സ്ഥിരം അധ്യാപക ഒഴിവ്: വിടുതൽ വാങ്ങാത്ത താൽക്കാലികക്കാർക്ക് മുൻഗണനയില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഒരു അക്കാദമിക് വർഷം പൂർത്തിയാക്കി വിടുതൽ വാങ്ങാതെ താൽക്കാലിക അധ്യാപകനായി തുടരുന്നയാൾക്ക് സ്കൂളിലുണ്ടാകുന്ന മറ്റൊരു സ്ഥിരം ഒഴിവിലെ നിയമനത്തിന് മുൻഗണന ഉണ്ടാകില്ലെന്ന് ഹൈകോടതി. കേരള വിദ്യാഭ്യാസ ചട്ടം 51 എ വകുപ്പ് പ്രകാരം താൽക്കാലിക ഒഴിവിലെ കാലാവധി പൂർത്തിയാക്കി വിടുതൽ വാങ്ങിയവർക്കാണ് ഈ വകുപ്പ് പ്രകാരമുള്ള ആനുകൂല്യം അവകാശപ്പെടാനാവൂവെന്ന് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തനിക്ക് നിയമപ്രകാരമുള്ള അവകാശം നിലനിൽക്കെ മറ്റൊരാളെ സ്ഥിരം ഒഴിവിലേക്ക് നിയമിച്ചത് ചോദ്യംചെയ്ത് മലപ്പുറം വളാഞ്ചേരി പുന്നത്തല എ.എം.യു.പി സ്കൂൾ അസിസ്റ്റന്‍റ് ടി. ശ്രീജിത് നൽകിയ ഹരജി തള്ളിയാണ് ഉത്തരവ്.
2009 ജൂൺ ഒന്നിനാണ് മറ്റൊരു അധ്യാപികയുടെ അവധി ഒഴിവിൽ ശ്രീജിത് ജോലിയിൽ പ്രവേശിച്ചത്. 2010 ഒക്ടോബർ വരെയായിരുന്നു നിയമനം. എന്നാൽ, അധ്യാപികക്ക് അവധി 2015 ഒക്ടോബർ പത്ത് വരെ നീട്ടി അനുവദിച്ചു. അതിനനുസരിച്ച് ഹരജിക്കാരന്‍റെ നിയമനവും നീട്ടി. വിദ്യാഭ്യാസ ഓഫിസർ അനുമതി നൽകിയില്ലെങ്കിലും മാനേജരുടെയും ഹരജിക്കാരന്‍റെയും അഭ്യർഥന പരിഗണിച്ച് ഡി.പി.ഐയുടെ നിർദേശ പ്രകാരം ഈ നിയമനങ്ങൾ വിദ്യാഭ്യാസ ഓഫിസർ അംഗീകരിച്ചു. എന്നാൽ, രണ്ട് വട്ടമായി ഉണ്ടായ ഒഴിവാണെങ്കിലും 2009 ജൂൺ ഒന്ന് മുതൽ 2015 ഒക്ടോബർ പത്ത് വരെ എന്ന നിലയിൽ ഒറ്റത്തവണ ആയാണ് താൽക്കാലിക നിയമനം അംഗീകരിച്ചത്.
ഇതിനിടെ 2010ൽ ലഭിച്ച എൽ.പി സ്കൂൾ അസിസ്റ്റന്‍റിന്‍റെ സ്ഥിരം തസ്തികയിലേക്ക് ആശ പി. വാസുദേവൻ എന്നയാളെ മാനേജർ നിയമിച്ചു. ഇവർക്ക് പകരം ശ്രീജിത്തിനെ നിയമിക്കാൻ സർക്കാർ ഉത്തരവിട്ടെങ്കിലും നേരത്തേ ഹരജി പരിഗണിച്ച കോടതി ഈ ഉത്തരവ് റദ്ദാക്കുകയും ആശയുടെ നിയമനത്തിന് അംഗീകാരം നൽകാൻ നിർദേശിക്കുകയും ചെയ്തു. തന്‍റെ ആവശ്യം തള്ളിയതിനെതിരെയാണ് വീണ്ടും ശ്രീജിത് കോടതിയെ സമീപിച്ചത്. നിയമനം അംഗീകരിക്കാത്തതിനെതിരെ അധ്യാപികയും കോടതിയെ സമീപിച്ചു.
ആദ്യമുണ്ടായ താൽക്കാലിക ഒഴിവിൽ ഒരു അക്കാദമിക വർഷം പൂർത്തിയാക്കിയതാണെന്നും സ്ഥിരം അധ്യാപികയുടെ അവധി നീട്ടിയതിനെ തുടർന്ന് രണ്ടാമതുണ്ടായ ഒഴിവിൽ വീണ്ടും നിയമനം ലഭിച്ചതാണെന്നുമായിരുന്നു ഹരജിക്കാരന്‍റെ വാദം.
ഒരു അക്കാദമിക് വർഷം പൂർത്തിയാക്കിയതിനാൽ കേരള വിദ്യാഭ്യാസ ചട്ടപ്രകാരം സ്ഥിരം ഒഴിവിൽ അർഹതയുണ്ടെന്നും വ്യക്തമാക്കി. എന്നാൽ, രണ്ട് തവണയുണ്ടായ ഒഴിവ് എന്ന് അവകാശപ്പെടുമ്പോഴും രേഖാമൂലം നിയമനാംഗീകാരം ലഭിച്ചിരിക്കുന്നത് 2009 ജൂൺ ഒന്ന് മുതൽ 2015 ഒക്ടോബർ പത്ത് വരെയുള്ള ഒറ്റ കാലയളവിലാണെന്ന് കോടതി നിരീക്ഷിച്ചു.
ഇതിനിടയിൽ സർവിസിൽനിന്ന് വിടുതൽ ഉണ്ടായിട്ടില്ല. നിയമനത്തിന് മതിയായ യോഗ്യതയുണ്ടെങ്കിലും താൽക്കാലിക ഒഴിവിൽ തുടരുന്നവർക്ക് അതേ സ്കൂളിലെ സ്ഥിരം ഒഴിവിലേക്ക് 51 എ വകുപ്പ് പ്രകാരമുള്ള അവകാശമില്ല.
അതിനാൽ സ്ഥിരം ഒഴിവിലേക്ക് അവകാശമുന്നയിക്കാൻ ഹരജിക്കാരന് കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, അധ്യാപികയുടെ നിയമനത്തിന് ഒരു മാസത്തിനകം അംഗീകാരം നൽകാനും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.