ന്യൂറോ സർജൻ എഴുതുന്നു: 'ഈ മരണക്കെണികളിൽ വീണ് തലയ്ക്ക് പരിക്കേൽക്കുന്നതും മരണവും ഗണ്യമായി കൂടുന്നു; സർക്കാർ കണ്ണടക്കുന്നത് സങ്കടകരം'
text_fieldsആലുവ: റോഡുകളുടെ ശോചനീയാവസ്ഥ മൂലമുണ്ടാകുന്ന അപകടമരണങ്ങളുമായി ബന്ധപ്പെട്ട, ന്യൂറോ സർജന്റെ ഫേസ്‌ബുക് പോസ്റ്റ് വൈറലായി. പ്രശസ്ത ന്യൂറോ സർജനായ ഡോ. അരുൺ ഉമ്മനാണ് അധികൃതരുടെ അനാസ്ഥമൂലമുണ്ടാകുന്ന ദുരന്തങ്ങൾ വിവരിച്ചുകൊണ്ട് പോസ്റ്റിട്ടത്.
അപകട മരണങ്ങൾ കൂടിവരുന്ന കാലത്ത് അധികാരികളുടെ കണ്ണ് തുറക്കാൻ സഹായകമാകുന്ന വിവരങ്ങളാണ് അദ്ദേഹം പങ്കുവെക്കുന്നത്. കേരളത്തിൽ റോഡുകളുടെ ശോചനീയാവസ്ഥ മൂലമുണ്ടാകുന്ന അപകടമരണങ്ങൾ, പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രക്കാർ മരിക്കുന്നത് ക്രമാതീതമായി വർധിച്ചു വരികയാണ്. തലയിലെ പരിക്കുകൾ കൈകാര്യം ചെയ്യുന്ന ഒരു ന്യൂറോ സർജൻ എന്ന നിലയിൽ, അടുത്ത കാലത്തായി തലയ്ക്ക് പരിക്കേൽക്കുന്നതും മരണങ്ങളും ഗണ്യമായ വർധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
മറഞ്ഞിരിക്കുന്ന കുഴികളിൽ ഇരുചക്രവാഹനങ്ങൾ വീഴുന്നതാണ് പ്രധാന കാരണങ്ങളിലൊന്ന്. രാത്രിയാണ് കൂടുതൽ അപകടം സംഭവിക്കുന്നത്. ഈ ദയനീയ സാഹചര്യത്തിന് മുന്നിൽ സർക്കാരും ഉദ്യോഗസ്ഥരും കണ്ണടച്ച് പ്രവർത്തിക്കുന്നത് വളരെ സങ്കടകരമാണ്.
വാഹന ഉടമ വാഹനം വാങ്ങുമ്പോൾ 15 വർഷത്തെ റോഡ് ടാക്‌സ് അടയ്ക്കുന്നു. കൂടാതെ എല്ലാ വാഹനയാത്രികരും എല്ലാ ടോൾ ബൂത്തുകളിലും അമിത ടോൾ നൽകുന്നു. റോഡ് നിയമങ്ങൾ ലംഘിച്ചതിന് പിഴയായി ലക്ഷക്കണക്കിന് രൂപയാണ് പിരിച്ചെടുക്കുന്നത്. റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് സർക്കാരിന് ഫണ്ടിൻറെ കുറവില്ല എന്നത് വളരെ വ്യക്തമാണ്.
മോശം റോഡുകൾക്ക് കാലാവസ്ഥയെ കുറ്റപ്പെടുത്തുന്നത് വളരെ മണ്ടൻ ഒഴിവുകഴിവാണ്. കാരണം വർഷങ്ങൾക്ക് ശേഷവും നല്ല അവസ്ഥ നിലനിർത്തുന്ന നിരവധി റോഡുകൾ കേരളത്തിൽ ഉണ്ട്. മാത്രമല്ല നമ്മുടെ അയൽ സംസ്ഥാനങ്ങളിലെ റോഡുകളുടെ അവസ്ഥ വളരെ മികച്ചതാണ്. ഒരു നല്ല റോഡ് പ്രാദേശിക സർക്കാരിൻറെ കാര്യക്ഷമതയുടെ പ്രധാന അടയാളമാണ്. മോശം റോഡുകൾ പ്രാദേശിക സർക്കാരിൻറെ ഉയർന്ന അഴിമതിയും കാര്യക്ഷമതയില്ലായ്മയും വ്യക്തമായി സൂചിപ്പിക്കുന്നു.
നല്ല റോഡുകൾ എന്നത് ഓരോ പൗരൻറെയും അടിസ്ഥാന മൗലികാവകാശമാണ്. കാരണം എല്ലാവരും അതിന് നികുതിയും ടോളും നൽകുന്നു. മോശം റോഡുകൾ മരണങ്ങൾ മാത്രമല്ല, നമ്മുടെ വാഹനങ്ങൾക്ക് വളരെയധികം കേടുപാടുകൾ വരുത്തുകയും നടുവേദന പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. നല്ല റോഡുകൾ നിഷേധിക്കപ്പെട്ടാൽ നീതി നിഷേധിക്കപ്പെടുന്നു.
പ്രതിഷേധിച്ചില്ലെങ്കിൽ നമ്മുടെ സർക്കാരിൻറെ അഴിമതിയും കാര്യക്ഷമതയില്ലായ്മയും നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം പോസ്റ്റിൽ കുറിക്കുന്നു. കൂത്താട്ടുകുളം-രാമപുരം റോഡിൽ ഇരുചക്രവാഹനങ്ങളെ കാത്ത് കിടക്കുന്ന മരണക്കെണികളുടെ ചിത്രവും അദ്ദേഹം പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.