വ്യാപനത്തിന് അറുതിയില്ല; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ തുടരണമെന്ന് ആരോഗ്യവകുപ്പും പൊലീസും
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനം പ്രതീക്ഷിച്ച പോലെ കുറയാത്ത സാഹചര്യത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ നീട്ടിയേക്കും. ചൊവ്വാഴ്ച കലക്ടർമാരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന ആശയവിനിമയത്തിനുശേഷമാകും അന്തിമ തീരുമാനം. നിയന്ത്രണങ്ങൾ തുടരണമെന്ന് തിങ്കളാഴ്ച അവലോകനയോഗത്തിൽ ആരോഗ്യവകുപ്പും പൊലീസും നിലപാടെടുത്തു.
അടുത്തയാഴ്ചയിലെ നിയന്ത്രണങ്ങൾ ചൊവ്വാഴ്ചത്തെ അവലോകനയോഗത്തിൽ തീരുമാനിക്കും. സംസ്ഥാനത്തെ പൊതുസാഹചര്യം യോഗം വിലയിരുത്തി. വടക്കൻ മേഖലയിലെ പല ജില്ലകളിലും േകാവിഡ് വ്യാപനത്തിൽ കുറവില്ലെന്നാണ് വിലയിരുത്തൽ. അവിടെ പരിശോധന വർധിപ്പിക്കും. രോഗവ്യാപനത്തിൽ ഇതുവരെ പ്രതീക്ഷിച്ച കുറവുണ്ടായിട്ടില്ല. രണ്ടുമാസത്തിനിടെ മൂന്നുദിവസം മാത്രമാണ് ടി.പി.ആർ 10ന് താഴെയെത്തിയത്.
വടക്കൻ ജില്ലകളിലെ വ്യാപനം പ്രത്യേകം പരിശോധിക്കും -മുഖ്യമന്ത്രി
വടക്കൻ ജില്ലകളിൽ കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലം പ്രത്യേകമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ പരിശോധന കൂട്ടാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകി. അക്കാര്യം ജില്ല കലക്ടർമാർ ഉറപ്പാക്കണമെന്ന് കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
അനുബന്ധ രോഗങ്ങളുള്ള പ്രായം കുറഞ്ഞവർ ആശുപത്രികളിൽ പോകാൻ വിമുഖത കാണിക്കുന്നത് പ്രശ്നമാകുന്നു. അവരെ കോവിഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കാൻ കാമ്പയിൻ ശക്തിപ്പെടുത്തണം. വാർഡ്തല സമിതി ഇതിന് അവരെ നിർബന്ധിക്കണം.
സമ്പർക്കവിലക്ക് കൃത്യമായി പാലിക്കുന്നുണ്ടെന്ന് വാർഡ്തല സമിതി ഉറപ്പാക്കണം. പ്രാഥമിക സമ്പർക്കക്കാരുടെ വിവരങ്ങൾ കോവിഡ് പോർട്ടലിൽ കൃത്യമായി രജിസ്റ്റർ ചെയ്യണം. ആരോഗ്യപ്രവർത്തകരും മറ്റും വയോജനങ്ങൾക്ക് വേണ്ടി വാക്സിൻ രജിസ്റ്റർ ചെയ്യുമ്പോൾ രണ്ടാം ഡോസിനുള്ള സന്ദേശം ശ്രദ്ധിക്കപ്പെടാതെ പോകുന്ന പ്രശ്നം പരിഹരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.