഞെടുത്ത സെലക്ഷൻ കമ്മിറ്റിയുടെ ഘടനയിൽ അപാകതയുണ്ടെന്ന് കോടതി കണ്ടെത്തി. മൂന്നംഗ സമിതിയിൽ എം.ജി സർവകലാശാല സിൻഡിക്കേറ്റ്, സെനറ്റ് അംഗമായ അന്നത്തെ എം.എൽ.എ ബെന്നി ബഹന്നാനെ ഉൾപ്പെടുത്തിയത് ചട്ടലംഘനമാണ്. ചാൻസലറുടെ പ്രതിനിധിയായി ചീഫ് സെക്രട്ടറിയെയും യു.ജി.സി പ്രതിനിധിയായി ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് ഡയറക്ടർ ഡോ. ബലറാമിനേയുമാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, ബെന്നി ബഹന്നാൻ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധനാണ് എന്നതിന് തെളിവില്ലെന്ന് മാത്രമല്ല, സർവകലാശാലയുമായി ബന്ധമുള്ളവർ സമിതിയിൽ പാടില്ലെന്ന ചട്ടമുള്ളപ്പോൾ ഇദ്ദേഹത്തെ ഉൾപ്പെടുത്തരുതായിരുന്നു. ഇൗ സാഹചര്യത്തിൽ മൂന്നര വർഷത്തോളം വി.സി പദവിയിലിരുന്നെങ്കിലും ഇനി അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി നിയമനം റദ്ദാക്കുകയായിരുന്നു.
വി.സിയായിരിക്കെ നിർവഹിച്ച ചുമതലകളുടെയും ഉത്തരവുകളുടെയും സാധുത നിലനിൽക്കും
കൊച്ചി: എം.ജി സര്‍വകലാശാല വൈസ് ചാൻസലർ ബാബു സെബാസ്റ്റ്യെൻറ നിയമനം റദ്ദാക്കിയെങ്കിലും പദവിയിലിരിക്കെ അദ്ദേഹം ഒൗദ്യോഗികമായി നിർവഹിച്ച കാര്യങ്ങളുടെ സാധുത നിലനിൽക്കും. വി.സി എന്ന നിലയിൽ ഒേട്ടറെ ചുമതലകൾ നിർവഹിക്കുകയും ഉത്തരവുകൾ പുറപ്പെടുവിക്കുകയും നയപരമായ തീരുമാനങ്ങളെടുക്കുകയും ചെയ്തിട്ടുണ്ടാകാമെങ്കിലും ഇവയുടെ സാധുതക്ക് പരിരക്ഷ നൽകുന്നതായി ഹൈകോടതി വ്യക്തമാക്കി. ഒൗദ്യോഗിക പദവിയിലിരിക്കുേമ്പാൾ അനിവാര്യമായി നിർവഹിക്കേണ്ട ചുമതലകൾക്ക് നിയമസാധുത പരിഗണിക്കാതെ അംഗീകാരം നൽകുന്ന തത്ത്വ പ്രകാരമാണ് കോടതിയുടെ ഇൗ നടപടി.
രാജ്യത്തിെൻറ സാംസ്കാരിക, വിദ്യാഭ്യാസ സമ്പത്തിെൻറ അടിസ്ഥാനമായ സർവകലാശാലകൾക്ക് അതിേൻറതായ പ്രാധാന്യമുള്ളതുകൊണ്ടാണ് സംസ്ഥാനത്തെ പ്രമുഖ പൗരെൻറ മേൽനോട്ടത്തിൽതന്നെ ഇവ പ്രവർത്തിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗവർണർതന്നെ ചാൻസലറായ സർവകലാശാലകൾക്ക് സ്വയം ഭരണാധികാരം നൽകിയിരിക്കുന്നത് ഇതിെൻറ അടിസ്ഥാനത്തിലാണ്. ചട്ടങ്ങൾ പാലിക്കാതെ ഉന്നത സ്ഥാനങ്ങളിൽ നിയമനം നടത്തുന്നതും അപാകതകൾ വരുത്തുന്നതും സർവകലാശാലകൾക്ക് നൽകിയ അക്കാദമിക സ്വാതന്ത്ര്യം ബലികഴിക്കുന്നതാണ്. വിദ്യാഭ്യാസത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്ക് വഴിമാറ്റുന്നത് വെറുപ്പുളവാക്കുന്ന നടപടിയാണെന്നും കോടതി വിലയിരുത്തി.
നിയമനത്തിനു വേണ്ടി നൽകിയ അപേക്ഷയിൽ ബാബു സെബാസ്റ്റ്യൻ രണ്ട് മന്ത്രിമാരുടെ പേരുകളാണ് റഫറൻസിനായി നൽകിയിരുന്നത്. ഉന്നതരുമായി ബന്ധമുണ്ടെന്ന് സൂചന നൽകുന്ന ഇത്തരം നടപടികൾ നിയമലംഘനമെന്ന് പറയാനാവില്ലെങ്കിലും അനൗചിത്യമാണ്. ഉദ്യോഗാർഥികൾ ഇത്തരം രീതികൾ സ്വീകരിക്കുന്നത് അയോഗ്യതയായി കണക്കാക്കുന്ന തരത്തിൽ അധികൃതർ ചട്ടഭേദഗതി കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.