സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഒക്ടോബർ മുതൽ
text_fieldsതിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനത്തിലൂടെ സംസ്ഥാനത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഒക്ടോബറിൽ നിലവിൽവരും. 45 മുതല്‍ 50 ലക്ഷം വരെ കുടുംബങ്ങൾക്ക് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതി ഗാന്ധിജയന്തി ദിനത്തിൽ പ്രാബല്യത്തിൽ കൊണ്ടുവരുന്ന രീതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്.
ലോട്ടറിയില്‍നിന്നുള്ള 2000 കോടിയോളം രൂപ പൂര്‍ണമായും ഇന്‍ഷുറന്‍സിനായി വിനിയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഇരുപദ്ധതികളും നിലവില്‍വരുന്നതുവരെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അതേപടി തുടരും. അഞ്ചുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജാണ് കേന്ദ്രപദ്ധതിയില്‍ പ്രഖ്യാപിച്ചത്. ഇത് അതേപടി നടപ്പാക്കുകയാണെങ്കില്‍ സംസ്ഥാനത്ത് നിലവിെല കാരുണ്യ, ചിസ് പ്ലസ് തുടങ്ങിയ പദ്ധതികള്‍ കൂടി സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സില്‍ ലയിപ്പിക്കും.
നിലവില്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 30 ലക്ഷം കുടുംബങ്ങളാണ് ഗുണഭോക്താക്കള്‍. തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ അടക്കം അഞ്ചുലക്ഷം കുടുംബങ്ങളെക്കൂടി ഇക്കൊല്ലം പുതുതായി ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ഇന്‍ഷുറന്‍സ് നടത്തിപ്പ് ഏജന്‍സിയായ ചിയാക് ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം സ്വന്തമായി പ്രീമിയം അടച്ച് പദ്ധതിയില്‍ അംഗമാകുന്നവരെയും സര്‍വിസ് പെന്ഷന് ഇന്ഷുറന്സുകാരെയും ഉള്‍പ്പെടുത്തി പുതിയ പദ്ധതി നടപ്പാക്കുന്നതോടെ ഗുണഭോക്താക്കളുടെ എണ്ണം 50 ലക്ഷം കുടുംബങ്ങൾ എന്ന നിലയിലെത്തുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അതേസമയം, കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിെൻറ മാര്‍ഗരേഖകള്‍ പുറത്തുവരുന്നതോടെ മാത്രമേ സംസ്ഥാന പദ്ധതിക്ക് അന്തിമ രൂപമാവുകയുള്ളൂ.
കേന്ദ്രവിഹിതം എത്രയെന്നത് സംബന്ധിച്ച് കൂടുതല്‍ വ്യക്തതയും വരേണ്ടതുണ്ട്. ബി.പി.എല്‍ പട്ടികയിലുള്ള 13 ലക്ഷം പേര്‍ക്ക് മാത്രമാവും കേന്ദ്രപദ്ധതിയുടെ ഗുണഫലം ലഭിക്കുകയെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. അവശേഷിക്കുന്ന മുഴുവന്‍പേര്‍ക്കുമുള്ള പ്രീമിയം തുക സര്‍ക്കാര്‍ മുടക്കേണ്ടിവരും. നിലവില്‍ കുടുബ വാര്‍ഷിക പ്രീമിയം തുകയായ 920 രൂപ മുഴുവന്‍കുടുംബങ്ങള്‍ക്കും സര്‍ക്കാറാണ് നൽകുന്നത്. 60നു മേല്‍ പ്രായമായവരില്ലാത്ത കുടുംബങ്ങള്‍ക്ക് 738 രൂപയാണ് നൽകുന്നത്. കേന്ദ്രവിഹിതവും ചേര്‍ത്താണ് പ്രീമിയം നൽകുന്നത്.
നിലവില്‍ 30,000 രൂപയാണ് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് വഴി കുടുംബത്തിന് ലഭിക്കുന്നത്. അതോടൊപ്പം ചിസ് പ്ലസ് വഴി മാരകരോഗങ്ങള്‍ക്കുള്ള ചികിത്സ ചെലവും, 60 കഴിഞ്ഞവര്‍ക്കുള്ള 30,000 രൂപയുടെ അധിക ആനുകൂല്യവും അര്‍ഹരായ കുടുംബങ്ങള്‍ക്ക് നൽകുന്നുണ്ട്. ഇതൂകൂടാതെ, കാരുണ്യലോട്ടറിയില്‍നിന്നുള്ള വരുമാനം ഉപയോഗിച്ച് പ്രത്യേക ചികിത്സ സഹായമായി രണ്ടുലക്ഷം രൂപയാണ് കാരുണ്യ പദ്ധതി വഴി സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സിനു പുറത്ത് അര്‍ഹരായവര്‍ക്ക് നൽകിയിരുന്നത്. എല്ലാ പദ്ധതികളും യോജിപ്പിച്ച് സമഗ്രമായ ഇന്‍ഷുറന്‍സ് പദ്ധതി വരുന്നത് ആശ്വാസകരമാണ്. ചികിത്സ സഹായത്തിനായി രോഗികള്‍ക്ക് പലവാതിലുകള്‍ മുട്ടേണ്ടിവരില്ല. സ്വന്തമായി പ്രീമിയം അടച്ച് പദ്ധതിയില്‍ ചേരുന്നതും ലാഭകരമായിരിക്കും. കുറഞ്ഞ പ്രീമിയത്തില്‍ അഞ്ചുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജ് നൽകാനായാല് ലക്ഷ്യമിടുന്നത്ര ഗുണഭോക്താക്കളെ ലഭിക്കുന്നതിന് മറ്റു തടസ്സവുമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.