ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസ് വർധനക്കെതിരെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ഔദ്യോഗിക വസതിയിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം. ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ച പൊലീസ് പ്രവർത്തകരെ ലാത്തിച്ചാർജ് ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് സ്നേഹ അടക്കം ഏഴുപേർക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 12ഒാടെയാണ് സ്വാശ്രയ മെഡിക്കൽ ഫീസ് വർധനക്കെതിരെ കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്തിെൻറ നേതൃത്വത്തിൽ മന്ത്രിയുടെ ഔദ്യോഗിക വസതിയായ ‘നിള’യിലേക്ക് മാർച്ച നടന്നത്. മാർച്ച് മാസ്കറ്റ് ഹോട്ടലിനു മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ സമരം ഉദ്ഘാടനം ചെയ്തു.
ഹസൻ മാർച്ച് ഉദ്ഘാടനം ചെയ്തുപോയ ശേഷമാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്. മാർച്ചിെൻറ പിൻനിരയിൽനിന്ന് പ്രവർത്തകർ കല്ലും കമ്പുകളും പൊലീസിനുനേരെ വലിച്ചെറിഞ്ഞു. പ്രവർത്തകരുടെ കല്ലേറിൽ കെ.എസ്.യു സംസ്ഥാന സെക്രട്ടറി മാത്തുക്കുട്ടിക്ക് പരിക്കേറ്റു. ഇതിനിടയിൽ ഒരു വിഭാഗം പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതിനെ പൊലീസ് ജലപീരങ്കികൊണ്ട് നേരിട്ടു.
ക്ഷുഭിതരായ പ്രവർത്തകർ പൊലീസിനു നേരെ തിരിഞ്ഞതോടെയാണ് ലാത്തിച്ചാർജ് നടന്നത്. സംസ്ഥാന പ്രസിഡൻറ് അഭിജിത്തിനെ അടക്കം പൊലീസ് വളഞ്ഞിട്ടു തല്ലി. കല്ലേറ് രൂക്ഷമായതോടെ പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ഗ്രനേഡും പ്രയോഗിച്ചു. പൊലീസ് ശക്തമായി തിരിച്ചടിച്ചതോടെ പരിക്കേറ്റവരെയും കൂട്ടി പ്രവർത്തകർ യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിന് മുന്നിെല റോഡ് ഉപരോധിച്ചു. കൂടുതൽ പൊലീസ് എത്തി അഭിജിത്തിനെ അടക്കം അറസ്റ്റ് ചെയ്തു നീക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തതോടെയാണ് സ്ഥിതിഗതികൾ ശാന്തമായത്. പരിക്കേറ്റവരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ എന്നിവർ സന്ദർശിച്ചു. വിദ്യാർഥി മർദനത്തിലും അറസ്റ്റിലും പ്രതിഷേധിച്ച് ചൊവ്വാഴ്ച കെ.എസ്.യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.