ഈ പച്ചമണ്ണിനടിയിൽ അവൻ ഉറങ്ങുന്നു...
text_fieldsഅമറിന്റെ ഖബറിനു മുന്നിൽനിന്ന് പ്രാർഥിക്കുന്ന പിതാവ് ഇബ്രാഹിം
മുള്ളരിങ്ങാട് (ഇടുക്കി): ‘‘ഇപ്പോൾ അവൻ ഉണ്ടായിരുന്നെങ്കിൽ അവന്റെ കൂട്ടുകാരെപ്പോലെ പള്ളിയിലെ നോമ്പുതുറക്കൊക്കെ ഓടി നടക്കുമായിരുന്നു...’’ അത് പറയുമ്പോൾ ഇബ്രാഹിമിന്റെ ഇടനെഞ്ചിന്റെ പിടപ്പ് അറിയാനാവുമായിരുന്നു. തൊട്ടുമുന്നിൽ പള്ളിത്തൊടിയിൽ ഇനിയും നനവ് മാറാത്ത മണ്ണിൽ അയാളുടെ ഏക മകൻ ഉറങ്ങുന്നു. ഇക്കഴിഞ്ഞ ഡിസംബർ 29ന് വൈകീട്ട് കാട്ടാന ചവിട്ടിയെറിഞ്ഞത് അയാളുടെ ജീവൻ തന്നെയാണ്. അമർ ഇബ്രാഹിം എന്ന 23കാരന്റെ പിതാവ് ആ ഖബറിനു മുന്നിൽനിന്ന് വിതുമ്പി.
മുള്ളരിങ്ങാട് അമയൽത്തൊടി പാലിയത്ത് വീട്ടിൽ ഇബ്രാഹിം-ജമീല ദമ്പതികളുടെ മകനാണ് അമർ ഇബ്രാഹിം. അവന് പശുവിനെയും പോത്തിനെയും വളർത്തുന്നത് വലിയ ഇഷ്ടമായിരുന്നതായി ജമീല പറഞ്ഞു. മേയാൻ വിട്ട പശുവിനെ കാണാതായപ്പോൾ കൂട്ടുകാരനുമൊത്ത് അന്വേഷിച്ചിറങ്ങിയ അമർ, കാട്ടാനയുടെ മുന്നിൽപെടുകയായിരുന്നു. സുഹൃത്ത് മൻസൂറിന്റെ കാലിന്റെ എല്ല് ആന ചവിട്ടിയൊടിച്ചു. മരം മുറിക്കുന്ന പണിയാണ് ഇബ്രാഹിമിന്. ഞായറാഴ്ചയായിരുന്നു അമറിന് ദുരന്തമുണ്ടായത്. തൊടുപുഴ അൽഅസ്ഹർ കോളജിൽനിന്ന് ബി.കോം ടാക്സേഷൻ പാസായ അമർ, തിങ്കളാഴ്ച മൂവാറ്റുപുഴയിലെ ഒരു കടയിൽ ജോലിക്കു കയറാനിരുന്നതാണെന്ന് പിതാവ് ഇബ്രാഹിം പറഞ്ഞു.
‘‘എല്ലാ ദിവസവും ഞാനിവിടെ വരും.. എന്റെ മോനുവേണ്ടി പ്രാർഥിക്കും.. ഈ ലോകത്ത് അവന് പടച്ചവൻ അത്രയും ആയുസ്സേ വിധിച്ചിരുന്നുള്ളൂ...’’ അമറിന്റെ ഖബറിനുമുന്നിൽനിന്ന് ഇബ്രാഹിം കണ്ണുനിറച്ചു. ‘‘എല്ലാവർക്കും സഹായിയായിരുന്നു അവൻ. എന്തിനും മുന്നിലുണ്ടായിരുന്നു.. അത്യുഷ്ണത്തിന്റെ ഉച്ച നേരത്തും മകന്റെ ഓർമകളിൽ അയാൾ നിന്നുപെയ്തു.
ഷീറ്റിട്ട വീട് മാറ്റി കോൺക്രീറ്റ് ചെയ്യണമെന്നത് അമറിന്റെ ആഗ്രഹമായിരുന്നു. നാട്ടുകാരും അമറിന്റെ സുഹൃത്തുക്കളും ചേർന്ന് ആ സ്വപ്നം ഇപ്പോൾ സാക്ഷാത്കരിച്ചുകൊണ്ടിരിക്കുന്നു. അമർ കൊല്ലപ്പെട്ട തേക്ക് കൂപ്പിനോട് ചേർന്ന വീടിന്റെ മേൽക്കൂര പൊളിച്ച് കോൺക്രീറ്റ് ചെയ്യുകയാണിപ്പോൾ. മുറ്റത്ത് താൽക്കാലികമായുണ്ടാക്കിയ ഷെഡ്ഡിൽ ഇബ്രാഹിമും ജമീലയും ഉണങ്ങാത്ത കണ്ണീരുമായി കഴിയുന്നു. അമറിന്റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം പ്രഖ്യാപിച്ചിരുന്നു. അതിൽ നാലുലക്ഷം മാത്രമാണ് ഇതുവരെ കിട്ടിയത്. ആറുലക്ഷം ഇനിയും കിട്ടാനുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.