വൃക്കമാറ്റ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം: ഉത്തരവാദിത്തം ഡോക്ടർമാർക്കല്ലെങ്കിൽ പിന്നെ ആർക്ക്? -ആരോഗ്യ മന്ത്രി
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വൃക്ക മാറ്റിവെക്കലിനിടെ രോഗി മരിച്ച സംഭവത്തിൽ ഉത്തരവാദിത്തം ഡോക്ടർമാർക്കല്ലെങ്കിൽ പിന്നെ ആർക്കാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഉത്തരവാദപ്പെട്ടവർ ജോലി കൃത്യമായി ചെയ്തില്ലെങ്കിൽ നടപടിയുണ്ടാകുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്ന ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനപ്പെട്ടതാണ്. അതിൽ ഡോക്ടർമാർക്ക് ഉത്തരവാദിത്തമില്ലെങ്കിൽ പിന്നെ ആർക്കാണ് ഉത്തരവാദിത്തമുള്ളത്? വിദ്യാർഥികൾക്കോ? -മന്ത്രി ചോദിച്ചു. കാലാകാലങ്ങളായി തുടർന്ന് വരുന്ന ചില രീതികളിൽ മുന്നോട്ടുപോകാൻ ഒരുകാരണവശാലും സർക്കാർ അനുവദിക്കില്ല. ഈ സംഭവത്തിൽ കർശനമായ, കൃത്യമായ അന്വേഷണം നടത്തും. അന്വേഷണ റിപ്പോർട്ടിന്മേൽ തുടർനടപടി സ്വീകരിക്കുകയും ചെയ്യും. സർക്കാർ വളരെ ശക്തമായി മുന്നോട്ടുപോകും. അതിൽ ഒരു മാറ്റവുമില്ല -മന്ത്രി വ്യക്തമാക്കി.
സസ്പെൻഷൻ ഒരു ശിക്ഷാ നടപടിയല്ല. മാറ്റി നിർത്തി സമഗ്രാന്വേഷണം നടത്തുകയാണ്. മെഡിക്കൽ കോളജുകളുടെ പ്രവർത്തനം സംബന്ധിച്ച് കൃത്യമായ നിർദേശങ്ങൾ ഇക്കാലയളവിൽ നൽകിയിട്ടുണ്ട്. അത് പാലിക്കപ്പെടാതെ പോകുന്ന സാഹചര്യം ഉണ്ടെങ്കിൽ സർക്കാർ അത് വളരെ ഗൗരവമായിട്ടെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ആശുപത്രി ജീവനക്കാരല്ലാത്ത ചിലര്‍ വൃക്കയടങ്ങിയ പെട്ടി എടുത്ത് അകത്തേക്ക് പോയത് ആശയക്കുഴപ്പമുണ്ടാക്കി. ഇതു സംബന്ധിച്ച് ആശുപത്രി അധികൃതർ പരാതി ഉന്നയിച്ചിട്ടുണ്ടെന്നും അതില്‍ അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വൃക്കയടങ്ങിയ പെട്ടി എടുത്ത് ആശുപത്രിയിലേക്ക് ഓടിയയാളെ തിരിച്ചറിഞ്ഞു. ആംബുലൻസ് ഡ്രൈവറായ അരുൺദേവ് ആണ് പെട്ടി എടുത്തത്. തിരുവനന്തപുരം ജില്ലയിൽ ഇയാൾ ആയിരുന്നു ആംബുലൻസ് യാത്ര ഏകോപിപ്പിച്ചത്. വൃക്ക കൊണ്ടുപോകാൻ ആശുപത്രി ജീവനക്കാർ ആരും ഉണ്ടായിരുന്നില്ലെന്നും അതിനാലാണ് താൻ എടുത്തതെന്നും അരുൺ പറഞ്ഞു. ഇതല്ലാതെ തനിക്ക് ദുരുദ്ദേശ്യം ഒന്നും ഉണ്ടായിരുന്നില്ലെന്നും ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മെഡിക്കൽ കോളജ് അധികൃതരുടെ ഗുരുതര വീഴ്ചയെതുടർന്നാണ് അവയവമാറ്റ ശസ്ത്രക്രിയ നാല് മണിക്കൂറോളം വൈകിയതിനെ തുടർന്ന് രോഗി മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വൃക്ക മാറ്റിവെക്കാൻ പ്രവേശിപ്പിച്ച കാരക്കോണം സ്വദേശി സുരേഷ് കുമാർ (62) ആണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.