ആരോഗ്യ ഇൻഷുറൻസ് സർവർ പണിമുടക്കി മൂന്നുദിവസം; ചികിത്സകിട്ടാതെ നിർധനരോഗികൾ
text_fieldsകോഴിക്കോട്: കാരുണ്യ ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയുടെ സർവർ പണിമുടക്കിയതോടെ സംസ്ഥാനത്ത് സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ കോളജുകൾ അടക്കമുള്ള സർക്കാർ ആശുപത്രികളിൽ നിർധനരോഗികൾ ചികിത്സകിട്ടാതെ വലഞ്ഞു. മൂന്നു ദിവസത്തോളമായി സർവർ തകരാർ തുടങ്ങിയിട്ട്. ഇത് കാരണം അടിയന്തരശസ്ത്രക്രിയ ആവശ്യമുള്ള രോഗികൾവരെ ചികിത്സ ലഭിക്കാതെ മടങ്ങി. കീമോ ചെയ്യേണ്ട അർബുദരോഗികളും അടിയന്തര ഹൃദയശസ്ത്രക്രിയ വേണ്ടവരും കൂട്ടത്തിലുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽ മൂന്നു ദിവസം മുമ്പ് നെഫ്രോളജി വിഭാഗത്തിൽ ചികിത്സക്കെത്തിയ രോഗി ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കാൻ കഴിയാതെ ബുധനാഴ്ച വൈകീട്ട് ഡിസ്ചാർജ് വാങ്ങി മടങ്ങുകയായിരുന്നു. ഭീമമായ വില വരുന്ന മരുന്ന് പണം കൊടുത്ത് വാങ്ങാൻ കഴിയാത്ത രോഗികളാണ് ഇതോടെ ദുരിതത്തിലായത്. സ്വകാര്യ ആശുപത്രികളിൽ ഫീസ് താങ്ങാൻ കഴിയാത്ത ഇവരുടെ ചികിത്സ മുടങ്ങുകയാണ്.
ആരോഗ്യ ഇൻഷുറൻസ് പുതുക്കുന്ന ബെനിഫിഷറി ഐഡന്റിഫിക്കേഷൻ സിസ്റ്റം (ബി.ഐ.എസ്) പണിമുടക്കിയതാണ് പ്രതിസന്ധിക്ക് കാരണം. രോഗിയുടെ പേരിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കിയാൽ മാത്രമേ കാരുണ്യ പദ്ധതിയിൽനിന്ന് ആനുകൂല്യം ലഭിക്കുകയുള്ളൂ. അത്യാഹിത വിഭാഗത്തിൽ ചികിത്സക്ക് എത്തുന്നവരും അപകടത്തിൽപെടുന്നവരും കാർഡ് പുതുക്കാത്തവരായിരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് കാർഡ് പുതുക്കുമ്പോൾ കുടുംബത്തിലെ ഏതെങ്കിലും അംഗത്തിന്റെ പേരിലാണ് പുതുക്കുക. റേഷൻ കാർഡിലെ വിവരങ്ങൾ അടക്കം അപ് ലോഡ് ചെയ്ത് ബി.ഐ.എസ് വഴി രോഗിയെ കൂടി ഉൾപ്പെടുത്തി കാർഡ് പുതുക്കിയാൽ മാത്രമേ രോഗിക്ക് ചികിത്സാനുകൂല്യം ലഭിക്കുകയുള്ളൂ. സർക്കാറിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗമല്ലാത്ത നിർധനരോഗികൾക്ക് സർക്കാർ ആശുപത്രികളിലെ ചികിത്സക്ക് ലഭിക്കുന്ന കാരുണ്യ ബെനവലന്റ് പദ്ധതിൽ അംഗത്വം എടുക്കുന്നതും ബി.ഐ.എസ് വഴിയാണ്. സൈറ്റ് പണിമുടക്കിയതോടെ ഇതും പ്രതിസന്ധിയിലായി.
മൂന്നു ദിവസമായി ബി.ഐ.എസ് സർവർ പ്രവർത്തിക്കുന്നില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ ജീവനക്കാരും സാക്ഷ്യപ്പെടുത്തുന്നു. ഇതുകാരണം നിരവധി രോഗികളെ പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ബന്ധപ്പെട്ടവരെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഉടൻ ശരിയാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഭീമമായ പണച്ചെലവ് വരുന്ന അർബുദം, വൃക്കരോഗം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവക്കാണ് രോഗികൾ കൂടുതലായും കാരുണ്യ ആരോഗ്യ ഇൻഷുറൻസ് കാർഡ് പ്രയോജനപ്പെടുത്തുന്നത്. നേരത്തെ കാർഡ് പുതുക്കി തുടർചികിത്സയുടെ ഭാഗമായി എത്തിയ ആളുകൾക്ക് മാത്രമാണ് മൂന്നു ദിവസമായി സർക്കാർ ആശുപത്രികളിൽനിന്ന് കാരുണ്യ പദ്ധതിയിൽ ചികിത്സ ലഭിക്കുന്നത്. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ സർവർ ഇടക്കിടെ പണിമുടക്കുന്നതും രോഗികൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതും പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.