മദ്യപിച്ച് അടിപിടിയുണ്ടാക്കിയതിന് പൊലീസ് കസ്റ്റഡിയിലെടുത്തു; സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിന് യുവാവ് തീയിട്ടു
text_fieldsപാലക്കാട്: മദ്യപിച്ച് അടിപിടിയുണ്ടാക്കിയതിന് പോലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രകോപിതനായി സ്റ്റേഷനിൽ നിന്നും പോകുന്നതിനിടെ സ്റ്റേഷന് മുൻപിൽ നിർത്തിയിട്ട വാഹനത്തിന് തീയിട്ടു. പാലക്കാട് വാളയാറാണ് സംഭവം. പ്രതി ചുള്ളിമട സ്വദേശി പോൾ രാജിനെ (35) വാളയാർ പൊലീസ് ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തു. സ്റ്റേഷന് മുന്നിൽ ദേശീയപാതയിൽ മേൽപ്പാലത്തിനു താഴെ നിർത്തിയിട്ടിരുന്ന പിക്കപ് വാനിനാണ് പോൾരാജ് തീയിട്ടത്.
ബുധനാഴ്ച വൈകീട്ട് ആറിനാണ് പോൾ രാജിനെ വാളയാർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചുള്ളിമടയിലെ പലചരക്ക് കടക്ക് മുൻപിൽ മദ്യപിച്ച് ബഹളം വെയ്ക്കുകയും ആളുകളോട് വഴക്കിടുകയും ചെയ്തെന്ന പരാതിയെത്തുടർന്നായിരുന്നു ഇത്.
പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈകിട്ടോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇതിന്റെ പ്രതികാരത്തിലാണ് രാത്രിയോടെ സ്റ്റേഷനു സമീപത്തെത്തി സർവീസ് റോഡിൽ നിർത്തിയിട്ട പിക്കപ് വാൻ പോൾരാജ് പെട്രോൾ ഒഴിച്ച് തീയിട്ടത്.
ജനവാസ മേഖലയിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയ കേസിൽ തൊണ്ടി മുതലായി പൊലീസ് പിടികൂടി സ്റ്റേഷനു മുന്നിൽ നിർത്തിയിട്ടതായിരുന്നു പിക്കപ് വാൻ. വാഹനത്തിൽ തെർമോകോൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് സാമഗ്രികളാണ് ഉണ്ടായിരുന്നത്. ഇതിനാൽ പെട്ടെന്നു തീ മുഴുവൻ ഭാഗങ്ങളിലേക്കും പടർന്നു. സ്റ്റേഷനു മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ നിന്നു പുക ഉയരുന്നതു കണ്ടാണ് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് ഓടിയെത്തിയത്.
ഇതിനിടെ തീയിട്ട ശേഷം സ്ഥലത്തു നിന്നു ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതിയെ പൊലീസ് പിടികൂടി. പ്രതി ഒറ്റയ്ക്കാണോ തീയിട്ടതെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. സ്റ്റേഷനിലേക്ക് കൊണ്ടുവന്നതിന്റെ വൈരാഗ്യത്തിൽ ഇയാൾ വാഹനങ്ങൾക്ക് തീയിടുകയായിരുന്നെന്ന് വാളയാർ എസ്എച്ച്ഒ എൻ.എസ്. രാജീവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.