ചിറ്റാർ കസ്റ്റഡി മരണം: സി.ബി.ഐ അന്വേഷണത്തിന് ഹൈകോടതി ഉത്തരവ്
text_fieldsകൊച്ചി: വനം ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത പത്തനംതിട്ട ചിറ്റാർ അരീക്കാവ് സ്വദേശി മത്തായിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സി.ബി.ഐ അേന്വഷണത്തിന് ഹൈകോടതി ഉത്തരവ്. മരണം കസ്റ്റഡി മർദനത്തെ തുടർന്നാണെന്നും അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഭാര്യ ഷീബ മോൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് വി.ജി. അരുണിെൻറ ഉത്തരവ്. മനഃപൂർവമല്ലാത്ത നരഹത്യയടക്കം ഉൾപ്പെടുത്തി കേസെടുത്ത് ൈക്രംബ്രാഞ്ച് അന്വേഷിക്കുന്നുണ്ടെങ്കിലും എത്രയും വേഗം അന്വേഷണം സി.ബി.ഐക്ക് വിടാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന സംസ്ഥാന സർക്കാർ നിലപാടുകൂടി പരിഗണിച്ചാണ് ഉത്തരവ്.
വനം വകുപ്പിെൻറ സി.സി.ടി.വികൾ നശിപ്പിച്ചെന്നാരോപിച്ച് ജൂലൈ 28ന് ൈവകീട്ട് നാലിന് വനം ഉദ്യോഗസ്ഥർ കസ്റ്റഡിയിെലടുത്ത് ചിറ്റാർ ഫോറസ്റ്റ് സ്േറ്റഷനിലേക്ക് കൊണ്ടുപോയ മത്തായിയെ അന്ന് വൈകീട്ട് ആറിന് കിണറ്റിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. അന്വേഷണം ശരിയല്ലെന്നും കുറ്റകൃത്യം സംബന്ധിച്ച് വ്യക്തമായ മൊഴിയുണ്ടായിട്ടും പ്രതികളെന്ന് ആരോപിക്കപ്പെട്ടവർക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ആരോപിച്ചാണ് ഭാര്യ ഹൈകോടതിയെ സമീപിച്ചത്. തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും പ്രതികൾക്ക് അവസരം നൽകുന്ന തരത്തിലാണ് അന്വേഷണമെന്നും ആരോപിച്ചിരുന്നു. പോസ്റ്റ്മോർട്ടം നടത്തി ജൂലൈ 31ന് കൈമാറിയെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാതെ സംസ്കരിക്കില്ലെന്ന നിലപാടിൽ ബന്ധുക്കൾ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.
അസ്വാഭാവിക മരണത്തിനാണ് ആദ്യം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെങ്കിലും മനഃപൂർവമല്ലാത്ത നരഹത്യ, അന്യായമായി തട്ടിക്കൊണ്ടുപോയി തടവിലാക്കൽ, തെളിവു നശിപ്പിക്കൽ, വ്യാജരേഖ ചമക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി എഫ്.ഐ.ആർ പരിഷ്കരിച്ച് കോടതിയിൽ സമർപ്പിച്ചതായി കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചിരുന്നു. സി.ബി.ഐ അന്വേഷണത്തിന് വിടാൻ നടപടിയെടുത്ത വിവരം കൂടി സർക്കാർ അഭിഭാഷകൻ വെള്ളിയാഴ്ച അറിയിക്കുകയായിരുന്നു.
എത്രയും വേഗം കേസ് സി.ബി.ഐ ഏറ്റെടുക്കുമെന്നും മരിച്ചയാളുടെ ബന്ധുക്കൾക്ക് നീതി ലഭിക്കുംവിധം വിശദ അന്വേഷണം നടത്തുമെന്നും കോടതി പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം, മൃതദേഹം സംസ്കരിക്കാതെ സൂക്ഷിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി, സംസ്കാരത്തിന് ഉടൻ നടപടി സ്വീകരിക്കാനും വാക്കാൽ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.