ശബരിമല മണ്ഡലകാല തീർഥാടനം ഉപേക്ഷിക്കേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധ സമിതി
text_fieldsകൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ ശബരിമല മണ്ഡലകാല തീര്‍ഥാടനം ഉപേക്ഷിക്കേണ്ടതില്ലെന്നും ഭക്തരുടെ എണ്ണം ചുരുക്കണമെന്നും ആരോഗ്യവിദഗ്ധരുടെ സമിതി. പമ്പ മുതല്‍ സന്നിധാനം വരെ ഭക്തരുടെ എണ്ണം നിയന്ത്രിച്ച് ദര്‍ശനം ഉറപ്പാക്കാമെന്നും ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് പ്രഫസര്‍ ഡോ. കെ. രാജശേഖരന് നായര്‍ അധ്യക്ഷനായ സമിതി നിർദേശിച്ചു.
ഭക്തരെ തെരഞ്ഞെടുക്കൽ ഓണ്‍ലൈനാക്കണം. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ദര്‍ശനത്തിന് രജിസ്റ്റര്‍ ചെയ്യുന്നവര്‍ ഇവിടെ എത്തി 14 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മാത്രമേ ദര്‍ശനം അനുവദിക്കാവൂ. കേരളത്തിൽനിന്നുള്ളവര്‍ക്ക് തീര്ഥാടനശേഷം കോവിഡ് പരിശോധന നടത്തുകയും സര്‍ക്കാര്‍ നിർദേശിക്കുന്ന നിരീക്ഷണം ഉറപ്പാക്കുകയും വേണം.
മകരവിളക്കിന് അടക്കമുള്ള വിശേഷദിവസങ്ങളില്‍ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം. 20-50 പ്രായപരിധിയിലുള്ളവർക്കാകണം മുൻഗണന നൽകേണ്ടത്. ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവരെ ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് അനിയന്ത്രിതമായി ഭക്തരെത്തിയാൽ രോഗവ്യാപനത്തിനു കാരണമാകുമെന്ന വിലയിരുത്തല്‍ കണക്കിലെടുത്താണ് വിദഗ്ധ സമിതി പഠനമെന്ന് ഡോ. രാജശേഖരൻ നായർ പറഞ്ഞു.
ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിർദേശങ്ങള്‍ അനുസരിച്ചുള്ള പഠനം ജേണല്‍ ഓഫ് ട്രാവല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ചു. വൈകാതെ സംസ്ഥാന സര്‍ക്കാറിനും സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഹജ്ജ് വേളയിൽ ഹാജിമാരുടെ എണ്ണം നിയന്ത്രിച്ച് രോഗപ്പകര്‍ച്ച തടഞ്ഞ മാതൃകയും സമിതി പരിഗണിച്ചിട്ടുണ്ട്.
ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ, സന്നിധാനത്ത് ഒരേസമയം ഭക്തരുടെയെണ്ണം 50 ആയി ചുരുക്കുക, ദേവസ്വം ബോർഡോ സർക്കാറോ ഭക്തര്‍ക്ക് വാഹന സൗകര്യം ഒരുക്കുക, യാത്രയിലുടനീളം ഒരു സീറ്റ് തന്നെ ഉപയോഗിക്കുക, വാഹനത്തിൽ ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യം ഉറപ്പാക്കുക, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുക, ഒന്നിച്ചുള്ള ഭക്ഷണം, കൂട്ടം ചേരല്‍ അനുവദിക്കാതിരിക്കുക, സര്‍ക്കാര്‍ തന്നെ പായ്ക് ചെയ്ത ഭക്ഷണവും വെള്ളവും കുറഞ്ഞ് വിലയ്ക്ക് നൽകുക, പ്രസാദം മടക്കയാത്ര വാഹനത്തില്‍ വിതരണം ചെയ്യുക തുടങ്ങിയവയാണ് മറ്റ് നിർദേശങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.