അവൻ ജനിച്ചു, നടുറോഡിൽ വന്യമൃഗങ്ങൾക്കിടയിൽ...
text_fieldsനെല്ലിയാമ്പതി: ജീപ്പിൽ പ്രസവിച്ച നവജാത ശിശുവുമായി പുറപ്പെട്ട ആരോഗ്യസംഘം ക്രിസ്മസ് തലേന്ന് രാത്രി കാട്ടാനക്കും കാട്ടുപോത്തുകൾക്കും ഇടയിൽ കുടുങ്ങി. നെല്ലിയാമ്പതി സീതാർകുണ്ട് എസ്റ്റേറ്റ് പാടിയിൽ താമസിക്കുന്ന അന്തർസംസ്ഥാന തൊഴിലാളി സുജയ് സർദാരിന്റെ ഭാര്യ സാംബയെയും (20) കുഞ്ഞിനെയുംകൊണ്ട് നെല്ലിയാമ്പതിയിൽനിന്ന് നെന്മാറയിലേക്കു പുറപ്പെട്ട ആരോഗ്യവകുപ്പ് ജീവനക്കാരുടെ സംഘമാണ് കൊമ്പന്റെ മുന്നിലകപ്പെട്ടത്.
നെല്ലിയാമ്പതി പോത്തുണ്ടി ചുരം റോഡിലാണ് കാട്ടാനക്കും കാട്ടുപോത്തുകൾക്കും ഇടയിൽ രാത്രി രണ്ടു മണിക്കൂറോളം കുടുങ്ങിയത്. സംഭവം ഇങ്ങനെ... 24ന് രാത്രി 11ന് പ്രസവവേദനയെ തുടർന്ന് സീതാർകുണ്ടിൽനിന്ന് നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് ഗർഭിണിയെയുംകൊണ്ട് ജീപ്പ് പുറപ്പെട്ടു. നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് സുധിന സുരേന്ദ്രനും നഴ്സിങ് അസിസ്റ്റന്റ് ജാനകിയും പ്രസവമെടുക്കാൻ വേണ്ട സംവിധാനമൊരുക്കി. നെന്മാറയിലുള്ള ഗൈനക്കോളജിസ്റ്റ് ഡോ. ലക്ഷ്മിയുമായി ഫോണിൽ ബന്ധപ്പെട്ടു. നിർദേശത്തിന് തയാറായിനിന്നു.
എന്നാൽ, നെല്ലിയാമ്പതി ആശുപത്രിയിലേക്ക് എത്തുന്നതിന് മുമ്പുതന്നെ യാത്രാമധ്യേ രാത്രി 12.05ന് സ്വകാര്യ എസ്റ്റേറ്റ് ജീപ്പിലെ വാഹനത്തിൽ അന്തർസംസ്ഥാന തൊഴിലാളിയായ സാംബ ആൺകുഞ്ഞിന് ജന്മം നൽകി. ഡോ. ലക്ഷ്മിയുടെ നിർദേശപ്രകാരം വാഹനത്തിൽ കയറി നടത്തിയ പരിശോധനയിൽ യുവതിയുടെ ആരോഗ്യനില മോശമാണെന്നും ജീപ്പിൽനിന്ന് മാറ്റാൻ കഴിയാത്ത സാഹചര്യമാണെന്നും മനസ്സിലാക്കി, ഡോക്ടറുടെ നിർദേശ പ്രകാരം ജീപ്പിൽവെച്ചുതന്നെ പൊക്കിൾക്കൊടി മുറിച്ചു. അമ്മക്കും കുഞ്ഞിനും പ്രാഥമിക പരിചരണവും നൽകി.
തുടർന്ന് അമ്മയെയും കുഞ്ഞുമായി നെന്മാറയിലെ സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് ജീപ്പ് പുറപ്പെട്ടു. രാത്രി 12.30ഓടെ നെല്ലിയാമ്പതിയിൽനിന്ന് പബ്ലിക് ഹെൽത്ത് നഴ്സായ സുദിന സുരേന്ദ്രനും നഴ്സിങ് അസിസ്റ്റന്റ് ജാനകിയും, അമ്മയെയും കുഞ്ഞിനെയും പരിചരിക്കാനായി അവരുടെ വാഹനത്തിൽ സുരക്ഷപോലും നോക്കാതെ ജീവൻ രക്ഷപ്പെടുത്തുക എന്ന ഉദ്യമത്തിൽ നെന്മാറയിലേക്കു പുറപ്പെട്ടു. പോബ്സ് ഡിസ്പെൻസറി ഫാർമസിസ്റ്റ് മിദ്ലാജ്, ഡ്രൈവർ സാബു, സാംബയുടെ ഭർത്താവ് സുജയ് സർദാരും ആരോഗ്യപ്രവർത്തകരും സഞ്ചരിച്ച ജീപ്പ് ചുരം 14ാം മൈൽ കഴിഞ്ഞതോടെ കാട്ടാനയുടെ മുന്നിൽ അകപ്പെട്ടു. കാട്ടാന വാഹനത്തെ കടത്തിവിടാതെ റോഡിൽ നിലയുറപ്പിച്ചു. ഇതുകണ്ട് പിറകോട്ട് എടുത്ത ജീപ്പിന് പിറകിൽ ഒരുകൂട്ടം കാട്ടുപോത്തുകളും എത്തിയതോടെ ജീപ്പ് ഏറെനേരം റോഡിൽ കുടുങ്ങി.
ആരോഗ്യപ്രവർത്തകർ ഹെൽത്ത് ഇൻസ്പെക്ടർ ജോയ്സനെ വിവരമറിയിച്ചതിനെ തുടർന്ന് കൈകാട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ജയേന്ദ്രനെയും പാടഗിരി പൊലീസ് സ്റ്റേഷനിലും വിവരമറിയിച്ചു. വനം ജീവനക്കാർ എത്തുമ്പോൾ ജീപ്പ് കാട്ടാനക്കും കാട്ടുപോത്തിനും ഇടയിൽ റോഡിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. തുടർന്ന് പൊലീസും വനം ജീവനക്കാരും ഒരു മണിക്കൂറോളം ഫ്ലാഷ് ലൈറ്റുകളും മറ്റും ഉപയോഗിച്ചാണ് ആനയെ ഒരു വശത്തുകൂടി കാട്ടിലേക്ക് കയറ്റി അയച്ചത്.
പിന്നീട് കാട്ടുപോത്തുകളെയും അകറ്റി യാത്ര തുടരാൻ സൗകര്യം ഒരുക്കി. രാത്രി മൂന്നിനുശേഷം നെന്മാറ ആശുപത്രിയിൽ എത്തിച്ച അമ്മയെയും കുഞ്ഞിനെയും പ്രഥമ ശുശ്രൂഷക്കുശേഷം പാലക്കാട് മാതൃശിശു ആശുപത്രിയിലേക്കു മാറ്റി. അർധരാത്രി കൊടുംതണുപ്പിൽ സ്വന്തം സുരക്ഷപോലും നോക്കാതെ രോഗിയെ പരിചരിച്ച് കൂടെ പോയ പബ്ലിക് ഹെൽത്ത് നഴ്സായ സുദിന സുരേന്ദ്രനെയും നഴ്സിങ് അസിസ്റ്റന്റ് ജാനകിയെയും ആരോഗ്യവകുപ്പ് അധികൃതരും മറ്റും പ്രശംസിച്ചു. ആരോഗ്യപ്രവർത്തകരുടെ മനോധൈര്യം പ്രശംസിച്ച് ആരോഗ്യമന്ത്രി വീണ ജോർജ് സമൂഹമാധ്യമത്തിൽ വിഡിയോ സഹിതം കുറിപ്പ് എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.