എക്സാലോജിക്കിനെതിരെ എസ്.എഫ്.ഐ.ഒ അന്വേഷണം: ഹരജി തീർപ്പാക്കി
text_fieldsകൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് കമ്പനിക്കെതിരെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്.എഫ്.ഐ.ഒ) അന്വേഷണം ആവശ്യപ്പെട്ട് കോട്ടയം ജില്ല പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് നൽകിയ ഹരജി ഹൈകോടതി തീർപ്പാക്കി. ഇല്ലാത്ത സേവനത്തിന്റെ പേരിൽ എക്സാലോജിക്കിന് കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനി പ്രതിഫലം നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹരജിയാണ് ജസ്റ്റിസ് ടി.ആർ. രവി തീർപ്പാക്കിയത്. എക്സാലോജിക് കമ്പനിക്ക് ഇത്തരത്തിൽ അധികമായി ലഭിച്ച തുക തിരികെപ്പിടിക്കണമെന്ന ആവശ്യം അന്വേഷണത്തിനുശേഷം തീരുമാനിക്കേണ്ടതാണെന്നും അതിനാൽ ഹരജി തുടരുന്നതിൽ കാര്യമില്ലെന്നും കോടതി വിലയിരുത്തി. വീണ വിജയൻ വിദേശ ബാങ്കിലെ അക്കൗണ്ടിലൂടെ കള്ളപ്പണ ഇടപാട് നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഫയൽ ചെയ്ത ഉപഹരജി പ്രധാന ഹരജിയിലെ തുടർനടപടികൾ അവസാനിപ്പിച്ചതിനാൽ പരിഗണിച്ചില്ല. ആവശ്യമെങ്കിൽ ഹരജിക്കാരന് അനുയോജ്യമായ സമയത്ത് കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.
എസ്.എഫ്.ഐ.ഒ അന്വേഷണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടു കഴിഞ്ഞതാണെന്നും തുടർ നടപടി അവസാനിപ്പിക്കണമെന്നും സി.എം.ആർ.എൽ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു. ഉപഹരജിയുടെ കാര്യം ഷോണിന്റെ അഭിഭാഷകനും ചൂണ്ടിക്കാട്ടി. എക്സാലോജിക് കമ്പനി വിദേശ ബാങ്ക് അക്കൗണ്ടിലൂടെ കള്ളപ്പണ ഇടപാട് നടത്തിയെന്നും അതിൽ അന്വേഷണം വേണമെന്നുമായിരുന്നു ഉപഹരജിയിലെ ആവശ്യം. എസ്.എഫ്.ഐ.ഒ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ മറ്റ് മുൻവിധികൾ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ കോടതി ഹരജിയിൽ ഇടപെട്ടില്ല. അതേസമയം, എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരെ പൊതുമേഖല സ്ഥാപനമായ കെ.എസ്.ഐ.ഡി.സി ഫയൽ ചെയ്ത ഹരജി ജൂലൈ 15ലേക്ക് മാറ്റി.
ബന്ധമില്ലെന്ന് എക്സാലോജിക് കൺസൾട്ടിങ്
ദുബൈ: വീണ വിജയന്റെ എക്സാലോജിക് സൊലൂഷൻസുമായി ഒരു ബന്ധവുമില്ലെന്ന് ദുബൈയിലെ എക്സാലോജിക് കൺസൾട്ടിങ്. ഷോൺ ജോർജ് ഉന്നയിച്ച ആരോപണങ്ങളിൽ പരാമർശിക്കുന്ന സ്ഥാപനം എക്സാലോജിക് കൺസൾട്ടിങ് അല്ലെന്നും 2013ൽ ഷാർജയിൽ തുടങ്ങിയ സ്ഥാപനമാണിതെന്നും എക്സാലോജിക് കൺസൾട്ടിങ് കമ്പനി അധികൃതർ വ്യക്തമാക്കി. പ്രൈസ് വാട്ടർ കൂപ്പേഴ്സ്, എസ്.എൻ.സി ലാവ് ലിൻ എന്നിവരുമായി ബിസിനസ് ബന്ധങ്ങളില്ല. ഡയറക്ടർ ബോർഡിലും പേ റോളിലും വീണ, സുനീഷ് എന്ന പേരുകളിലുള്ള ആരുമില്ല. എക്സാലോജിക് സൊലൂഷൻ എന്ന പേരിലൊരു സ്ഥാപനം യു.എ.ഇയിൽ പ്രവർത്തിക്കുന്നില്ലെന്നും സ്ഥാപന മേധാവികളായ സസൂൺ സാദിഖ്, നവീൻകുമാർ എന്നിവർ ദുബൈയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ ഒരു കമ്പനിയുമായും ബിസിനസ് കരാറുകളില്ല. അബൂദബി കൊമേർഷ്യൽ ബാങ്കിൽ അക്കൗണ്ടുണ്ട്. അതുപക്ഷേ ആരോപണവിധേയരായവരുടെ പേരിൽ അല്ലെന്നും അവർ വ്യക്തമാക്കി. കേരളത്തിൽ സ്ഥാപനത്തിന് ബ്രാഞ്ചുകൾ ഇല്ല. ആസ്ഥാനം ഷാർജയാണ്. എന്നാൽ സ്ഥാപനങ്ങൾ ബംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. അബൂദബിയിൽ എക്സാറ്റ് ലോജിക് എന്ന പേരിലാണ് കമ്പനി രജിസ്റ്റർ ചെയ്തത്. ആരോപണവിധേയരുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ലെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.