ഇവൻ റേപ്പിസ്റ്റ്, എന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചു, റോഡിലിട്ട് വലിച്ചിഴച്ചു' -അക്രമിയുടെ ചിത്രം പങ്കുവെച്ച് യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്
text_fieldsകോഴിക്കോട്: കഴിഞ്ഞ ദിവസം രാത്രി കുന്ദമംഗത്ത് ബസിറങ്ങി വീട്ടിലേക്ക് പോകും വഴി നേരിട്ട അക്രമം വെളിപ്പെടുത്തി ചിത്രകാരി ആലിസ് മഹാമുദ്ര.
അജ്ഞാതനായ അക്രമി വെളിച്ചമില്ലാത്തിടത്ത് വെച്ച് തന്നെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. റോഡിലിട്ട് വലിച്ചിഴച്ചു. താൻ അലറി വിളിച്ച് അവനെ ചവിട്ടിത്തെറിപ്പിച്ചു. ആളുകൾ ഓടിക്കൂടി അവനെ പിടിച്ചു പൊലീസിന് കൈമാറിയെന്നും ആലീസ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിൽ പ്രതിയുടെ ചിത്രസഹിതമാണ് ആലിസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ അപകടത്തിൽ, തന്റെ അസാമാന്യ പ്രതിരോധ ശക്തിയും ഭാഗ്യവുമാണ് തന്നെ രക്ഷിച്ചത്. മറ്റേതൊരു സ്ത്രീയും വിറച്ച് പോകുന്ന സാഹചര്യമാണെന്നും അവർ ഫേസ് ബുക്കിൽ കുറിക്കുന്നു.
തന്റെ ഉടലിനെയും ആത്മാഭിമാനത്തെതയും ആക്രമിച്ചവനെ തനിക്ക് വേണ്ടിയും ലോകത്തിലെ മൊത്തം സ്ത്രീകൾക്ക് വേണ്ടിയും വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും എന്ന് ആലിസ് ചൂണ്ടിക്കാട്ടി. സംഭവത്തിൽ കുന്ദമംഗലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇന്ന് കേസ് രജിസ്റ്റർചെയ്യുമെന്ന് ആലീസ് പറഞ്ഞു.
അവനു വേണ്ടി കരഞ്ഞു കാലുപിടിച്ച അമ്മയോട് അവനെ കൊന്നിട്ട് വരൂ. അപ്പോൾ മാത്രം നിങ്ങളുടെ വാക്കുകൾക്ക് ചെവി തരാമെന്നാണ് താൻ പറഞ്ഞതെന്നും ആലിസ് ഫേസ് ബുക്കിൽ കുറിച്ചു.
ആലിസിന്റെ ഫേസ്ബുക്ക് പോസ്റ്റ് :
ഇവൻ റേപ്പിസ്റ്റ്
ഇന്നലെ രാത്രി 8.30 ന് കോഴിക്കോട് കുന്നമംഗലം ബസ്സ് ഇറങ്ങി എന്റെ വീട്ടിലേയ്ക്ക് നടന്നു വരുന്ന വഴിയിൽ ഞാൻ അറിയാതെ ഇവൻ എന്നെ ഫോളോ ചെയ്തിരുന്നു. ജംഗ്ഷൻ വിട്ട് ഇടവഴിയിലേയ്ക്ക് തിരിഞ്ഞപ്പോ സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാത്ത ഇടത്തേയ്ക്ക് എത്തിയതും ഇവൻ എന്നെ ആക്രമിച്ചു റേപ്പ് ചെയ്യാൻ ശ്രമിച്ചു. റോഡിലിട്ടു വലിച്ചിഴച്ചു. അവനെ ഞാൻ ചവിട്ടിത്തെറിപ്പിച്ചലറി. എന്റെ അലർച്ചയിൽ ആളുകൾ ഓടി വരാൻ സാധ്യതയുള്ളതിനാൽ അവൻ ഓടി.
ഞാൻ അവന്റെ പുറകെ അലറിക്കൊണ്ടോടി. മെയിൻ റോഡിൽ അവന്റെ പുറകെ ഓടി. അലർച്ചകെട്ടു ആളുകൾ ഓടിക്കൂടി. രണ്ടു കൊച്ചു പയ്യന്മാർ ബൈക്ക് എടുത്ത് അവന്റെ പുറകെ പാഞ്ഞു. അവനെ പിടിച്ചുകൊണ്ടു വന്നു. അവനെ നല്ലവണ്ണം കൈകാര്യം ചെയ്തു കുന്നമംഗലം പൊലീസിന് കൈമാറി.
ഇനിയുള്ളതാണ് നമ്മുടെ നിയമപരമായ ലൂപ്പ് ഹോൾ. ഇതുവരെയും നടന്ന റേപ്പുകളുടെ വിധി ഇനി ബാക്കി നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. പക്ഷേ ഏതറ്റം വരെയും ഞാൻ പോകും. ഇവൻ ഈ സമൂഹത്തിൽ ഇനിയും പതിയിരിക്കാൻ പാടില്ല. ഇന്നലെ ഒരുപക്ഷേ എന്റെ അപകട സാഹചര്യങ്ങളിൽ വരുന്ന അസാമാന്യ പ്രതിരോധ ശക്തിയും നേരം അതിനെക്കാളും ഇരുട്ടിയിട്ടില്ല എന്നുള്ളതും ഭാഗ്യവും അനൂകൂല ഘടകമായി വന്നതിനാലാണ് ഞാൻ റേപ്പ് ചെയ്യപ്പെടാതിരുന്നതും കൊല്ലപ്പെടാതിരുന്നതും.
ഇതേ സാഹചര്യത്തിൽ വിറച്ചു പോകുന്ന ഒരു സ്ത്രീയോ ഒരു കുട്ടിയോ ആയിരുന്നെങ്കിൽ സ്ഥിതി ഇതാകുമായിരുന്നില്ല. ആയതിനാൽ എന്റെ ഉടലിനെ, എന്റെ ആത്മാഭിമാനത്തെ ആക്രമിച്ച അവനെ എന്റെ വ്യക്തിപരമായ പേരിലും ലോകത്തിലെ മൊത്തം സ്ത്രീകൾക്ക് വേണ്ടിയും ഇതുവരെയും റേപ്പ് ചെയ്യപ്പെട്ട മൊത്തം സ്ത്രീകൾക്ക് വേണ്ടിയും വെറുതെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.
അവനു വേണ്ടി കരഞ്ഞു കാലുപിടിച്ച അവന്റെ അമ്മയോട് ഞാൻ പറഞ്ഞത്: നിങ്ങൾ അവനെ കൊന്നിട്ട് വരൂ. അപ്പോൾ മാത്രം ഞാൻ നിങ്ങളുടെ വാക്കുകൾക്ക് ചെവി തരാം. അല്ലെങ്കിൽ ഞാൻ അവനെ കൊന്നുകൊള്ളാം. അവന്റെ പേരും അഡ്രസ്സും ഞാൻ ഇന്ന് എടുക്കും. ലോകത്തിന്റെ മുന്നിൽ ഇവൻ റേപ്പിസ്റ്റ് എന്ന് ഞാൻ മുദ്രയടിക്കും. ഇനി ഒരിക്കലും എവിടെയും പതുങ്ങിയിരിക്കാൻ ഞാൻ അനുവദിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.