സംസ്ഥാനത്ത് ആദ്യമായി കുതിരകൾക്ക് ഹെൽത്ത് ക്യാമ്പ്
text_fieldsകൊല്ലം: ജില്ല വെറ്ററിനറി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കുതിരകൾക്കായി ആരോഗ്യ പരിശോധന ക്യാമ്പ് ഒരുങ്ങുന്നു. സംസ്ഥാനത്ത് ഇത്തരത്തിലിതാദ്യം. വിദഗ്ധ ഡോക്ടർമാർ കുതിരകളെ പരിശോധിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിലായുള്ള ഇരുപതിലേറെ കുതിരകൾ ക്യാമ്പിലെത്തും.
കോര്പറേഷൻ പരിധിയിൽ എട്ടോളം കുതിരകളുണ്ട്. ക്യാമ്പിൽ കുതിരകളുമായെത്താൻ ഉടമകള്‍ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ആശ്രാമം മൈതാനത്താണ് ക്യാമ്പ്. മൈക്രോസ്കോപ്, എക്സ്റേ ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി കുതിരകളുടെ തത്സമയ രക്തപരിശോധന, കുളമ്പുപരിശോധന, പരാദ പരിശോധന സ്കാനിങ് എന്നിവ ഉൾപ്പെടുത്തിയാണ് സൗജന്യ ക്യാമ്പ്. ആശ്രാമത്തും കൊല്ലം ബീച്ചിലും വിനോദസഞ്ചാരികൾ കുതിര സവാരി നടക്കുന്നുണ്ട്. ജനുവരിയോടെ സഞ്ചാരികളുടെ എണ്ണം കൂടും എന്ന പ്രതീക്ഷയിലാണ് കുതിരസവാരിക്കാർ. ഈ പശ്ചാത്തലത്തിൽ കൂടിയാണ് കുതിരകളുടെ ആരോഗ്യം പരിശോധിച്ച് സുരക്ഷ ഉറപ്പാക്കാനുള്ള നടപടി.
മനുഷ്യനിലേക്ക് പകരുന്ന അസുഖങ്ങള്‍ ഉണ്ടോ, ഗര്‍ഭിണിയായ കുതിരയാണോ തുടങ്ങി സമഗ്രമായ പരിശോധന ക്യാമ്പിൽ നടക്കും. കുതിരകളുടെ എക്സിബിഷൻ, പൊതുസവാരി എന്നിവക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ സവാരി നടത്തുന്നവക്കെതിരെ നടപടിയുണ്ടാകും. ക്യാമ്പിൽ എത്തുന്ന കുതിരയെ പരിശോധിച്ച് ആരോഗ്യം തൃപ്തികരമാണെങ്കിൽ കാർഡ് നൽകും. അല്ലാത്തവക്ക് ചികിത്സ നിർദേശിക്കുകയുമുണ്ടാകും. പിന്നീട് വീണ്ടും പരിശോധിച്ച് ആരോഗ്യം ഉറപ്പാക്കിയശേഷമേ കാർഡ് നൽകൂ. വിവിധ ഇനങ്ങളിലുള്ള റൈഡുകൾ നടത്താൻ പാകത്തിൽ സീറ്റും ബെൽറ്റും സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് ഉപാധികളോടെ വേണം കുതിരകളെ എത്തിക്കാനെന്ന് ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ഡി. ഷൈൻകുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.