വാറ്റുചാരായവുമായി പ്രധാനാധ്യാപകനടക്കം നാലുപേർ പിടിയിൽ; പരീക്ഷ നടത്താൻ ബദൽ ക്രമീകരണം
text_fieldsപുനലൂർ: കാറിൽ കടത്തിയ വാറ്റുചാരായവുമായി ഗവ. എച്ച്.എസ്.എസ് പ്രധാനാധ്യാപകനും മറ്റ് രണ്ട് അധ്യാപകരും ഉൾപ്പെടെ നാലുപേരെ അച്ചൻകോവിൽ പൊലീസ് അറസ്റ്റ്ചെയ്തു. അച്ചൻകോവിൽ ഗവ.എച്ച്.എസ്.എസ് പ്രധാനാധ്യാപകൻ പേരൂർക്കടസ്വദേശി വിൻസെൻറ്, ഇതേ സ്കൂളിലെ എൽ.പി വിഭാഗം അധ്യാപകൻ കടയ്ക്കൽ തുമ്പോട് സ്വദേശി മധുകിരൺ, യു.പി അധ്യാപകൻ കടയ്്ക്കൽ ആറ്റുപുറം സ്വദേശി സുനിൽ, അച്ചൻകോവിലിലെ സ്റ്റേഷനറി വ്യാപാരി രവി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ഒന്നരലിറ്റർ ചാരായം പൊലീസ് കണ്ടെടുത്തു.
കഴിഞ്ഞദിവസം അച്ചൻകോവിൽ പൊലീസ് സ്റ്റേഷന് മുന്നിൽ വാഹനപരിശോധനക്കിടെയാണ് മാരുതി കാറിൽ ചാരായവുമായി എത്തിയ ഇവർ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പുനലൂർ കോടതിയിൽ ഹാജരാക്കി. പ്രധാനാധ്യാപകൻ ഉൾപ്പെടെ മൂന്ന് അധ്യാപകർ അറസ്റ്റിലായ സാഹചര്യത്തിൽ ചൊവ്വാഴ്ച പുനരാരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ മുടക്കമില്ലാതെ നടത്താനുള്ള ക്രമീകരണം ഏർപ്പെടുത്തിയതായി പുനലൂർ വിദ്യാഭ്യാസ ജില്ല ഓഫിസർ എ. വിജയമ്മ പറഞ്ഞു. വനമധ്യേയുള്ള പ്രദേശമാണ് അച്ചൻകോവിൽ.
മതിയായ വാഹനസൗകര്യം ഇല്ലാത്തതിനാൽ സമയത്തിന് എത്തിപ്പെടാൻ പ്രയാസമാണന്നത് കണക്കിലെടുത്താണ് ബദൽസംവിധാനം അടിയന്തരമായി ഏർപ്പെടുത്തിയത്. പൊലീസിൽ നിന്ന് പ്രഥമവിവരം ലഭ്യമാകുന്ന മുറക്ക് കൂടുതൽ ശിക്ഷണനടപടികൾ ഉണ്ടാകും.
സംഭവം സംബന്ധിച്ച് ജില്ല ഡെപ്യൂട്ടി ഡയറക്ടർക്ക് അടക്കം റിപ്പോർട്ട് നൽകിയതായും ഡി.ഇ.ഒ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.