കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർ വിജിലന്‍സ് പിടിയിൽ
text_fieldsതിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടറെ വിജിലന്‍സ് കൈയോടെ പിടികൂടി. തിരുവനന്തപുരം കോർപറേഷൻ ജഗതി സർക്കിളിലെ ഹെൽത്ത് ഇൻസ്പെക്ടർ ചെമ്പഴന്തി സ്വദേശി സി. ശ്രീകുമാരനാണ് 1000 രൂപ കൈക്കൂലി വാങ്ങിയതിന് പിടിയിലായത്. തൈക്കാട് നിവാസിയായ ജോൺ വഴുതക്കാട് ജങ്ഷനു സമീപം പഴം-പച്ചക്കറിക്കടക്ക് ലൈസൻസ് അപേക്ഷ നൽകിയശേഷം കട തുടങ്ങിയിരുന്നു. ലൈസൻസില്ലാത്തതിനാൽ സ്ഥാപനത്തിലെത്തി നോട്ടീസ് നൽകി കട അടപ്പിക്കാൻ ഹെൽത്ത് ഇൻസ്പെക്ടർ ശ്രമിച്ചു.
അപേക്ഷ നൽകിയിട്ടുണ്ടെന്ന് പരാതിക്കാരൻ അറിയിച്ചപ്പോൾ കാണുന്നില്ലെന്നും ഒരിക്കൽകൂടി സമർപ്പിക്കാനും ആവശ്യപ്പെട്ടു. ഒരിക്കൽകൂടി അപേക്ഷ നൽകിയപ്പോൾ ഹെൽത്ത് ഇൻസ്പെക്ടർ സ്ഥാപനത്തിലെത്തി പരിശോധന നടത്തി. കോർപറേഷനിൽ 1000 രൂപ അടക്കണമെന്നും 2000 രൂപ കൈക്കൂലി നൽകണമെന്നും ആവശ്യപ്പെട്ടു. കൈക്കൂലിയുമായി ചൊവ്വാഴ്ച രാവിലെ ഓഫിസിലെത്താൻ പറഞ്ഞു.
പരാതിക്കാരൻ വിവരം തിരുവനന്തപുരം വിജിലൻസ് യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിനോദ്കുമാറിനെ അറിയിച്ചതിനെ തുടർന്ന് കെണിയൊരുക്കി. ഓഫിസിലെത്തിയ പരാതിക്കാരനിൽനിന്ന് 2000 രൂപ കൈക്കൂലി വാങ്ങി. വിഷമം അറിയിച്ചപ്പോൾ 1000 രൂപ തിരികെ നൽകി. ഇതിനിടെയെത്തിയ വിജിലൻസ് സംഘം ഹെൽത്ത് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.