Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ശാസ്ത്ര സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ അന്ധവിശ്വാസങ്ങൾക്ക് കുടപിടിക്കുന്നു -മുഖ്യമന്ത്രി
cancel
Homechevron_rightNewschevron_rightKeralachevron_rightശാസ്ത്ര സ്ഥാപനങ്ങളുടെ...

ശാസ്ത്ര സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ അന്ധവിശ്വാസങ്ങൾക്ക് കുടപിടിക്കുന്നു -മുഖ്യമന്ത്രി

text_fields
bookmark_border

തിരുവനന്തപുരം: ശാസ്ത്ര വികസനത്തിനായി രൂപീകരിക്കപ്പെട്ട സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ തന്നെ അന്ധവിശ്വാസങ്ങൾക്ക് കുടപിടിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 34-ാമത് കേരള ശാസ്ത്ര കോൺഗ്രസ് തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശാസ്ത്രവും ആത്മീയതയും മതവുമെല്ലാം അതതു മേഖലകളിലാണ് പണ്ട് വ്യാപരിച്ചിരുന്നത്. എന്നാൽ, ഇന്ന് ശാസ്ത്രത്തെ മതവുമായി കൂട്ടിച്ചേർക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം നടക്കുന്നു. കെട്ടുകഥകളെ ശാസ്ത്ര സത്യമായി പ്രചരിപ്പിച്ചും യഥാർത്ഥ ശാസ്ത്രത്തെ പിന്തള്ളിയും കപട ശാസ്ത്രവാദികളെ ശാസ്ത്രസ്ഥാപനങ്ങളുടെ തലപ്പത്ത് പ്രതിഷ്ഠിച്ചുമാണ് ശാസ്ത്രത്തെ അപകടത്തിലാക്കുന്നത്.

ഈ കാലഘട്ടത്തിലും മന്ത്രവാദവും നിധി കിട്ടാനായി നരബലിയും നടക്കുന്നത് നടുക്കത്തോടെയാണ് കേൾക്കുന്നത്. ഇത് താഴെത്തട്ടിൽ നടക്കുമ്പോൾ മേൽതട്ടിലും ശാസ്ത്രത്തിനെതിരായ പ്രചാരണം നടക്കുന്നു.

മഹാമാരിയെ കിണ്ണം കൊട്ടി ഓടിക്കാമെന്ന് പറയുന്നു. ഗണപതിയുടെ രൂപം പ്ലാസ്റ്റിക് സർജറിക്ക് തെളിവാണെന്ന് വാദിക്കുന്നു. ശാസ്ത്രപ്രചാരണത്തിലൂടെ മാത്രമേ ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങളിൽനിന്ന് മുക്തി നേടാനാകൂ. ഇത്തരം പ്രചാരണങ്ങൾക്കെതിരായ ചെറുത്തുനിൽപ്പിന്റെ വേദി കൂടിയാകണം ശാസ്ത്ര കോൺഗ്രസെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ശാസ്ത്ര സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ ശാക്തീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ദൃഷ്ടാന്തമാണ് കെ-ഫോണും കെ-റെയിലും. ശാസ്ത്ര സങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്. ഇവ പ്രകൃതി സൗഹൃദവും സുസ്ഥിര വികസനം എന്ന ആശയത്തിൽ ഊന്നിയതുമാണ്.

ശാസ്ത്രപ്രചാരണം വഴി ശാസ്ത്രാവബോധം വളർത്തുകയെന്നത് ഓരോ പൗരന്റേയും ഉത്തരവാദിത്തമാകണം. ശാസ്ത്രത്തെ ജനകീയവത്കരിക്കുന്നതിലൂടെ മാത്രമേ ഇത് സാധ്യമാകൂ. അത് സമ്മേളനങ്ങൾ കൊണ്ടു മാത്രം സാധിക്കുന്നതല്ല. ശാസ്ത്രലോകമാകെ ചുമലത ഏറ്റെടുക്കണം.

ശാസ്ത്രമെന്നാൽ ശാസ്ത്രലോകത്തുള്ളവർക്കും ഗവേഷകർക്കും മാത്രമുള്ളതാണെന്ന ചിന്ത പൊളിച്ചെഴുതണം. ജനങ്ങളിലേക്ക് വിവരങ്ങൾ എത്തിക്കുകയും അറിവ് പകരുകയും ചെയ്യുന്ന വാർത്താമാധ്യമങ്ങൾ പോലും ശാസ്ത്ര പ്രചാരണത്തിനു നേരേ മുഖം തിരിക്കുന്ന അവസ്ഥയുണ്ട്. ശാസ്ത്രം പ്രചരിപ്പിക്കുക എന്നാൽ പൊതുബോധത്തെ രൂപപ്പെടുത്തുക എന്നു കൂടിയാണ്.

ശാസ്ത്രത്തെ ജനകീയവത്ക്കരിക്കുന്നതു പോലെ പ്രധാനമാണ് ശാസ്ത്ര രംഗത്തെ കുത്തകവത്കരണത്തെ ചെറുക്കുന്നതും. ഒരു വ്യക്തിയോ സ്ഥാപനമോ നടത്തുന്ന കണ്ടുപിടിത്തം അവരുടേത് മാത്രമെന്ന് പറയുന്നത് ശരിയാണോയെന്ന് ചിന്തിക്കേണ്ടതുണ്ട്. പേറ്റന്റ് നിയമത്തിന്റേയും ഇന്റലക്ച്വൽ പ്രോട്ടർട്ടി റൈറ്റ്‌സിന്റേയും മറവിൽ ശാസ്ത്രനേട്ടങ്ങളെ ചൂഷണത്തിനുള്ള ഉപാധിയാക്കുന്നതിനുള്ള പഴുതുകൾ അടയ്‌ക്കേണ്ടതല്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

ഒരു വ്യക്തിക്ക് ശാസ്ത്രത്തിൽ അഗാധമായ അറിവുണ്ടായിട്ട് കാര്യമില്ല. സമൂഹ നന്മയ്ക്കായി ആ അറിവ് എത്രത്തോളം ഉപയോഗിക്കുന്നു എന്നതും സമൂഹത്തിലെ പ്രതിലോമ ചിന്തകളെ നേരിടാൻ ശാസ്ത്ര ചിന്തയെ എത്രമാത്രം ഉപയോഗിക്കുന്നു എന്നതും പ്രധാനമാണ്. ഇന്നത്തെ കാലത്ത് കാലാവസ്ഥാ വ്യതിയാനം വലിയ പ്രശ്‌നം സൃഷ്ടിക്കുന്നു. ഈ വിഷയത്തിൽ ഗൗരവപൂർണമായ ഗവേഷണം നടത്താനാണ് കോട്ടയത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്‌ളൈമറ്റ് ചേഞ്ച് എന്ന സ്ഥാപനത്തെ പുനഃസംഘടിപ്പിച്ചത്.

തിരുവനന്തപുരത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ രാജ്യത്തെ തന്നെ മികച്ച വൈറോളജി ഗവേഷണ കേന്ദ്രമായി വളർത്താനാണ് ശ്രമം. വികസന ക്ഷേമ പ്രവർത്തനങ്ങളിൽ സർക്കാറിന്റെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയുമുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ തൊഴിൽ അന്വേഷിച്ച് മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നതിന് അന്ത്യം കുറിക്കാനാണ് ശ്രമം.

കേരളത്തിൽ തന്നെ 40 ലക്ഷം തൊഴിൽ സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നത്. ശാസ്ത്ര പ്രചാരണത്തിലും ശാസ്ത്രത്തെ ജനകീയമാക്കുന്നതിലും കേരളം സ്വീകരിച്ച മാതൃക രാജ്യം പിൻതുടരുന്നത് സംസ്ഥാനത്തിന് അഭിമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുവ ശാസ്ത്ര അവാർഡ്, ഡോ. എസ്. വാസുദേവ് അവാർഡ്, ശാസ്ത്ര സാഹിത്യ അവാർഡ് എന്നിവ ചടങ്ങിൽ മുഖ്യമന്ത്രി വിതരണം ചെയ്തു.

കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് പ്രഫ. കെ.പി. സുധീർ അധ്യക്ഷത വഹിച്ചു. കേരള സർക്കാറിന്റെ ശാസ്ത്ര ഉപദേശകനായ എം.സി. ദത്തൻ, മലങ്കര സിറിയൻ കാത്തലിക് ചർച്ച് മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ് കർദിനാൾ ക്ലിമ്മീസ് കാതോലിക്കാ ബാവ, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, നാറ്റ് പാക് ഡയറക്ടർ ഡോ. സാംസൺ മാത്യു എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scientistsKerala Science CongressPinarayi Vijayan
News Summary - Heads of scientific institutes use umbrellas for superstitions: CM
Next Story