നിമിഷ ഫാത്തിമയെ തിരിച്ച് എത്തിക്കണമെന്ന ഹരജി പിൻവലിച്ചു, സിംഗിൾ ബെഞ്ചിനെ സമീപിക്കും
text_fieldsകൊച്ചി: അഫ്ഗാനിസ്താനിലെ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും ഇന്ത്യയിലെത്തിക്കാൻ നടപടി ആവശ്യപ്പെട്ട് മാതാവ് തിരുവനന്തപുരം സ്വദേശിനി കെ. ബിന്ദു നൽകിയ ഹേബിയസ് കോർപസ് ഹരജി പിൻവലിച്ചു.
വിദേശത്ത് ജയിലിലുള്ള ആളെ നാട്ടിലെത്തിക്കാൻ ഹേബിയസ് ഹരജിയല്ല നൽകേണ്ടതെന്നും സിംഗിൾ ബെഞ്ചിനെ സമീപിക്കണമെന്നും കോടതി നിരീക്ഷിച്ചതിനെത്തുടർന്നാണ് ഹരജി പിൻവലിച്ചത്. ഹരജി പിൻവലിക്കാൻ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് അനുമതി നൽകി. സിംഗിൾ ബെഞ്ചിൽ ഹരജി നൽകുമെന്ന് ഹരജിക്കാരി വ്യക്തമാക്കി.
2016ലാണ് ഭീകരസംഘടനയായ ഐ.എസിൽ ചേരാൻ ഭർത്താവ് പാലക്കാട് സ്വദേശി ബെക്സണിെൻറ പ്രേരണക്ക് വിധേയമായി നിമിഷ ഫാത്തിമ നാടുവിട്ടതെന്നായിരുന്നു ഹരജിയിൽ പറഞ്ഞിരുന്നത്. പിന്നീട് അഫ്ഗാൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ബെക്സൺ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടു. നിമിഷയടക്കമുള്ള ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരിച്ചയക്കാൻ അഫ്ഗാൻ സർക്കാർ തയാറായെങ്കിലും രാജ്യസുരക്ഷ കണക്കിലെടുത്ത് തിരിച്ചുകൊണ്ടുവരാൻ ഇന്ത്യൻ സർക്കാർ തയാറല്ലാത്ത സാഹചര്യത്തിൽ കോടതി ഇടപെടണമെന്നാവശ്യപ്പെട്ടാണ് ഹേബിയസ് കോർപസ് ഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.