മോൻസൺ കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് തേടി ഹൈകോടതി
text_fieldsകൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ വ്യാജ പുരാവസ്തു തട്ടിപ്പുകേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് തേടി ഹൈകോടതി. അന്വേഷണം ഫലപ്രദമല്ലെന്നും ഡി.ജി.പിയുടെ കീഴിലുള്ള പ്രത്യേകസംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് തട്ടിപ്പിനിരയായ കോഴിക്കോട് സ്വദേശി എം.ടി. ഷെമീർ നൽകിയ ഹരജിയിലാണ് 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ നിർദേശിച്ചത്. തുടർന്ന്, ഹരജി 10 ദിവസത്തിനുശേഷം പരിഗണിക്കാൻ മാറ്റി.
വ്യാജരേഖകൾ ചമച്ചും ബാങ്ക് ബാലൻസുണ്ടെന്ന് വിശ്വസിപ്പിച്ചും വിദേശത്തേക്ക് പുരാവസ്തുക്കൾ നൽകിയ വകയിൽ പണം ലഭിക്കാനുണ്ടെന്ന് വിശ്വസിപ്പിച്ചും ഹരജിക്കാരനടക്കം അഞ്ചുപേരെ കബളിപ്പിച്ച് പണം തട്ടിയെന്നാണ് മോൻസണിനെതിരായ കേസ്.
2021 സെപ്റ്റംബർ 30ന് ഇവർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. എന്നാൽ, തട്ടിപ്പ് നടത്തിയതിന്‍റെ തെളിവുകൾ നൽകിയിട്ടും ക്രൈംബ്രാഞ്ച് എസ്.പി നടപടിയെടുക്കുന്നില്ലെന്ന് ഹരജിയിൽ പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും സഹായത്തോടെയാണ് പ്രതി തട്ടിപ്പ് നടത്തിയതെന്നും ഡി.ഐ.ജി സുരേന്ദ്രൻ, ഐ.ജി ജി. ലക്ഷ്‌മൺ, കെ. സുധാകരൻ എം.പി തുടങ്ങിയവരുടെ പങ്കിനെക്കുറിച്ച് പരാതിപ്പെട്ടിട്ടും അന്വേഷണത്തിന് ക്രൈംബ്രാഞ്ച് തയാറായില്ലെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.