‘ഇന്ത്യ ഭരിക്കാനുള്ള അവസരം സ്വീകരിക്കേണ്ടതായിരുന്നു, ഇടതുപക്ഷത്തിന് കൂടുതൽ സ്വീകാര്യത കിട്ടിയേനെ’; വർഗീയതക്കെതിരെ കോൺഗ്രസിനൊപ്പമെന്ന് സി.പി.ഐ നേതാവ്
text_fieldsകോഴിക്കോട്: 1996ൽ ഇന്ത്യ ഭരിക്കാൻ ലഭിച്ച അവസരം സി.പി.എം സ്വീകരിക്കേണ്ടതായിരുന്നുവെന്ന് സി.പി.ഐ ദേശീയ നിർവാഹക സമിതിയംഗവും രാജ്യസഭ എം.പിയുമായ പി. സന്തോഷ് കുമാർ. സ്വീകരിച്ചിരുന്നെങ്കിൽ ഇടതുപക്ഷത്തിന് കൂടുതൽ സ്വീകാര്യത കിട്ടുമായിരുന്നു. സാന്നിധ്യമറിയിക്കുകയും ജനമറിയുകയും ചെയ്യുക എന്നത് പ്രധാനമാണെന്നും സന്തോഷ് കുമാർ ചൂണ്ടിക്കാട്ടി.
സി.പി.ഐയുടെ 100-ാം സ്ഥാപക വാർഷികത്തിൽ ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് കുമാർ നിലപാട് വ്യക്തമാക്കിയത്. 1996ൽ കോൺഗ്രസിന് ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തിൽ കൂട്ടുമന്ത്രിസഭയുടെ നേതാവായി സി.പി.എം മുതിർന്ന നേതാവും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ജ്യോതി ബസു വരണമെന്നായിരുന്നു പൊതു അഭിപ്രായം. എന്നാൽ, വേണ്ടെന്ന തീരുമാനമാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയും പൊളിറ്റ്ബ്യൂറോയും സ്വീകരിച്ചത്. അതേസമയം, പാർട്ടി തീരുമാനത്തെ ചരിത്രപരമായ മണ്ടത്തരമെന്നാണ് ജ്യോതി ബസു അന്ന് വിശേഷിപ്പിച്ചത്.
ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാകണമെന്ന് ആഗ്രഹിക്കുന്നവരും മറിച്ചുള്ളവരും എന്നാണ് ദേശീയ രാഷ്ട്രീയ ചിത്രമെന്ന് സന്തോഷ് കുമാർ പറഞ്ഞു. ഏറ്റവും വലിയ മതനിരപേക്ഷ ശക്തി കോൺഗ്രസ് ആണ്. കേരളത്തിലെ എൽ.ഡി.എഫ് പോലെയല്ല ഇൻഡ്യ സഖ്യം. കാലഘട്ടം ആവശ്യപ്പെടുന്ന നീക്കുപോക്കാണിത്. കോൺഗ്രസിന് പിന്നിൽ സി.പി.ഐ അണിനിരക്കേണ്ടി വന്നുവെന്ന പ്രയോഗത്തോട് യോജിപ്പില്ല.
ആശയപരമായും സംഘടനാപരമായും എതിർക്കുന്നവർ പാർട്ടിയെ തകർക്കാൻ ശ്രമങ്ങൾ നടത്തി. ഇതൊക്കെയാണെങ്കിലും അഭിമാനകരമായ സംഭാവനകളാണ് ഇന്ത്യൻ രാഷ്ട്രീയത്തിന് പാർട്ടി നൽകിയത്. പല കാര്യങ്ങളിലും യോജിക്കാനാകാത്ത കോൺഗ്രസ് പോലുള്ളവരുമായി കൈകോർക്കാൻ സാധിക്കുന്നതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ വലിയ ശക്തി. കോൺഗ്രസിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ മനസിലുണ്ടെങ്കിലും വർഗീയതക്കെതിരെ അവർക്കൊപ്പം നിൽക്കും.
സ്വത്വരാഷ്ട്രീയത്തെ കൈകാര്യം ചെയ്യാൻ കഴിയുന്നില്ല എന്നതാണ് കമ്യൂണിസ്റ്റ് പാർട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നമെന്ന് സന്തോഷ് കുമാർ ചൂണ്ടിക്കാട്ടി. ഓരോ വിഭാഗവും ഓരോ വോട്ട് ബാങ്ക് ആണ്. ദലിതരുടെയും മതന്യൂനപക്ഷങ്ങളുടെയും വിശ്വാസം വേണ്ടത്ര ആർജിക്കാൻ കഴിഞ്ഞിട്ടില്ല. പുതിയ തലമുറ വളർന്നു വരണമെങ്കിൽ ബോധപൂർവമായ ശ്രമങ്ങൾ വേണം. പദവികളിൽ ഇരിക്കുന്ന ചിലർക്ക് മാറാൻ മടിയുണ്ടെന്നത് യാഥാർഥ്യമാണെന്നും സന്തോഷ് കുമാർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.