പ്രിയ വർഗീസിന്റെ നിയമനം: വിധി ഇന്ന്
text_fieldsകൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോ. പ്രഫസറായി നിയമിക്കുന്നതിനെതിരായ ഹരജിയിൽ ഹൈകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ഇന്ന് ഉച്ചക്ക് 1.45നാണ് വിധി പ്രസ്താവം നടത്തുക.
കണ്ണൂർ സർവകലാശാലയിലെ മലയാളം അസോ. പ്രഫസർ തസ്തിക നിയമനത്തിനുള്ള താൽക്കാലിക പട്ടികയിൽ പ്രിയക്കായിരുന്നു ഒന്നാം സ്ഥാനം. എന്നാൽ, അഭിമുഖത്തിൽ കൃത്രിമം കാണിച്ചാണ് റാങ്ക് പട്ടിക തയാറാക്കിയതെന്നും പ്രിയ വർഗീസിന്റെ നിയമനം മാനദണ്ഡങ്ങൾ പാലിച്ചല്ലെന്നും ചൂണ്ടിക്കാട്ടി പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ചങ്ങനാശ്ശേരി എസ്.ബി കോളജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്കറിയ ഹരജി നൽകുകയായിരുന്നു. തുടർച്ചയായ രണ്ട് ദിവസം വാദം കേട്ട ശേഷമാണ് കേസിൽ ഹൈകോടതി വിധി പ്രസ്താവം നടത്തുന്നത്.
അധ്യാപന പരിചയമെന്നത് കെട്ടുകഥയല്ലെന്നും നാഷനൽ സർവിസ് സ്കീം (എൻ.എസ്.എസ്) കോഓഡിനേറ്റർ എന്ന നിലയിൽ കുഴിവെട്ടുമ്പോൾ നിർദേശം നൽകുന്നത് അധ്യാപന പരിചയമാകില്ലെന്നും ഹൈകോടതി. അധ്യാപന പരിചയമെന്നത് ഒരു യാഥാർഥ്യമാണ്. അതിനാൽ, അസോ. പ്രഫസർ തസ്തികയിലേക്ക് മാർഗനിർദേശങ്ങളൊന്നുമില്ലാതെ നിയമനം നടത്താനാവില്ല. ഇക്കാര്യത്തിൽ യു.ജി.സി നിർദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
ഡയറക്ടർ ഓഫ് സ്റ്റുഡന്റ്സ് സർവിസ്, എൻ.എസ്.എസ് കോഓഡിനേറ്റർ എന്നീ നിലകളിൽ പ്രവൃത്തിക്കുമ്പോൾ ക്ലാസ് എടുത്തിരുന്നോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതിരുന്നതോടെയാണ് കോടതിയുടെ വിമർശനമുണ്ടായത്.
പ്രിയക്ക് അസോ. പ്രഫസർ നിയമനത്തിനുള്ള അധ്യാപന പരിചയമില്ലെന്നാണ് ഹരജിക്കാരന്‍റെ വാദം. ഗവേഷണ കാലത്തിന് ശേഷമുള്ള അധ്യാപന പരിചയം മൂന്ന് വർഷത്തിൽ താഴെയാണ്. ആകെ അഞ്ചു വർഷവും അഞ്ചു ദിവസവും മാത്രമാണ് അധ്യാപന പരിചയമുള്ളതെന്നും വ്യക്തമാക്കി. എന്നാൽ, അവധിയെടുക്കാതെയുള്ള ഗവേഷണ കാലം സർവിസിന്റെ ഭാഗമായി കണക്കാക്കാമെന്നും ഡെപ്യൂട്ടേഷനിൽ നടത്തിയ പ്രവർത്തനം അധ്യാപന പരിചയത്തിന്റെ ഭാഗമാണെന്നുമുള്ള വാദമാണ് പ്രിയ വർഗീസ് ഉന്നയിച്ചത്. ഗവേഷണം അധ്യാപനത്തോടൊപ്പം നടത്തിയാലേ അസോ. പ്രഫസറായി നിയമിക്കാനുള്ള അധ്യാപന പരിചയത്തിന്റെ ഭാഗമായി കണക്കാക്കാനാവൂവെന്ന് യു.ജി.സി വ്യക്തമാക്കി.
മതിയായ അധ്യാപന പരിചയം പ്രിയക്കുണ്ടെന്ന് സർവകലാശാല രജിസ്ട്രാർ ബുധനാഴ്ചയും ആവർത്തിച്ചു. ഡെപ്യൂട്ടേഷൻ കാലയളവിൽ പഠിപ്പിക്കാൻ നിർദേശമുണ്ടായിരുന്നോയെന്നും ഇത് വ്യക്തമാക്കുന്ന രേഖ അപേക്ഷക്കൊപ്പം നൽകിയിരുന്നോയെന്നും കോടതി പ്രിയയോട് പലതവണ ആരാഞ്ഞു. അത്തരത്തിൽ ഹാജരാക്കിയ രേഖകൾ മാത്രമേ കണക്കിലെടുക്കാനാകൂവെന്നും കോടതി വ്യക്തമാക്കി. തുടർന്നാണ് വാദം പൂർത്തിയാക്കി ഹരജി വിധി പറയാൻ മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.