സി.പി.ഐ വിട്ടവരാണ് സി.പി.എം ഉണ്ടാക്കിയതെന്ന് മറന്നുപോയോ?: എം.വി. ജയരാജന് കാനത്തിന്‍റെ മറുപടി
text_fieldsതൃശൂർ: സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജന് മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സകല കുറ്റങ്ങളും ചെയ്തവർക്ക് കയറിക്കൂടാനുള്ള കൂടാരമായി കണ്ണൂരിലെ സി.പി.ഐ മാറിയെന്നായിരുന്നു ജയരാജന്‍റെ പ്രസ്താവന. ഇതിന് മറുപടിയായി, സി.പി.ഐ വിട്ടവരാണ് സി.പി.എം ഉണ്ടാക്കിയതെന്ന് മറന്നുപോയോയെന്ന് കാനം രാജേന്ദ്രൻ ചോദിച്ചു.
'സി.പി.ഐ വിട്ടുപോയവരാണ് സി.പി.എം ഉണ്ടാക്കിയത്. ആ ചരിത്രം എം.വി. ജയരാജൻ മറന്നുപോയതാവും. പാർട്ടി വിടുന്നതൊക്കെ സാധാരണ സംഭവമാണ്. അതിനകത്ത് ഇപ്പോൾ മുന്നണി പ്രശ്നമൊന്നും ഇല്ല. ഞങ്ങൾ അതൊന്നും ഗൗരവമായി എടുക്കുന്നുമില്ല' -കാനം രാജേന്ദ്രൻ പറഞ്ഞു.
കണ്ണൂരിൽ സി.പി.എം മുൻ ഏരിയ കമ്മിറ്റി അംഗം കോമത്ത് മുരളീധരൻ സഹപ്രവർത്തകരുമായി പാർട്ടി വിട്ട സാഹചര്യത്തിലായിരുന്നു എം.വി. ജയരാജന്‍റെ വിവാദ പ്രസ്താവന. സകല കുറ്റകൃത്യങ്ങളും ചെയ്യുന്നവർക്ക് കയറിക്കിടക്കാവുന്ന കൂടാരമായി കണ്ണൂരിലെ സി.പി.ഐ മാറിയെന്നായിരുന്നു ജയരാജൻ പറഞ്ഞത്. സാമ്പത്തിക ക്രമക്കേട് നടത്തിയാലും അസാന്മാർഗിക കുറ്റത്തിന് പാർട്ടി പുറത്താക്കിയാലും ഉടൻ സി.പി.ഐ എടുത്തോളും. സി.പി.ഐക്ക് ഇങ്ങനെയൊരു ഗതികേട് വന്നതിൽ വല്ലാത്ത വിഷമമുണ്ടെന്നും ജയരാജൻ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.