ജീവൻ തിരിച്ചു കിട്ടി; ഇനി നഷ്ടപരിഹാരത്തിനുള്ള പോരാട്ടം
text_fieldsകൊല്ലം: പൊലീസ് കള്ളക്കേസിൽ കുടുക്കിയപ്പോൾ ചോദിക്കാൻ ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കിൽ കൊലക്കയർ സ്വപ്നം കണ്ട് 11 വർഷം താൻ ജയിലിൽ കിടക്കില്ലായിരുന്നെന്ന് ഗിരീഷ് കുമാർ. കുണ്ടറ ആലീസ് വധക്കേസിൽ വധശിക്ഷ വിധിക്കപ്പെട്ട് 11 വർഷം ജയിലിൽ കിടന്നശേഷം കഴിഞ്ഞ ദിവസം കുറ്റക്കാരനല്ലെന്നു കണ്ട് ഹൈകോടതി വിട്ടയച്ച് നാട്ടിലെത്തിയ ഗിരീഷ് കുമാർ ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു.
‘ജീവൻ മാത്രമെ തിരിച്ചുകിട്ടിയുള്ളൂ, കോടതി വിധിച്ച അഞ്ചുലക്ഷം നഷ്ടപരിഹാരം തന്റെ നഷ്ടപ്പെട്ട ജീവിതത്തിന് പകരമാകില്ല, അതുകൊണ്ടുതന്നെ കൂടുതൽ നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കും’- ചവറയിലെ തന്റെ പഴയ കോഴിക്കടയിൽ ജോലിക്കെത്തിയ ഗിരീഷ് പറഞ്ഞു. തനിക്കൊരു വിവാഹ ജീവതമടക്കം ലഭിക്കണമെങ്കിൽ ആലീസിനെ ബലാത്സംഗം ചെയ്ത് കൊന്ന യഥാർഥ പ്രതിയെക്കൂടി പിടികൂടണം. ഇതിനായും ഉള്ള നിയമപോരാട്ടമാണ് ഇനി- ഗിരീഷ് വ്യക്തമാക്കി.കേസിൽ പ്രതിയാക്കാനുള്ള യാതൊരു തെളിവുമില്ലെന്ന് കണ്ടെത്തിയാണ് വിചാരണകോടതി വിധിച്ച വധശിക്ഷ റദ്ദാക്കി ഗിരീഷിനെ ഈ മാസം അഞ്ചിന് വെറുതെ വിട്ടത്.
2013 ജൂൺ 11നാണ് കുണ്ടറ മുളവന കോട്ടപ്പുറം എ.വി സദനത്തിൽ ആലീസ് വർഗീസ് (57) കൊല്ലപ്പെട്ടത്. ഒറ്റക്ക് താമസിച്ചിരുന്ന ആലീസിനെ കഴുത്തുമുറിച്ച് കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നെന്നാണ് കേസ്. മറ്റൊരു കേസിൽ ജയിലിലായിരുന്ന ഗിരീഷ്, ആലീസ് കൊല്ലപ്പെടുന്നതിന് ഏതാനും ദിവസം മുമ്പാണ് പുറത്തിറങ്ങിയത്. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ജൂൺ 22ന് തന്നെ കസ്റ്റഡിയിലെടുത്തതെന്ന് ഗിരീഷ് പറയുന്നു. ആദ്യ ദിവസം ജ്യേഷ്ഠൻ അന്വേഷിച്ച് വന്നപ്പോൾ പൊലീസ് അയാളെയും പ്രതിയാക്കുമെന്ന് പറഞ്ഞ് വിരട്ടി ഓടിച്ചു. ചില്ലറ മോഷണവും പോക്കറ്റടിയും മദ്യപാനവുമെല്ലാമുണ്ടായിരുന്നതിനാൽ പിന്നീട് വീട്ടുകാർ തിരിഞ്ഞു നോക്കിയില്ല. യഥാർഥ പ്രതികളെ കിട്ടാതായപ്പോൾ ചോദിക്കാനാരുമില്ലാത്ത തന്നെ എളുപ്പത്തിൽ പ്രതിയാക്കാൻ പൊലീസിന് കഴിഞ്ഞു. താൻ ജോലിചെയ്തിരുന്ന കോഴി ഫാമിന്റെ ഉടമ ഫ്രാൻസിസും (തമ്പി) താനും ഒരുമിച്ചുള്ളപ്പോഴാണ് കൊലപാതകം നടന്നത്, എന്നാൽ, അദ്ദേഹത്തെ വിചാരണ ചെയ്യാൻ പോലും കീഴ്കോടതി തയാറായില്ല -ഗിരീഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.