എറണാകുളം ജനറല്‍ ആശുപത്രിയില്‍ അത്യപൂര്‍വ ശസ്ത്രക്രിയ; ഡോക്ടര്‍മാരെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി
text_fieldsകൊച്ചി: അത്യപൂര്‍വ ശസ്ത്രക്രിയ നടത്തി വാര്‍ത്തകളില്‍ ഇടംപിടിച്ച് എറണാകുളം ജനറല്‍ ആശുപത്രി. ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയാണ് ഇക്കുറി എറണാകുളം ജനറല്‍ ആശുപത്രി വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചത്.
ഹൃദയത്തിന്റെ അയോര്‍ട്ടിക് വാല്‍വ് ചുരുങ്ങിയത് മൂലം മരണാസന്നനായ പെരുമ്പാവൂര്‍ സ്വദേശിയായ 69കാരനാണ് ശനിയാഴ്ച എറണാകുളം ജനറല്‍ ആശുപത്രിയില്‍ വിജയകരമായി ശസ്ത്രക്രിയ നടത്തിയത്. ശ്രീ ചിത്തിര ആശുപത്രി ഉള്‍പ്പെടെ അപൂര്‍വം സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമേ ടി.എ.വി.ആര്‍. ശസ്ത്രക്രിയ (ട്രാന്‍സ്‌കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് റീപ്ലേസ്മെന്‍റ്) ഇതുവരെ ലഭ്യമായിരുന്നുള്ളൂ.
ഇന്ത്യയില്‍ ആദ്യമായാണ് ഒരു ജില്ലതല സര്‍ക്കാര്‍ ആശുപത്രി ഈ നൂതന ചികിത്സരീതി അവലംബിക്കുന്നതെന്ന് നാഷനല്‍ ഹെല്‍ത്ത് മിഷന്‍ എറണാകുളം പ്രോജക്ട് മാനേജര്‍ ഡോ. സജിത് ജോണ്‍ പറഞ്ഞു. നെഞ്ചോ ഹൃദയമോ തുറക്കാതെ കാലിലെ രക്തക്കുഴലില്‍ വളരെ ചെറിയ മുറിവുണ്ടാക്കി അതിലൂടെ കത്തീറ്റര്‍ കടത്തിവിട്ടാണ് വാല്‍വ് മാറ്റിവക്കുന്നത്.
രോഗിയെ പൂര്‍ണമായും മയക്കാതെ ചെറിയൊരളവില്‍ സെഡേഷന്‍ മാത്രം നല്‍കിയാണ് ഓപറേഷന്‍ പൂര്‍ത്തിയാക്കിയത്. രണ്ട് ദിവസത്തിനകം രോഗിക്ക് ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. ആശ കെ. ജോണ്‍ പറഞ്ഞു.
കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ. ആശിഷ് കുമാര്‍, ഡോ. പോള്‍ തോമസ്, ഡോ. വിജോ ജോര്‍ജ്, ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ ഡോ. ജോര്‍ജ് വാളൂരാന്‍, കാര്‍ഡിയാക് അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. ജിയോ പോള്‍, ഡോ. ദിവ്യ ഗോപിനാഥ് എന്നിവര്‍ നേതൃത്വം കൊടുത്ത ശസ്ത്രക്രിയയില്‍ ഡോ. സ്റ്റാന്‍ലി ജോര്‍ജ്, ഡോ. ബിജുമോന്‍, ഡോ. ഗോപകുമാര്‍, ഡോ. ശ്രീജിത് എന്നിവരും പങ്കെടുത്തു. ശസ്ത്രക്രിയയില്‍ പങ്കെടുത്ത എല്ലാ ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.