ആരോഗ്യനിലയിൽ പുരോഗതി; വാവ സുരേഷിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി
text_fieldsകോട്ടയം: പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി. സുരേഷിന് സ്വന്തമായി ശ്വാസമെടുക്കാൻ സാധിക്കുന്നുണ്ടെന്നും വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഡോക്ടർമാരോടും ആരോഗ്യപ്രവർത്തകരോടും സുരേഷ് സംസാരിച്ചു. വെന്റിലേറ്റർ സഹായം വീണ്ടും ആവശ്യമായി വരാൻ സാധ്യതയുള്ളതിനാൽ രണ്ടുദിവസം വരെ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷിക്കാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു.
മൂർഖൻ പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്. അബോധാവസ്ഥയിലായ സുരേഷിനെ ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ച് ആന്റിവെനം നൽകി ഐ.സി.യുവിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം.
ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചി പഞ്ചായത്തിലെ ഒന്നാംവാർഡിൽ വാണിയേപുരക്കൽ ജലധരന്റെ വീടിനോടുചേർന്ന ഉപയോഗശൂന്യമായ തൊഴുത്തിൽ മൂന്നുദിവസമായി പാമ്പിനെ കാണുന്നുണ്ടായിരുന്നു. വിവരമറിഞ്ഞ് തിങ്കളാഴ്ച എത്തിയ വാവ സുരേഷ്, തൊഴുത്തിലെ കരിങ്കല്ലിനിടയിൽനിന്ന് പാമ്പിനെ പിടികൂടി വാലിൽ പിടിച്ച് ചാക്കിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ വലതുകാലിന്റെ മുട്ടിനുമുകളിൽ കടിക്കുകയായിരുന്നു. തുടർന്ന് പാമ്പിനെ വിട്ടെങ്കിലും വീണ്ടും പിടികൂടി ചാക്കിലാക്കി.
പിന്നീട് വാവ സുരേഷ് ആശുപത്രിയിലാക്കാൻ ആവശ്യപ്പെടുകയായിരുന്നു. മെഡിക്കൽ കോളജിലേക്കാണ് പുറപ്പെട്ടതെങ്കിലും പകുതി വഴി എത്തിയപ്പോൾ ബോധം നഷ്ടപ്പെട്ടു. ഇതോടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പാമ്പിനെയും ആശുപത്രിയിലെത്തിച്ചിരുന്നു. മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിലാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.