മകളെ മഴുകൊണ്ട് വെട്ടിക്കൊന്ന് ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്‍റെ ആരോഗ്യനിലയിൽ പുരോഗതി
text_fieldsമാവേലിക്കര: ആറു വയസ്സുകാരിയായ മകളെ മഴുകൊണ്ട് വെട്ടിക്കൊന്ന് ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്‍റെ ആരോഗ്യനിലയിൽ പുരോഗതി. പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീമഹേഷാണ് (38) ചികിത്സയിൽ കഴിയുന്നത്. ഇന്നലെ ഗുരുതരാവസ്ഥായിലാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
വ്യാഴാഴ്ച വൈകീട്ട് 6.45ഓടെ മാവേലിക്കര സബ് ജയിലിലെ വാറന്‍റ് റൂമില്‍വെച്ചാണ് ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചത്. സെല്ലിലേക്ക് മാറ്റുന്നതിന് രേഖകള്‍ ശരിയാക്കുന്നതിനിടെ മേശപ്പുറത്തുണ്ടായിരുന്ന പേപ്പര്‍ കട്ടര്‍ എടുത്ത് കഴുത്തിലും കൈയിലും മുറിവുകള്‍ ഉണ്ടാക്കുകയായിരുന്നു. കഴുത്തിന്‍റെ വലത് ഭാഗത്തും ഇടതുകൈയിലുമാണ് മുറിവുകള്‍ ഉണ്ടാക്കിയത്. കഴുത്തിലെ ഞരമ്പിനും മുറിവുണ്ട്. ജയില്‍ അധികൃതര്‍ ഉടന്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച രാത്രി ഏഴരയോടെയാണ് ഇയാൾ മകളെ മഴുകൊണ്ട് വെട്ടിക്കൊന്നത്. മഹേഷിന്റെ വീടിനു സമീപം സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന മാതാവ് സുനന്ദ ബഹളം കേട്ട് ഓടിയെത്തുമ്പോൾ സോഫയിൽ വെട്ടേറ്റ് കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. ബഹളംവെച്ച് പുറത്തേക്കോടിയ സുനന്ദയെ ശ്രീമഹേഷ് പിന്തുടർന്നെത്തി ആക്രമിച്ചു. സുനന്ദയുടെ കൈക്ക് വെട്ടേറ്റു. സമീപവാസികളെ മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പൊലീസെത്തി ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
നക്ഷത്രയുടെ മാതാവ് വിദ്യ മൂന്നുവർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. വിദേശത്തായിരുന്ന ശ്രീമഹേഷ് പിതാവ് ശ്രീമുകുന്ദൻ ട്രെയിൻ തട്ടി മരിച്ചശേഷമാണ് നാട്ടിലെത്തിയത്. പുനർവിവാഹത്തിനായി ശ്രമിച്ചിരുന്ന ശ്രീമഹേഷിന്റെ വിവാഹം ഒരു വനിത കോൺസ്റ്റബിളുമായി ഉറപ്പിച്ചിരുന്നു. എന്നാൽ, അടുത്തിടെ മഹേഷിന്റെ സ്വഭാവ വൈകൃതത്തെക്കുറിച്ച് അറിഞ്ഞ വീട്ടുകാർ വിവാഹത്തിൽനിന്ന് പിന്മാറുകയായിരുന്നു.
കേസിൽ പൊലീസ് ഇന്നെലെ തെളിവെടുപ്പ് നടത്തിയിരുന്നു. മാവേലിക്കരയിലെ വീട്ടിൽനടന്ന തെളിവെടുപ്പിൽ കൊലക്കുപയോഗിച്ച മഴു കണ്ടെടുത്തിരുന്നു. പൊലീസ് കനത്ത സുരക്ഷ ഒരുക്കിയാണ് ശ്രീമഹേഷിനെ വീട്ടിലേക്ക് എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.