വാക്സിൻ കെട്ടിക്കിടക്കുന്നെന്ന പ്രചാരണം അടിസ്ഥാനരഹിതം -വീണ ജോർജ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്സിൻ ഉപയോഗിച്ചിട്ടില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വീണ ജോർജ്. കണക്കുകൾ ഇക്കാര്യം വ്യക്തമാക്കും. സംസ്ഥാനത്ത് നാലര ലക്ഷം വാക്സിനാണ് നിലവിൽ ബാക്കി. ശരാശരി രണ്ട് മുതൽ രണ്ടര ലക്ഷം ഡോസ് വാക്സിൻ വരെ ദിവസവും എടുക്കുന്നു. ആ നിലക്ക് ഈ നാലര ലക്ഷം ഡോസ് വാക്സിൻ വെള്ളിയും ശനിയും കൊണ്ട് തീരുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് അടുത്തകാലത്തായി കൂടുതൽ വാക്സിൻ വന്നത് ജൂലൈ 15, 16, 17 തീയതികളിലാണ്. ഈ മൂന്ന് ദിവസങ്ങളിലായി 3,14,640, 3,30,500, 5,54,390 എന്നിങ്ങനെ ആകെ 11,99,530 ഡോസ് വാക്സിനുകളാണ് എത്തിയത്. എന്നാൽ 16 മുതൽ 22 വരെ ഒരാഴ്ച ആകെ 13,47,811 പേർക്ക് വാക്സിൻ നൽകിയിട്ടുണ്ട്. ഈ ആഴ്ചയിലാണ് ഏറ്റവും അധികം ആൾക്കാർക്ക് വാക്സിൻ നൽകിയത്. കഴിഞ്ഞ തിങ്കളാഴ്ച 3.55 ലക്ഷം പേർക്കും ചൊവ്വാഴ്ച 2.7 ലക്ഷം പേർക്കും വ്യാഴാഴ്ച 2.8 ലക്ഷം പേർക്കും വാക്സിൻ നൽകി. നിലവിലുള്ള സ്റ്റോക്ക് മാറ്റിനിർത്തിയാൽ പോലും ആർക്കും മനസ്സിലാക്കാനാകും കേരളം എത്ര കാര്യക്ഷമമായാണ് വാക്സിൻ നൽകുന്നതെന്ന്.
തുള്ളി പോലും പാഴാക്കാതെ കിട്ടിയ ഡോസിനെക്കാളും അധികം ഡോസ് വാക്സിനെടുക്കുന്ന സംസ്ഥാനമാണ് കേരളം. വാക്സിൻ സംസ്ഥാനത്തെത്തിയാൽ അതെത്രയും വേഗം താഴെത്തട്ടിലെ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കാൻ വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. കുറഞ്ഞ അളവിൽ വാക്സിൻ എത്തുന്നതിനാൽ വേണ്ടത്ര സ്ലോട്ടുകളും നൽകാൻ കഴിയുന്നില്ല. കിട്ടുന്ന വാക്സിനാകട്ടെ പരമാവധി രണ്ട് ദിവസത്തിനകം തീരും. അതിനാലാണ് സംസ്ഥാനം കൂടുതൽ വാക്സിൻ ഒരുമിച്ച് ലഭ്യമാക്കണമെന്ന് അഭ്യർഥിക്കുന്നത്. ഏറ്റവും മികച്ച രീതിയിൽ കോവിഡ് പ്രതിരോധം നടത്തുന്ന സംസ്ഥാനമാണ് കേരളം. മറ്റ് സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തിയാൽ ഇത് ബോധ്യമാകുന്നതേയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.